
ഷൂബ. കെ. എസ്.
Published: 10 august 2026 മുന്നുര
പ്രണയത്തിന്റെ ഭൂമിശാസ്ത്രം, കവിതയുടെയും.
ഗാഥാസപ്തശതിയിലെ “പ്രണയനോട്ട”ത്തെക്കുറിച്ച്
കവിത സവിശേഷമായ ഭൗമനിരീക്ഷണമാണ്. വരമ്പിൽ നിന്നും വയലിനെ നോക്കുന്നതല്ല, വയലിൽ നിന്നും നോക്കുന്നതാണ് കവിത. കല സവിശേഷമായ നോട്ടമല്ലാതെ മറ്റൊന്നുമല്ല. സൂര്യാസ്തമയത്തെ ഭൂമി ശാസ്ത്രമറിയാവുന്ന ഭാരവിയും എഴുത്തച്ഛനുമൊക്കെ വർണ്ണിച്ചിട്ടുണ്ടെങ്കിലും
“നേരം പോയ് നേരം പോയ്
പൂക്കൈത മറപറ്റി
കാലം കോഴി കൊളക്കോഴി
തത്തി തത്തി ചാടുന്നേ!”
എന്നു തുടങ്ങുന്ന നാടൻപാട്ട് മനോഹര കവിതയാകുന്നതിന് കാരണം കെ.പി. കറുപ്പൻ ചൂണ്ടി കാട്ടുന്നുണ്ട്. സൂര്യാസ്തമയത്തെ പൂക്കൈത മറപറ്റി മുങ്ങാങ്കോഴി തത്തി തത്തി കളിക്കുന്നതായി വർണ്ണിക്കണമെങ്കിൽ കേവലമായ ഭൂമിശാസ്ത്ര നിരീക്ഷണം മതിയാകില്ല. അതുവരമ്പിൽ നിൽക്കുന്ന കാഴ്ചയല്ല. പാടത്ത് കുനിഞ്ഞു നിന്നു കൊയ്യുന്നവർക്കു മാത്രമേ പൂക്കൈതയുടെ മറപറ്റി കുളക്കോഴി ചാടുന്നതായി സൂര്യാസ്തമയത്തെ കാണാൻ കഴിയു. അവർക്കു മാത്രമേ “അരമുറിക്കരിക്കും തന്നേ
കൊല്ലാക്കൊല ചെയ്യീണേ!
അരത്തൊണ്ടു കള്ളും തന്നേ കൊല്ലാക്കൊല ചെയ്യീണേ! ” എന്നു പാടാനും കഴിയൂ.
പ്രണയവും പുതിയ വീക്ഷണകോണുകളുടെ നിർമ്മിതിയാണ്. ഭൂമിയെയും മനുഷ്യരെയും നോക്കാൻ പുതിയ ആംഗിളുകൾ കണ്ടു പിടിക്കുന്ന പ്രവർത്തനമാണ് പ്രണയം. ഒരാളിൻ്റെ മുഖത്തിൽ നിന്നും മനസ്സിൽ നിന്നും തനിക്കു മാത്രം സൃഷ്ടിക്കാവുന്ന ഒരു നോട്ടത്തിൻ്റെ കണ്ടുപിടിത്തമാണ് പ്രണയം. അതു ഭൂമിയെ നോക്കാനുള്ള പുതിയ കണ്ണുകളെയും നല്കുന്നു. അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും അധികാരം കൊണ്ട് ശിക്ഷിക്കപ്പെട്ടവരാണ് നാം. മുകളിൽ നിന്നുമുള്ള നോട്ടങ്ങളുടെ സമാഹാരത്തെയാണ് നാം ജീവിതമെന്നും പ്രണയമെന്നും കവിതയെന്നും തെറ്റിദ്ധരിക്കുന്നത്. കെട്ടിക്കിടക്കുന്ന