
ഇസ്മത്ത് ഹുസൈൻ
Published: 10 may 2026 കഥ
ഫണ്ട് ഫണ്ട് ഫോലോ
ലക്ഷദ്വീപിലെ വാമൊഴിക്കഥകൾ – 4
മുളാക് കുരുവ്
ഒരു ദ്വീപിൽ ഒരുമ്മക്കും ബാപ്പക്കും ഏഴ് ആൺമക്കളുണ്ടായിരുന്നു. ഇത്രയും ആങ്ങളമാർക്ക് കൂടി ഒരു സഹോദരിയെ കിട്ടാത്ത സങ്കടത്തിലായിരുന്നു ആ കുടുംബത്തിലുള്ളവർ. അങ്ങനെ നെയ്യും നേർച്ചയും ബെച്ച് ഒരു പെൺ കുഞ്ഞ് പിറന്നു. കുട്ടി ജനിച്ച് വീണ ഉടനെ കയ്യാലയിൽ എഴുന്നേറ്റ് ഇരുന്നു. അൽഭുതം നിറഞ്ഞ പെൺകുട്ടിയെ കിട്ടിയതിൽ ഉമ്മക്കും ബാപ്പക്കും സഹോദരന്മാർക്കും വലിയ സന്തോഷമായിരുന്നു. അവൾ മൂന്നാം നാൾ എഴുന്നേറ്റ് നടക്കാനും വലിയ ആളുകൾ സംസാരിക്കുന്നത് പോലെ സംസാരിക്കാനും തുടങ്ങി. പല ദേശങ്ങളിൽ നിന്നും അദ്ഭുത പെൺകുട്ടിയെ കാണാൻ ആളുകൾ വന്ന് കൊണ്ടിരുന്നു. ‘കുട്ടിക്ക് വേണ്ടി നല്ല പലഹാരങ്ങളും ഭക്ഷണങ്ങളും ഉണ്ടാക്കി ഉമ്മയും ആങ്ങളമാരും കുട്ടിക്ക് കാവലിരുന്നു. രാവിലെ കുട്ടി എഴുന്നേറ്റാൽ കൊടുക്കാനായി ഉമ്മ ഭക്ഷണം ഒരുക്കി കൂടത്ത് (അടുക്കള) ഉറിയിൽ സൂക്ഷിച്ച് വെക്കുമായിരുന്നു. എന്നാൽ രാവിലെ എഴുന്നേറ്റ് നോക്കിയാൽ ആ ഭക്ഷണം അവിടെ ഉണ്ടാവാറില്ല. ഭക്ഷണം ആരോ മോഷ്ടിച്ചിരിക്കുന്നു. ദിവസവും ഇങ്ങനെ ഭക്ഷണം മോഷ്ടിക്കുന്നത് കണ്ടപ്പോൾ അവർക്ക് വലിയ സങ്കടമായി. കള്ളനെ പിടിച്ചിട്ട് തന്നെ കാര്യം. മൂത്ത ആങ്ങള കൂടത്ത് കാവലിരുന്നു. പാതിരാത്രി കഴിഞ്ഞതോടെ അവൻ കിടന്നുറങ്ങാൻ തുടങ്ങി.
