ഇസ്മത്ത് ഹുസൈൻ

Published: 10 August 2026 കഥ

ഫണ്ട് ഫണ്ട് ഫോലോ
ലക്ഷദ്വീപിലെ വാമൊഴിക്കഥകൾ – 7

ഓമനപ്പൂവ്

ലക്ഷദ്വീപ് സമൂഹത്തിലെ വടക്കൻ ദ്വീപുകളുടെ തലസ്ഥാനമായിരുന്നു അമിനി ദ്വീപ്. അറക്കൽ രാജകുടുംബം ലക്ഷദ്വീപ് ഭരിക്കുന്ന കാലത്ത് പുറക്കാട് എന്ന വീട്ടിൽ അതിസുന്ദരിയായ ഒരു പെൺകുട്ടി പിറന്നു. കുട്ടിക്ക് ഓമനപ്പൂവ് എന്ന് പേര് വിളിച്ചു. വളർന്നു വരികെ കുട്ടിയെ ആ ദ്വീപിലെ ചെറുപ്പക്കാർ എല്ലാരും ഇഷ്ടം വെക്കാൻ തുടങ്ങി. എന്നാൽ അവൾക്ക് ബിയ്യാമ്മാട കുട്ടിത്തറവായോടായിരുന്നു ഇഷ്ടം. അങ്ങിനെ ആ പ്രണയം സാക്ഷാൽക്കരിക്കപ്പെട്ടു. കുട്ടിത്തറവാ ഓമനപ്പൂവിനെ വിവാഹം കഴിച്ചു.

         ആ സമയത്താണ് ലക്ഷദ്വീപുകൾ ഭരിച്ചിരുന്ന കണ്ണൂർ അറക്കൽ ആദി രാജാവിൻ്റെ ഭാര്യ മരണപ്പെടുന്നത്. രാജാവിന് ഒരു ഭാര്യയെ വേണമായിരുന്നു. പല ദേശത്തേക്കും രാജാവിന് പറ്റിയ ഒരു സുന്ദരിയായ സ്ത്രീയെ തേടി രാജ ഉദ്യോഗസ്തർ യാത്ര പുറപ്പെട്ടു. പല സ്ത്രീകളേയും കണ്ടെത്തിയെങ്കിലും രാജാവിന് യോജിച്ച ഒരു സ്ത്രീയും ശ്രദ്ധയിൽ വന്നില്ല. അവസാനം കടൽ മാർഗം യാത്ര ചെയ്തവരാണ് അമ്മേനി പുറക്കാട്ടകത്തെ സുന്ദരിയായ ഓമനപ്പു വിൻ്റെ വിവരം രാജസന്നിഥിയിൽ അറിയി ക്കുന്നത്.

          ഓമനപ്പൂവിൻ്റെ വിവരമറിഞ്ഞ രാജാവ് അവളെ തൻ്റെ ഭാര്യയാകാൻ ക്ഷണിച്ച് കൊണ്ട് അമിനിയിലെ കാര്യക്കാരന് ഒരു കത്ത് കൊടുത്തയച്ചു. കത്ത് വായിച്ച കാര്യക്കാരൻ ആ കത്ത് ഓമനപ്പൂവിൻ്റെ ഭർത്താവും കച്ചേരി കാരണവരുമായ കുട്ടിത്തറവായിക്ക് കൈമാറി. വളരെ ചെറിയ പ്രായത്തിൽ തന്നെ കച്ചേരി കാരണവരായ ആളായിരുന്നു കുട്ടിത്തറവ. കത്ത് വായിച്ച കുട്ടിത്തറവാ സങ്കടത്തോടെ പുറക്കാട്ടേക്ക് പോയി. കത്തുമായി വന്ന കൊട്ടാര ഉദ്യോഗസ്‌തന്മാർ പുറക്കാട്ടെ വിവരമറിയാൻ അങ്ങോട്ട് ചെന്നു.

       “ഞാനങ്ങിനെ ഒരു ഫുവിന ഫെറ്റേയും ഇല്ല , പൂവെന്ന് ശൊല്ലിണ്ട കോളിയും ഇല്ല, ഫുവെന്ന് ശൊല്ലിണ്ട പൂച്ചയും ഇല്ല” എന്നൊക്കെ അവർ കളവ് പറഞ്ഞു. രാജ പത്‌നിയാവാൻ ഓമനപ്പൂവിനെ വിട്ട് കൊടുക്കാൻ പുറക്കാട്ടുകാരോ കുട്ടിത്തറവായോ തയ്യാറല്ലെന്ന് മനസിലാക്കിയ രാജാ വിൻ്റെ ആളുകൾ തിരികെ പോയി രാജാവിനെ വിവരമറിയിച്ചു. രാജാവിന് ദേഷ്യം പിടിച്ചു. ഏകാധിപതിയായ അറക്കൽ രാജാവ് പിന്നീട് പട്ടാളത്തെയാണ് അയച്ചത്. പട്ടാള കപ്പൽ കടലു കടന്ന് അമിനി ദ്വീപിൻ്റെ തീരത്ത് നങ്കൂരമിട്ടു. പട്ടാള ഉദ്യോഗസ്ഥർ കാര്യക്കാരനെ വിവരമറിയിച്ചു.