അനുഭവങ്ങൾക്കും കെട്ടിക്കിടക്കുന്ന സമ്പത്തിനും മീതെ നിന്നുള്ള നോട്ടങ്ങളല്ല, അതിനെ തകർക്കുന്ന തൊഴിലിടനോട്ടങ്ങളാണ് പ്രണയവും കവിതയും. കൈതച്ചെടിയുടെ മറയിലൂടെ മറഞ്ഞു പോകുന്ന സമയസൂര്യനാകുന്ന കുളക്കോഴിയെ കാണണമെങ്കിൽ കുനിഞ്ഞു നിന്നു പാടത്തു കൊയ്യുന്ന,മേൽ പറഞ്ഞ തൊഴിലിടനോട്ടത്തിനു മാത്രമേ കഴിയൂ. സമയവും സമ്പത്തും കെട്ടിക്കിടക്കുന്ന രാജകീയ(മുതലാളിത്ത)നഗരങ്ങളുടെയോ ആശ്രമ(സൈബർ)ഗിരിശൃംഗങ്ങളുടെയോ മുകളിൽ നിന്നുള്ള നോട്ടമല്ല പ്രണയവും കവിതയും. കാളിദാസൻ്റെ ദുഷ്യന്തൻ വില്ലു കുലയ്ക്കുമ്പോൾ തറയിൽ തൊടാതെ ഓടുന്ന മാൻ ഭയന്നു കഴുത്തു തിരിഞ്ഞു നോക്കുന്നുണ്ട്. തേരിൽ നിന്നുമുള്ള ആ നോട്ടത്തിൽ,വീക്ഷണകോണിൽ പിടയുന്ന മാനിൻ്റെ കഴുത്ത് മനോഹരമാണെന്ന് കവി പറയുന്നു.(ഗ്രീവാഭംഗാഭിരാമം… എന്നു തുടങ്ങുന്ന ശ്ലോകം) വ്യാജമുള്ള് കൊണ്ട് ശകുന്തളയും തിരിഞ്ഞു നോക്കുന്നുണ്ട്.(“അനോ പദേ പദേ സ്ഖലതി… ദർഭാങ്കുരേണ ചരണഃ…) അധീശ നോട്ടത്തിൻ്റെ സൗന്ദര്യമാണവ.എന്നാൽ ആ നോട്ടത്തിൽ അമ്പേറ്റ് പിടയുന്നവരുടെ വിപരീത നോട്ടങ്ങളാണ് പ്രണയവും ജീവിതവും എന്നു പറയാനാണ് കാളിദാസൻ ഈ ദൃശ്യങ്ങൾ ചേർത്തു വയ്ക്കുന്നത്. രാജകീയനോട്ടവും ആശ്രമനോട്ടവുമല്ല പ്രണയവും ജീവിതവും. കൊട്ടാരത്തിലും സാങ്കല്പിക വനപ്രദേശങ്ങളിലുമല്ല ജീവിതം. അവിടെ വച്ച് പ്രണയവും ജീവിതവും മറന്നു പോകുന്നു. സമയവും അനുഭവങ്ങളും നിശ്ചലമായി കെട്ടിക്കിടക്കുന്ന ആശ്രമത്തിനും,സമ്പത്തും അനുഭവങ്ങളും കെട്ടിക്കിടക്കുന്ന ഹസ്തിനപുരി നഗരത്തിനുമിടയിൽ പ്രണയം നഷ്ടപ്പെട്ടു പോകുന്നു. മുക്കുവൻ്റെ തൊഴിലിടമാണ് പ്രണയത്തെ വീണ്ടെടുക്കുന്നത്. രാജകീയ നഗരങ്ങളിലും പുരോഹിത ആശ്രമങ്ങളിലും നഷ്ടപ്പെട്ടു പോയ പ്രണയങ്ങളുടെയും പ്രണയനോട്ടങ്ങളുടെയും സമാഹരണമാണ് കാളിദാസൻ്റെ മേഘം. പ്രണയത്തെ കുഴിച്ചുമൂടി നിശ്ചലമേഘം പോലെ ഘനീഭവിച്ചു പോയ പുണ്യനദികൾ അതിൻ്റെ ഒഴുക്കിനെ വീണ്ടെടുക്കുകയും അതിൻ്റെ ആഴങ്ങളിൽ താഴ്ന്നു പോയ പ്രണയത്തിൻ്റെ അടയാളങ്ങളെ ദൃശ്യമാക്കുകയും ചെയ്യുന്ന പ്രവർത്തനമാണ് മേഘസന്ദേശത്തിൽ. അതുകൊണ്ടാണ് കാളിദാസൻ്റെ മേഘം നദി പോലെ വളഞ്ഞുപുളഞ്ഞു സഞ്ചരിക്കുന്നത്. മേഘത്തിൻ്റേത് ആകാശ നോട്ടമല്ല. ശരീരം മണ്ണിൽ തൊട്ട് സഞ്ചരിക്കുന്ന ഉരഗത്തിൻ്റെ നോട്ടമാണ്. ആകാശനോട്ടങ്ങളെ മണ്ണിൽ നിന്നുമുള്ള നോട്ടമാക്കി പരിവർത്തിപ്പിക്കുകയാണ്. നാഗ്പൂരിലെ രാമഗിരിയിൽ നിന്നും ടിബറ്റ് – ചൈനാ അതിർത്തി മേഘലയിൽ എത്താനുള്ള ആകാശദൂരത്തേക്കാൾ എത്രയോ കൂടുതലാണ് മധ്യപ്രദേശിലെ ഉജ്ജയിനി വഴിയുള്ള മേഘയാത്ര. എന്നാൽ പട്ടണത്തെയും ആശ്രമത്തെയും കടന്നു പോകുന്ന സർപ്പിളഭൗമസഞ്ചാരം പ്രണയ സമാഗമത്തിന് അനിവാര്യമായി മാറുന്നു. ഉത്പാദനത്തിനായി മേഘത്തെ വിടർന്ന കണ്ണുകളോടെ നോക്കുന്ന കർഷകസ്ത്രീകളുടെ തൊഴിലിടനോട്ടം അധീശ ആകാശനോട്ടങ്ങളുടെ വിപരീതമാണ്.
ഈ നോട്ടങ്ങളുടെ കൂടുതൽ മെച്ചപ്പെട്ട വലിയ സമാഹാരമാണ് പ്രാകൃത ഭാഷയിൽ എഴുതപ്പെട്ട ഗാഥാസപ്തശതിയിലെ പ്രണയകവിതകൾ.ഗാഥാസപ്തശതി പ്രാകൃത ഭാഷയിലെ ഏറ്റവും പ്രശസ്തവും പ്രാചീനവുമായ ഒരു മുക്തക കാവ്യസമാഹാരമാണ്. ബി.സി.ഇ. ഒന്നും സി.ഇ. മൂന്നും നൂറ്റാണ്ടുകൾക്കിടയിൽ ജീവിച്ചിരുന്ന സാതവാഹന രാജാവായ ഹാലനാണ് ഇത് സമാഹരിച്ചത്.സപ്തശതി എന്നാൽ എഴുന്നൂറ് എന്നാണ് അർത്ഥം. ആര്യ വൃത്തത്തിൽ രചിക്കപ്പെട്ട 700 മുക്തകങ്ങൾ ഇതിലുണ്ട്.പ്രാകൃത ഭാഷയുടെ വകഭേദമായ മഹാരാഷ്ട്രി പ്രാകൃതത്തിലാണ് (Maharashtri Prakrit) ഇത് രചിക്കപ്പെട്ടിരിക്കുന്നത്.പ്രധാന വിഷയം പ്രണയമാണ്. സാധാരണ മനുഷ്യരുടെ പ്രേമബന്ധങ്ങളും വികാരവിചാരങ്ങളുമാണ് ഇതിൽ പ്രതിഫലിക്കുന്നത്.കൊട്ടാരകേന്ദ്രീകൃതമായ കാവ്യങ്ങൾക്ക് വിപരീതമായി, അക്കാലത്തെ ദക്ഷിണേന്ത്യൻ ഗ്രാമീണ ജീവിതത്തിന്റെയും കർഷകരുടെ ദൈനംദിന അനുഭവങ്ങളുടെയും യഥാതഥമായ ചിത്രീകരണം ഇതിൽ കാണാം.