അന്നു രാത്രിയും ഭക്ഷണം മോഷ്ടിക്കപ്പെട്ടു. മൂത്ത ജ്യേഷ്ഠൻ മറ്റുള്ളവരുടെ മുഖത്ത് നോക്കാനാവാതെ തലകുനിച്ച് നടന്നു. ആറ് ആങ്ങളമാരും കാവലിരുന്ന് തുടർച്ചയായി പരാജയപ്പെട്ടു. ഏറ്റവും ഇളയവനായ കാക്കാ എന്ന് വിളിക്കുന്ന ആങ്ങളയുടെ ഊഴം വന്നു. അവൻ തീരുമാനിച്ചു. മൂത്ത ആങ്ങളമാർക്ക് സംഭവിച്ചത് പോലെ തനിക്ക് സംഭവിച്ച് കൂടാ. എന്തായാലും ഇന്ന് കള്ളനെ പിടിക്കപെടും. വൈകുന്നേരമായപ്പോൾ തന്നെ നേരെ മൂത്ത ജ്യേഷ്ഠനിൽ നിന്നും ഒരമ്പും വില്ലും വാങ്ങിച്ചെടുത്തു. കുറേ നേരം കടൽത്തീരത്തു ചെന്ന് കൃത്യമായി അമ്പെയ്യാൻ പഠിച്ചു. ബാപ്പാൻ്റെ ചെറിയ മടക്ക് കത്തിയും അടുക്കളയിൽ നിന്നും കുറച്ച് ഉപ്പും സംഘടിപ്പിച്ചു.
അടുക്കളയിൽ മച്ചുമ്പുറത്ത് കയറി കാത്തിരുന്നു. സമയം മെല്ലെ നീങ്ങുകയാണ്. ഉറക്കം കൺപോളകളെ തളർത്തുകയാണ്. താനിപ്പോൾ ഉറങ്ങിയാൽ താനും മറ്റുള്ളവരെ പോലെ ഇളിഭ്യനായി നടക്കേണ്ടിവരും. അതുപാടില്ല. കണ്ണു വലിച്ച് തുറന്ന് അവൻ കാത്തിരുന്നു. കണ്ണുകൾ അടയുകയാണ്. അവൻ മടക്ക് കത്തി എടുത്ത് തുറന്നു. മൂർച്ചയുള്ള കത്തി കാലിലെ പെരുവിരലിൽ വച്ച് വലിച്ചു. വിരല് മുറിഞ്ഞ് ചോര ഒഴുകാൻ തുടങ്ങി. കൈയ്യിൽ കരുതിയിരുന്ന ഉപ്പെടുത്ത് മുറിവിൽ വച്ച് തുണികൊണ്ട് കെട്ടിവെച്ചു. ഉപ്പുവച്ചു കെട്ടിയ മുറിവ് എരിയാൻ തുടങ്ങി. അതോടെ ഉറക്കം പമ്പ കടന്നു. ഉറിയിൽ വെച്ച ഭക്ഷണത്തിൽ കണ്ണും നട്ട് അവനിരുന്നു. പുറത്ത് കടലിൻ്റെ ഇരമ്പലും പൂച്ചകളുടെ കാറികരച്ചിലും കേൾക്കാം. പെട്ടെന്ന് എവിടെന്നോ ഒരു കാൽപ്പെരുമാറ്റം അടുത്തടുത്ത് വരുന്നത് പോലെ. കാലടി ശബ്ദം അടുക്കളയുടെ വാതിലിന് പുറത്ത് വന്ന് നിന്നു. ദൂരെ എവിടെയോ പൂച്ചകൾ കാറിക്കരഞ്ഞ് കൊണ്ടിരിക്കുന്ന ശബ്ദ പശ്ചാത്തലത്തിൽ അടുക്കളയുടെ വാതിലുകൾ തുറക്കപെ ടുകയാണ്. കാക്കാ ഭീതി തിങ്ങിയ മനസോടെ വാതിലിലേക്ക് നോക്കി അമ്പുവില്ലും കുലച്ചിരുന്നു. വാതിൽ കടന്നു വന്ന രൂപം കണ്ട് അവന് തൻ്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അത് അവൻ്റെ കുഞ്ഞ് പെങ്ങളായിരുന്നു. അവൾക്ക് കൈ നീട്ടിയിൽ എത്താത്ത പൊക്കത്തിലായിരുന്നു ഭക്ഷണം വച്ച ഉറി. അവൾ കൂടത്തിലെ പലകകൾ അടുക്കിവെച്ച് കയറി നിന്ന് ഭക്ഷണ പാത്രങ്ങൾ താഴെയിറക്കി, താഴെ ഇരുന്ന് കഴിച്ച് തീർത്തു. കള്ളനെ പിടിച്ചെങ്കിലും ഈ സത്യം പറഞ്ഞാൽ തൻ്റെ കുടുംബത്തിലാരും ഇക്കാര്യം വിശ്വസിക്കില്ല. അതിനൊരു തെളിവ് വേണം. അവൻ അമ്പും വില്ലുമെടുത്ത് ഉത്തം പിടിച്ചു. അവളുടെ തോള് ലക്ഷ്യം വെച്ച് അമ്പ് തൊടുത്തു. കൃത്യമായും അമ്പിൻ്റെ അരച്ച് മൂർച്ച വരുത്തിയ മുന അവളുടെ ദേഹത്തേക്ക് തുളച്ച് കയറി. അവൾ ദേഷ്യത്തോടെ തിരിഞ്ഞ് നോക്കി. ആ നോട്ടം തൻ്റെ കുഞ്ഞ് പെങ്ങളുടെ നോട്ടമല്ലായിരുന്നു. അതൊരു രാക്ഷസ കണ്ണുകളായിട്ടാണ് അവന് അനുഭവപ്പെട്ടത്.
