
കല ബി.
Published: 10 June 2026 കവിത
പുഴമുറിവ്
പുഴ കൊണ്ട് മുറിക്കപ്പെട്ടവരായിരുന്നു
ഞങ്ങൾ
വേനൽക്കാലത്തെ
അത്രയധികം
ഇഷ്ടപ്പെട്ടവർ
മഴക്കാലമായാൽ
കണ്ണു തോരാതെ നനഞ്ഞവർ
നനവിൻ്റെ
എല്ലാ ഉറവകളെയും
ഒറ്റിക്കൊടുത്ത്
സൂര്യനെ വരിക്കാനാഗ്രഹിച്ചവർ.
ജലമൊരു വ്യാജ അതിർത്തിയാക്കി
നിങ്ങൾ അകറ്റിനിർത്തിയവർ.
വെയിലു കാത്തു നിന്ന
നനഞ്ഞ മനുഷ്യരായിരുന്നു ….
മഞ്ഞ് കൊല്ലുന്ന മൃതാത്മക്കൾ
കരയുമ്പോൾ
ചേരിയും കോളനിയും
കാടും വീടും
വിറയ്ക്കുമായിരുന്നു…
അങ്ങനെ, ഞങ്ങൾ
ഗുരുകുലങ്ങൾ
മാറ്റിനിർത്തിയവർ
ഞങ്ങൾ
വെയിലേറ്റ് നിന്നു വാടിയവർ.
ഞങ്ങളുടെ മക്കളെ
തണലിൽ നിന്ന് തള്ളിയിട്ട്
വെയിലിൽ കൊല്ലുന്നു
വെയിലിലിപ്പോൾ
ജയിൽ തെളിയുന്നു
മഴയിപ്പോൾ ഒപ്പാരിയാകുന്നു…
കൊല ആത്മഹത്യയുടെ പുതപ്പണിയുന്നു
മരണമില്ലാത്ത ജനത
തണുത്തു കത്തുന്നു.
പാലമില്ലാത്ത കൊടും പുഴക്കു മീതേ
മരക്കൊമ്പും വള്ളിയും വരിഞ്ഞു കെട്ടി
പുഴയറുത്ത്
മരണ ജലത്തിനൊഴുക്കിനെ
അളന്നളന്ന്
ഭൂമി തുരന്ന്
കാടെന്ന മരക്കൂട്ടങ്ങളെ
മനുഷ്യരെല്ലാരുമൊന്നല്ലെന്ന തിരിച്ചറിവുകൊണ്ട്
പാലത്തിൻ്റെ ജലഭൂപടം
കടലിനും കടരയ്ക്കുമിടയിൽ തളച്ചിടുന്നു.
പാലം ഒഴുക്കാക്കുന്നു
അവർ ഒഴുക്കിനെതിരെ
മരവള്ളികൾ കൊണ്ട്
ഉഞ്ഞാലക്കെട്ടുന്നു…
കരതൊടാൻ വിശപ്പുള്ള മക്കൾ,
ഉയിരെറിഞ്ഞ് പുഴയെ മുറിക്കുന്നു
മരവാഴകൾ മെയ് വഴക്കം തഴക്കം എന്നാർത്തു ചരിത്രം
കുത്തി രചിക്കുന്നു …
അടിമണ്ണിൽ കുരുത്തെഴുന്നേറ്റ
ആയിരങ്ങൾ
അവർക്കൊപ്പം കുതിക്കാനായ്
പുഴമീതേ
മരവള്ളി കൊണ്ടൊരു കിനാപ്പാലം കെട്ടുന്നു….
കിനാവറുത്തെടുത്ത
പുഴയതാ..
പഴേപോലെ
പാലമടർത്തി പാഞ്ഞു പോകുന്നു…