സമാഹാരത്തിലെ പല ഗാഥകളും രചിച്ചിരിക്കുന്നത് സ്ത്രീകളാണ് (ഉദാഹരണത്തിന്: രേവ, രോഹ, അനുലക്ഷ്മി തുടങ്ങിയ കവയിത്രികൾ).പുരാതന ദക്ഷിണാപഥത്തിന്റെ (ദക്ഷിണേന്ത്യ/ഡക്കാൺ പീഠഭൂമി) പ്രകൃതിയെയും ഗ്രാമീണ ഭൂപ്രകൃതിയെയും കൃത്യമായി അടയാളപ്പെടുത്തുന്ന ഒന്നാണ്. സാതവാഹന സാമ്രാജ്യത്തിന്റെ ഹൃദയഭൂമിയായ ഗോദാവരി തടവും അതിനോട് ചേർന്നുള്ള പ്രദേശങ്ങളുമാണ് ഇതിൽ പ്രധാന പശ്ചാത്തലമായി വരുന്നത്.ഡക്കാൺ പീഠഭൂമിയുടെ വടക്കൻ അതിർത്തികൾ നിശ്ചയിക്കുന്ന നർമ്മദയുടെയും (രേവ) തപതിയുടെയും പരാമർശങ്ങൾ കാവ്യത്തിലുണ്ട്. വടക്കേഇന്ത്യയെയും തെക്കേ ഇന്ത്യയെയും വേർതിരിക്കുന്ന വിന്ധ്യപർവ്വത നിരകളും അതിലെ കാടുകളും കൃതിയിൽ ആവർത്തിച്ചു വരുന്നു. വേടന്മാരുടെയും (ശബരന്മാർ) വനവാസികളുടെയും ജീവിതം വിവരിക്കുമ്പോൾ വിന്ധ്യവനങ്ങളാണ് പശ്ചാത്തലം. ഡക്കാണിന്റെ പടിഞ്ഞാറൻ അതിർത്തിയായ പശ്ചിമഘട്ട മലനിരകളുടെ, സഹ്യാദ്രി (Western Ghats) മലനിരകളുടെ സാന്നിധ്യവും ഗാഥകളിൽ പ്രകടമാണ്.കരിമ്പിൻ തോട്ടങ്ങൾ, എള്ളിൻ പാടങ്ങൾ, പരുത്തിപ്പാടങ്ങൾ, കടുക് പാടങ്ങൾ എന്നിവ കവികൾ സജീവമായി വർണ്ണിക്കുന്നു.ഗ്രാമപ്രവേശന കവാടങ്ങൾ, പൊതു കിണറുകൾ, കുളങ്ങൾ, കാളവണ്ടികൾ പോകുന്ന പാതകൾ എന്നിവ അന്നത്തെ ഡക്കാൺ ഗ്രാമങ്ങളുടെ ഭൂമിശാസ്ത്രപരമായ ഘടന വ്യക്തമാക്കുന്നു.മരുതു, മനോഹരമായ മഞ്ഞപ്പൂക്കളുള്ള കൊന്ന (കർണ്ണികാരം), തെച്ചി (ബന്ധൂകം), വേപ്പ്, ഇലഞ്ഞി, നെല്ലി തുടങ്ങിയ തെക്കേ ഇന്ത്യൻ സസ്യങ്ങളാണ് ശ്ലോകങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.ഡക്കാൺ പീഠഭൂമിയിലെ രൂക്ഷമായ വേനലും, അതിനുശേഷമെത്തുന്ന വർഷകാലവും (മഴക്കാലം) പ്രേമവികാരങ്ങളുമായി ബന്ധപ്പെടുത്തി ചിത്രീകരിച്ചിരിക്കുന്നു. മറ്റ് കൃതികളിൽ കാണാത്തവിധമുള്ള ഭൂപ്രകൃതിയുടെ ദൃശ്യതയും തൊഴിലിട നോട്ടവും ഇതിൽ കാണാം.