തൻ്റെ കുഞ്ഞ് പെങ്ങളിൽ നിഗൂഢമായ എന്തൊക്കെയോ രഹസ്യങ്ങൾ ഒളിഞ്ഞ് കിടപ്പുണ്ടെന്ന് അവന് മനസിലായി. അവൾ തൻ്റെ തോളിൽ തറച്ച അമ്പ് ഊരിയെടുത്ത് വലിച്ചെറിഞ്ഞു. രൂക്ഷമായി കാക്കാനെ നോക്കി. വലതു കൈവെച്ച് മുറിവ് അമർത്തി തുടച്ചു. അതോടെ മുറിവ് അപ്രത്യക്ഷമായി. വാതിൽ തുറന്ന് പുറത്തിറങ്ങി അവൾ നടന്നു പോയി ഉമ്മാൻ്റെ അടുത്ത് കയറി കിടന്ന് കണ്ണുകളടച്ചു.
കാക്കാ തൻ്റെ മുറിവഴിച്ച് ഉപ്പ് കഴുകി ക്കളഞ്ഞു. താൻ കണ്ട യാഥാർത്ഥ്യം തൻ്റെ സഹോദരന്മാരോ മാതാപിതാക്കളോ വിശ്വസിക്കുമോ എന്ന കാര്യത്തിൽ അവന് സംശയമുണ്ടായിരുന്നു.
നേരം പുലർന്നതോടെ സഹോദരന്മാർ അനുജൻ കാക്കാ പിടിച്ച കള്ളൻ്റെ വിവരമറിയാൻ അവൻ്റെ ചുറ്റും കൂടി. അവൻ താൻ കണ്ട സത്യം അവരോട് പറയാൻ കൂട്ടാക്കിയില്ല. അസർ നിസ്ക്കാരം കഴിഞ്ഞ് വരുമ്പോൾ കാക്കാ തൻ്റെ അനുഭവം ബാപ്പാനോട് പറഞ്ഞു. തൻ്റെ പുന്നാരമോളെക്കുറിച്ച് അങ്ങനെ ഒരു വാർത്ത കേട്ടപ്പോൾ ആ ബാപ്പക്ക് കാക്കാനോടാണ് ദേശ്യം പിടിച്ചുത്. അവൻ അവളെക്കുറിച്ച് ബളുതം പറയുകയാണെന്ന് പറഞ്ഞ് അവനെ ഒരുപാട് ഉപദ്രവിച്ചു. ഇനി വീട്ടിലേക്ക് വരരുത് എന്ന് വിലക്കി. കാക്കാ സത്യസന്ധമായി പറഞ്ഞ കാര്യങ്ങൾ തൻ്റെ പിതാവ് എടുത്ത രീതിയിൽ അവന് വിഷമം തോന്നി. അവൻ കടൽ തീരത്തിരുന്ന് കുറേ കരഞ്ഞു. പിന്നെ ആ ദ്വീപിൽ നിന്നും ദൂരേക്ക് പോവുന്ന ഒരു വാഹനത്തിൽ കയറി നാടുവിട്ടു.
