
ഐറിസ്
Published: 05 June 2026 വിവര്‍ത്തനകവിത
ഒരു റോഹിങ്ഗ്യൻ അഭയാർഥി
മയ്യു അലി
വിവ: ഐറിസ്
” ഇവിടെ ബംഗ്ലാദേശിൽ ഞാൻ കൊല്ലപ്പെടാം.
എൻ്റെ ശരീരം അതർഹിക്കുന്ന മാന്യതയിൽ മറവ് ചെയ്യാം.
മ്യാൻമറിലേക്കെന്നെ തിരിച്ചയയ്ക്കുന്നത് അവിവേകം,
ഒരു ശവമടക്ക് അവിടെ കിട്ടുമെന്നുപോലും ഉറപ്പില്ല!”
എൻ്റെ സഹോദരിമാർ മാംസച്ചന്തകളിലെത്തപ്പെടുന്നു
എൻ്റെ സഹോദരന്മാരെ തട്ടിക്കൊണ്ടുപോയിരിക്കുന്നു
കോക്സ്സ് ബസാറിൽ ആത്മഹത്യാചിന്തകൾക്ക് വേഗമേറുന്നു.
ഓരോ അഭയാർഥിയും വീട്ടിലേക്ക് മടങ്ങിപ്പോകാൻ കാക്കുന്നു,
എന്നെത്തന്നെ ഞാനെന്തിന് നിരാകരിക്കണം?
ശുഭചിന്തകളുടെ പ്രതീക്ഷകളുടെ വാഗ്ദാനങ്ങൾ നിലയ്ക്കാതെ വട്ടമിടുമ്പോഴും
നീതിക്കായി അലമുറയിടുന്നു ഞാൻ
ആകെ വേണ്ടത് എൻ്റെ സ്വന്തം വീട്ടിൽ വീണ്ടുമൊന്ന് ജീവിക്കുക മാത്രം,
എൻ്റെ അവകാശങ്ങൾക്കൊപ്പം
സുരക്ഷിതം ഒരു ജീവിതം.
ഞാനറിഞ്ഞ ലോകം എങ്ങോപോയി,
എൻ്റെ ജനത്തെ കൊല്ലുകയും നാട് കടത്തുകയും ചെയ്തിരിക്കുന്നു.
ബംഗ്ലാദേശിലേക്ക് ഞാൻ ഓടിപ്പോയത് ഇത് നാലാം തവണ,
എൻ്റെ ജീവിതം മുഴുവനും ചെലവഴിച്ചത്
രക്ഷപ്പെടാനുള്ള ശ്രമത്തിനായി മാത്രം.
സ്വന്തം നാട്ടിലേക്ക് മടങ്ങുമ്പോഴെല്ലാം ഞാൻ എന്നോടുതന്നെ ചോദിക്കാറുണ്ട്:
” ഇത് ഒടുവിലത്തേതായിരിക്കുമോ?”
” ഇനിയും രക്ഷപ്പെടാൻ ഭാഗ്യമെന്നെ തുണയ്ക്കുമോ?”
ഇത്തവണ അത് അങ്ങനെയായിരുന്നില്ല. എൻ്റെ ഹൃദയമിപ്പോൾ എന്നോട് ചോദിക്കുന്നു.
മയ്യു അലി
റോഹിംഗ്യൻ കവി,
1991 ൽ ജനിച്ചു. മനുഷ്യാവകാശ പ്രവർത്തകൻ ബംഗ്ലാദേശിന്റെ തെക്കു കിഴക്കൻ തീരപ്രദേശത്തെ കോക്സസ് ബസാറിലാണ് താമസം.മ്യാൻമറിൽ നിന്ന് പുറത്താക്കപ്പെട്ട പത്തുലക്ഷത്തിലേറെ അഭയാർത്ഥികളാണ് കോക്സസ് ബസാറിൽ നിലവിലുളത്. അഭയാർത്ഥി യുവാക്കളുടെ ശാക്തീകരണപ്രവർത്തനങ്ങൾക്കു വേണ്ടി ഒരു കേന്ദ്രം നടത്തുന്നു.
Exodus : Between Genocide and Me ആണ് പ്രധാന കൃതി. ഇത് ഇ ബുക്കായാണ് പ്രസിദ്ധീകരിച്ചത്. മയ്യു അലിയുടെ രോഹിംഗ്യൻ റെഫ്യൂജി എന്ന പ്രശസ്ത കവിതയാണ് ഇന്ന് ഇവിടെ ചേർക്കുന്നത്. ലോകത്തെമ്പാടും നടക്കുന്ന വംശീയമായ കൂട്ടക്കുരുതികൾക്കും പീഡനങ്ങൾക്കും മനുഷ്യാവകാശ ധ്വംസനങ്ങൾക്കും സ്വന്തമിടങ്ങളിൽ നിന്നും അഭയം തേടിയെത്തുന്ന ഇടങ്ങളിൽ നിന്നുമുള്ള പുറത്താക്കലുകൾക്കും എതിരേയുള്ള എല്ലാ ചെറുത്തുനിൽപ്പിന്റെയും ആവിഷ്ക്കാരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