അതായത് സംസ്കൃത നോട്ടങ്ങളെക്കാൾ കൂടുതൽ ജനപക്ഷമാണ് ഈ കൃതിയിലെ പ്രാകൃതപ്രണയനോട്ടങ്ങൾ.
ഒരു ശ്ലോകം ഇങ്ങനെ ഗദ്യ വിവർത്തനം ചെയ്യാം:
“പാടത്തേയും പറമ്പിലേയും തൊഴിൽ നേരങ്ങൾ
കൈമാറുന്ന കള്ളനോട്ടങ്ങൾ;
ഗ്രാമത്തിലെ ഏറ്റവും നല്ല ചിത്രം “
(കൊയ്ത്തു നിർത്തിയിടയ്ക്കിടക്കെന്നെ
യെത്തിനോക്കുമേതാളുടെ കൺകൾ – എന്ന ‘കന്നിക്കൊയ്ത്തി’ലെ വൈലോപ്പിള്ളിയുടെ വരികൾ ഓർക്കുക)
തൊഴിലിടവും തൊഴിൽനേരവും പ്രണയസ്ഥലവും പ്രണയസമയവുമായി ഇവിടെ മാറുന്നു. മണ്ണിൻ്റെ ചരിത്രത്തോടും തൊഴിൽ ചരിത്രത്തോടും ഈ കവിതകൾ അത്രയേറെ ബന്ധപ്പെട്ടുകിടക്കുന്നു.
ഗാഥാസപ്തശതിയിലെ ഭൗമീയ അന്തരീക്ഷം മനസ്സിലാക്കുന്നതിന് ഡെക്കാൻ പീഠഭൂമിയുടെയും അതിനോട് ചേർന്നുകിടക്കുന്ന വിന്ധ്യാ പർവ്വതസംവിധാനങ്ങളുടെയും ഭൂഗർഭശാസ്ത്രപരമായ സവിശേഷതകൾ അറിയേണ്ടതുണ്ട്. ഭൂഗർഭശാസ്ത്രപരമായി 1.6 ശതകോടി വർഷത്തിലധികം പഴക്കമുള്ള അവസാദ ശിലകളാൽ (sedimentary rocks) നിർമ്മിതമായ വിന്ധ്യാ പർവ്വതനിരകൾ ഉത്തരേന്ത്യൻ സമതലങ്ങളെയും ദക്ഷിണേന്ത്യൻ പീഠഭൂമിയെയും വേർതിരിക്കുന്ന പരമ്പരാഗത സ്വാഭാവിക അതിർത്തിയായി നിലകൊള്ളുന്നു. വരണ്ട ഇലപൊഴിയും വനങ്ങളും, തേക്ക്, ഈട്ടി, മുള തുടങ്ങിയ വൃക്ഷങ്ങളും നിറഞ്ഞ ഈ പ്രദേശം പ്രാകൃത ഗാഥകളിൽ വിരഹത്തിന്റെയും നിഗൂഢമായ അനുരാഗത്തിന്റെയും പശ്ചാത്തലമായി പ്രത്യക്ഷപ്പെടുന്നു.മറുഭാഗത്ത്, ഡെക്കാന്റെ ജീവനാഡിയായ ഗോദാവരി നദി കേവലം ഒരു ജലാശയമല്ല, മറിച്ച് അനുരാഗത്തിന്റെയും ലൈംഗിക കാമനകളുടെയും പ്രവാഹമായിത്തീരുന്നു. വിന്ധ്യൻ നിരകളിൽ നിന്ന് ഉത്ഭവിച്ച് ബംഗാൾ ഉൾക്കടലിലേക്ക് ഒഴുകുന്ന ഗോദാവരിയുടെ തീരങ്ങളും, വള്ളികൾ പടർന്നുപന്തലിച്ച ലതാമണ്ഡപങ്ങളും മഹുവാ വൃക്ഷങ്ങളും കമിതാക്കളുടെ സങ്കേതങ്ങളായി മാറുന്നു. ഈ ഭൗതിക പരിസരം കൃതിയിലെ വൈകാരികാവസ്ഥകളെ നിശ്ചയിക്കുന്ന പ്രധാന ഘടകമായി വർത്തിക്കുന്നു.