മുളാക് കുരു എന്ന പെൺകുട്ടിയുടെ വളർച്ച അത്ഭുതാവഹമായിരുന്നു. അവൾ ഒരു രാക്ഷസിയായി വളരുകയായിരുന്നു. ആദ്യം ഉപ്പാനെ അവൾ വധിച്ച് ഭക്ഷിച്ചു. പിന്നെയാണ് ഉമ്മാനെ കൊന്നത്. പിന്നീട് ആങ്ങളമാരെ ഒന്നൊന്നായി വധിച്ച് ശാപ്പിട്ടു. അവളുടെ കുടുംബത്തിലെ ആളുകൾ തീർന്നപ്പോൾ അവളുടെ നരഭോജി കണ്ണുകൾ നാട്ടിലേക്കിറങ്ങി നടന്നു.
കുറേ കാലത്തിന് ശേഷം നാടുവിട്ടുപോയ അവളുടെ ആങ്ങള കാക്കാ വർഷങ്ങൾക്ക് ശേഷം തൻ്റെ കുടുംബത്തെ കാണാൻ ആ നാട്ടിലേക്ക് തിരികെ വന്നു. അവൻ തൻ്റെ സ്വന്തം കുതിരപ്പുറത്താണ് വന്നത്. വിജനമായ വഴികളും ആളനക്കമില്ലാത്ത നാട്ടിമ്പുറവും കണ്ട് അവൻ അമ്പരന്നു. അവൻ്റെ വീട് നിൽക്കുന്ന സ്ഥലത്തെത്തിയപ്പോൾ സൗമ്യമായ പുഞ്ചിരിയോടെ തൻ്റെ സഹോദരി മുളാക് കുരുവ് നിൽക്കുന്നത് കണ്ട് അവന് സമാധാനമായി. മുറ്റത്തെ മുറിയിൽ കിടക്ക വിരിച്ച് അവൾ അവനെ സൽക്കരിച്ചു.
“ ഉമ്മായും ബാപ്പായും എല്ലം എവിടേള ?”
“അവയെല്ലം അടുത്ത നാട്ടേക്ക് ഫുവ്വതാഞ്ഞ ‘“
അവൻ അവൾ പറഞ്ഞതും വിശ്വസിച്ച് അവർ വരുന്നതും കാത്ത് മുറ്റത്തെ കയ്യാലയിൽ അവൾ ഒരുക്കിയ കിടക്കയിൽ കിടന്നു.
മുളാക് കുരുവാണെങ്കിൽ മനുഷ്യ രക്തത്തിൻ്റെ മണം പിടിച്ച് തൻ്റെ ആങ്ങളയെ വകവരുത്താനുള്ള അവസരത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.
അവൾ വന്ന് കാക്കാനോട് ചോദിച്ചു.
“കാക്കാ എല്ലാര കുതിരക്കും നാല് കാലുണ്ട്, കാക്കാ കുതിരേക്ക് മൂന്ന് കാലാ കാക്കാ “
കാക്കായിക്ക് അപകടം മണത്തു. കാക്കാ പറഞ്ഞു.
“ അതെ മോളെ, അന്നാ കുതിരേക്ക് മൂന്ന് കാൽതാം”
കുറച്ച് സമയം കഴിഞ്ഞപ്പോൾ മുളാക് കുരു വാതിലിൽ പ്രത്യെക്ഷപ്പെട്ടു.
“ അല്ലാകാക്കാ എല്ലാര കുതിരേക്കും നാല് കാല് കാക്കാ കുതിരേക്ക് രണ്ട് കാലാ”
“ ഓ മോളേ നന്നാ കുതിരേക്ക് രണ്ട് കാൽ താം.”