         “ എതിർക്കുന്നവരെ ആരെ കൊന്നിട്ടായാലും ഓമനപ്പൂവിനെ രാജാവിന് വേണ്ടി കൊണ്ടുപോവാനാണ് ഞങ്ങൾ വന്നിരിക്കുന്നത്. ചോരപ്പുഴ ഒഴുക്കാതെ തങ്ങളോട് സഹകരിക്കുന്നതാണ് നല്ലത്. “

        വിവരമറിഞ്ഞ പുറക്കാടുകാർ ഓമനപ്പൂവിനെ രാജകൊട്ടാരത്തിലേക്ക് അയക്കാൻ തീരുമാനിച്ചു. മരണത്തെക്കാളും നല്ലത് പോവുന്നതാണെന്ന് തീരുമാ നിക്കുകയായിരുന്നു. വിപുലമായി അലങ്കരിച്ച കപ്പലിലാണ് ഓമനപ്പൂവിനെ കണ്ണൂരിലേക്ക് കൊണ്ടു പോയത്. കുട്ടിത്തറവായും അവളോടൊപ്പം കണ്ണൂരി ലേക്ക് യാത്ര ചെയ്‌തു. അറക്കൽ കൊട്ടാരത്തിൽ വെച്ചാണ് കുട്ടിത്തറവാ ഓമനപ്പുവിൻ്റെ മൂന്ന് മൊഴി തലാഖും ചൊല്ലുന്നത്. അങ്ങനെ രാജാവ് ഓമനപ്പൂവിനെ അറക്കൽ ആദി രാജാവ് കല്യാണം കഴിച്ചു എന്നാണ് കഥ.

      ഈ കഥ ലക്ഷദ്വീപിലെ ഒരു നാടൻപ്പാട്ടിൽ വിശദമായി പറയുന്നുണ്ട്. ആ പാട്ടിൽ രാജാവിനോട് ദ്വീപിലെ സാധാരണക്കാരിയായ ഓമനപ്പൂവ് പറയുന്ന തൻ്റെ ഇഷ്ടക്കേടിൻ്റെ ഒരു ഭാഗമുണ്ട്. അത് ദ്വീപിലെ അധിനിവേശ പ്രതിരോധത്തിൻ്റെ നല്ലൊരു തെളിവു കൂടിയാണ്. രാജാവ് ഓമനപ്പൂവിനോട് ചോദിക്കുന്നു.

      “ ഞാൻ നന്നോ കുട്ടിത്തറവാ നന്നോ പൂവേ “

     അപ്പോൾ മറുപടിയായി ഓമനപ്പൂവ് പറയുന്നത്.

          “ആദി രാജാവിന കെട്ടും മാളികയും കുട്ടിത്തറവാ ചെറ്റേക്കും പോരാ” എന്നാണ്. ചെറ്റ എന്നാൽ ഓലപ്പുര എന്നാണ്. വീണ്ടും രാജാവ് ചോദിക്കുന്നു.

 “ ഞാൻ നന്നോ കുട്ടിത്തറവാ നന്നോ പൂവേ “

  അപ്പോൾ വീണ്ടും ഓമനപ്പൂവ് പറയുന്നത് . “ ആദിരാജാവിന കുത്തരിച്ചോറ് കുട്ടിത്തറവാ ചായക്കും പോരാ എന്നായിരുന്നു. വീണ്ടും രാജാവ് അതെ ചോദ്യം ആവർത്തിച്ചപ്പോൾ, ആദിരാജാവിന ആനയ കൂട്ടം കുട്ടിത്തറവാ കോളിക്കും പോരാ എന്ന് പറഞ്ഞതായിട്ടാണ് നാടൻ പാട്ട്. നിസ്സഹായരായ ഒറ്റപ്പെട്ട് കഴിയുന്ന ദ്വീപു നിവാസികളുടെ അധിനിവേശത്തിനെതിരായ ഒരു പ്രതിരോധം സാഹിത്യത്തിലൂടെ പ്രകടിപ്പിച്ചതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഈ നാടൻപ്പാട്ട്.

ഇസ്മത്ത് ഹുസൈൻ

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x