ഡെക്കാൻ പീഠഭൂമിയിലെ ഫലഭൂയിഷ്ഠമായ കറുത്ത പരുത്തിമണ്ണിലും എക്കൽമണ്ണിലും പണിയെടുക്കുന്ന കർഷകരുടെ (ഹലികൻ / പാമരൻ) ജീവിതവും കാർഷിക വിളവെടുപ്പുകളും പ്രമേയമാകുന്ന വരികൾ ധാരാളമുണ്ട്. ചില ശ്ലോകങ്ങൾ ഇങ്ങനെയാണ്:
ഭാര്യയുടെ മരണത്തിൽ ദുഃഖിക്കുന്ന കർഷകൻ [ശ്ലോകം: 43]
സ്വന്തം ജീവിതപങ്കാളിയുടെ വേർപാടിൽ ഉരുകുന്ന കർഷകൻ ശൂന്യമായ വീട്ടിലേക്ക് കയറിച്ചെല്ലാൻ മടിച്ച് വയലിൽ തന്നെ സമയം കളയുന്ന ഭാവം:
“തന്റെ പ്രിയതമയുടെ മരണത്തോടെ
വെറും ശൂന്യമായിപ്പോയ ആ വീട്ടിലേക്ക് മടങ്ങാൻ മടിച്ച്,
കയ്യിൽ പണിയൊന്നുമില്ലാഞ്ഞിട്ടും
ആ കർഷകൻ പാടത്തുതന്നെ സമയം പോക്കുകയാണ്!”
പരുത്തിപ്പാടവും പ്രണയവും [ശ്ലോകം: 165 / 693]
പരുത്തി (Cotton), കടുക്, എള്ള് (Sesame) എന്നിവയുടെ വിളവെടുപ്പ് കാലങ്ങൾ പ്രണയിതാക്കളുടെ രഹസ്യസമാഗമ വേദിയായി മാറുന്ന രംഗം:
“പൂത്തുനിൽക്കുന്ന പരുത്തിച്ചെടികൾക്കിടയിലൂടെ
അവൾ നടന്നുപോകുമ്പോൾ അവളുടെ കയ്യിലെ വളകൾ കിലുങ്ങി;
കാറ്റിൽ ഉലയുന്ന ആ പരുത്തിക്കാട്
അവരുടെ രഹസ്യ പ്രണയത്തിന്റെ നിശബ്ദ സാക്ഷിയായി മാറി!”
ഗോദാവരിയിലെ മണ്ണൊലിപ്പും ആലിംഗനവും [ശ്ലോകം: 5]
കുത്തിയൊഴുകുന്ന ഗോദാവരിയുടെ ശക്തമായ ഒഴുക്കിൽ നദീതീരത്തെ മണ്ണൊലിപ്പ് കാരണം ഇടിഞ്ഞു വീഴാറായ കുത്തനെയുള്ള ഇറക്കത്തിൽ കാലിടറി വീഴാൻ പോകുന്ന പ്രണയിനി:
‘’ഗോദാവരീതീരത്തെ കുത്തനെയുള്ള ഇറക്കം,
അബദ്ധത്തിൽ കാലിടറിയപ്പോൾ
രക്ഷപ്പെടാനെന്ന വ്യാജേന
അവൾ അവന്റെ മാറോടു ചേർന്നു;
അവളുടെ പരിഭ്രമം കണ്ട കാരുണ്യത്താൽ അവനും അവളെ കെട്ടിപ്പുണർന്നു,
അതിൽ അവൻ തീർത്തും നിർദ്ദോഷിയാണ്!”