അവൾ അകത്തേക്ക് പോയി. കാക്കാ മെല്ലെ എഴുന്നേറ്റ് ഒളിഞ്ഞ് നിന്ന് അടുക്കളയിലേക്ക് നോക്കി.
വലിയൊരു ചെമ്പ്, ചെമ്പ് നിറയെ നെയ്യ് ഒഴിച്ച് തിളച്ച് മറിയുന്നു. തൻ്റെ കുതിരയുടെ ഒരു കാല് നെയ്യിൽ പൊരിയുകയാണ്. ഒരു മനുഷ്യനെ മുഴുവനായും പൊരിച്ചെടുക്കാൻ അത്ര വലിപ്പമുള്ള ചെമ്പായിരുന്നു അത്. കാക്കക്ക് കാര്യങ്ങൾ മനസിലായി. ഏത് സമയവും താൻ ആക്രമിക്കപ്പെടുമെന്ന് അവന് മനസിലായി. കാക്കാ ഉടനെ ചകിരിച്ചോറ് നിറച്ച് തൻ്റെ കോലത്തിൽ ഒരു രൂപത്തെ ഉണ്ടാക്കി. കിടക്കയ്ക്ക് മുകളിൽ കിടത്തി. അവൻ അവസരത്തിന് വേണ്ടി കാത്തിരുന്നു. അപ്പോൾ മുളാക് കുരു വാതിലിൽ പ്രത്യക്ഷപ്പെട്ടു.
“കാക്കാ കാക്കാ എല്ലാര കുതിരേക്കും നാല് കാൽ ഉണ്ട്, കാക്കാ കുതിരേക്ക് ഉര് കാലാ?”
“ ഓ മോളേ നന്നാ കുതിരേക്ക് ഉര് കാൽ താം “
അവൾ അടുക്കളയിലേക്ക് പോയി. കാക്കാ ആ അവസരം ഉപയോഗിച്ചു. പെട്ടെന്ന് പുറത്തിറങ്ങി, മുളക് കുരുവിൻ്റെ കറുത്ത കുതിരപ്പുറത്തേക്ക് ചാടിക്കയറി, ഓടിച്ചു.
കുതിരയുടെ അവസാനത്തെ കാലും തിന്ന് തീർത്തിട്ടും മുളാക്കുരുവ് എന്ന രാക്ഷസി പെണ്ണിന് വിശപ്പ് അടങ്ങിയില്ല. മനുഷ്യ രക്തം കുടിച്ച് മാംസം തിന്നാനുള്ള ആഗ്രഹവും മായി കാക്ക കിടന്ന കയ്യാലക്കടുത്തെത്തി. കാക്കാ പുതപ്പിനുള്ളിൽ കിടക്കുന്നത് കണ്ട് അവൾക്ക് സന്തോഷം തോന്നി. അവൾ സൂഷ്മമായ ചുവടുകൾ വെച്ച് അടുത്തേക്ക് ചെന്നു. തൻ്റെ വായ തുറന്ന് കാക്കാൻ്റെ കഴുത്തിലേക്ക് കടിച്ചു. പെട്ടെന്ന് ഉണങ്ങിയ ചകിരിച്ചോർ രാക്ഷസിയുടെ വായിലും മൂക്കിലേക്കും കയറി അവൾ തുമ്മാൻ തുടങ്ങി. തന്നെ ചതിച്ച് കടന്നുകളഞ്ഞ കാക്കാനെ പിടിക്കാനായി ദേഷ്യത്തോടെ അവൾ പുറത്തേക്ക് ഓടി. അപ്പോഴേക്കും അവിടെയുണ്ടായിരുന്ന വലിയ കടൽപ്പാലവും കടന്ന് ദൂരെ പാറുന്ന ഒരു കൊടിയുടെ നേരിയ കാഴ്ചയിൽ കാക്കാ ഓടിച്ചാൽ എത്താത്ത ദൂരം പിന്നിട്ടിരുന്നു.