ചളിയിൽ പൂണ്ട ബലഹീനയായ പശു [ശ്ലോകം: 4]
മഴക്കാലത്തെ കളിമൺ പ്രദേശങ്ങളിൽ രൂപപ്പെടുന്ന ചെളിയിലേക്ക് കാല് താഴ്ന്നുപോകുന്ന പശുവിന്റെ ചിത്രം ഭൗമശാസ്ത്രപരമായ മൺഘടനയുടെ (Soil texture) കൃത്യമായ അടയാളപ്പെടുത്തലാണ്:
“അവളുടെ സൗന്ദര്യത്തിൽ തങ്ങിനിൽക്കുന്ന
കണ്ണു മാറ്റാൻ കഴിയുന്നില്ല;
മഴക്കാലചെളിയിൽ
പാവം പശു
ആണ്ടു പോയ കാൽ പുറത്തെടുക്കാൻ
കഴിയാതെ നിൽക്കുംപോലെ “
ഇവിടെയെല്ലാം കാവ്യനോട്ടവും അനുരാഗ നോട്ടവും ആഢ്യ ചരിതങ്ങളിലെ ഭൂപ്രദേശങ്ങൾക്കപ്പുറത്തേക്കും ഭൗമ ചരിത്രത്തിലേക്കും പ്രണയചരിത്രത്തിലേക്കും സഞ്ചരിക്കുന്നു. സമയവും അനുഭവങ്ങളും കെട്ടിക്കിടക്കുന്ന കൊട്ടാരങ്ങൾക്കും ആശ്രമങ്ങൾക്കും അപ്പുറത്ത് കളിമൺ ചളികൾ നിറഞ്ഞ തൊഴിലിടങ്ങളും മണ്ണൊലിപ്പു കൊണ്ട് വിണ്ടു പോയ നദീതടങ്ങളും ദൃശ്യമാക്കുകയാണ് ഈ ഗ്രാമീണ കവികളുടെ പ്രണയഗീതികൾ.സൂര്യാസ്തമയത്തെ കണ്ട് “നേരം പോയ് നേരം പോയ്, പൂക്കൈത മറപറ്റി…” എന്ന് പാടുന്ന നാടൻപാട്ടിലെ നോട്ടമാണ് ഗാഥാസപ്തശതിയിലെ പല ശ്ലോകങ്ങളും ഓർമ്മിപ്പിക്കുന്നത്. ഭൂമിയെ മേലേനിന്നു കാണുന്ന അധീശത്വത്തിന്റെ ‘ആകാശനോട്ടങ്ങളെ’ (Aerial Gaze), മണ്ണിൽ ചുവടുറപ്പിച്ചുനിന്ന് കാണുന്ന ‘സർപ്പിള ഭൗമനോട്ടങ്ങളാക്കി’ (Terrestrial Gaze) മാറ്റുപ്പോഴാണ് അതു കവിതയായി മാറുന്നത്.കെട്ടിക്കിടക്കുന്ന സമ്പത്തിന്റെയും അധികാരത്തിന്റെയും ആശ്രമങ്ങളിലും കൊട്ടാരങ്ങളിലും നഷ്ടപ്പെട്ടുപോകുന്ന പ്രണയത്തെ, മീൻപിടിക്കുന്ന മുക്കുവന്റെ തൊഴിലിടത്തിലും കർഷകന്റെ പാടത്തും തിരിച്ചെത്തിക്കുകയാണ് ഇത്തരം പ്രണയഗാഥകൾ. മുതലാളിത്ത വികസനത്തിൻ്റെ ഉയരങ്ങളിലും സൈബർ ആത്മീയ ഗിരിശൃംഗങ്ങളിലും നിശ്ചലമായി പോകുന്ന, ഡേറ്റിംഗ് ആപ്പുകളിൽ ശ്വാസം മുട്ടി നിലവിളിക്കുന്ന, പ്രണയത്തിൻ്റെ മേഘരൂപങ്ങൾ ഭൂമിയെ മുട്ടിവിളിക്കുകയാണ് ഇന്ന് വായനയ്ക്കെടുക്കുന്ന, ഗാഥാസപ്തശതിയിലെ വരികൾ.

ഡോ. ഷൂബ കെ.എസ്സ്.
പ്രൊഫസർ, മലയാള വിഭാഗം, എസ്.എൻ.ജി.എസ്സ് കോളേജ്, പട്ടാമ്പി
