
ജൂലി ഡി എം
Published: 05 August 2026 പാഠപുസ്തക വിമർശനം
പാഠപുസ്തകങ്ങൾ പകർന്നു നൽകുന്നതെന്ത് ?
( പുതുക്കിയ ഹയർസെക്കൻഡറി മലയാള പാഠപുസ്തകവും ഉയരുന്ന വിമർശനവും)
ഭാഷാ പഠനത്തിന് ഉപയോഗിക്കേണ്ട പഠന സാമഗ്രികളിൽ പ്രധാനപ്പെട്ട ഒന്നായാണ് പാഠ്യപദ്ധതി(Curriculum ) പാഠപുസ്തകങ്ങളെ പരിഗണിക്കുന്നത്. ഭാഷാ വിദ്യാഭ്യാസത്തിന് ഉണ്ടാവേണ്ട ലക്ഷ്യങ്ങൾ കൈവരിക്കാൻ ഉതകുന്ന ഒന്നാവണം പാഠപുസ്തകങ്ങൾ. എന്നാൽ പലപ്പോഴും പാഠ്യപദ്ധതി നിർദ്ദേശിക്കുന്ന ഭാഷാ പഠന ലക്ഷ്യങ്ങളോട് നീതിപുലർത്താത്ത പാഠഭാഗങ്ങളും പാഠപുസ്തകത്തിന്റെ ഭാഗമാകാറുണ്ട്. സ്ത്രീ വിമോചനം സാധ്യമാക്കുന്നതെന്ന മട്ടിൽ സ്ത്രീ വിരുദ്ധമായ കൃതികൾ ഉൾപ്പെടുത്തുക, പരിസ്ഥിതി പക്ഷം എന്ന പേരിൽ കാലഘട്ടത്തിന് യോജിക്കാത്ത കാല്പനിക പാരിസ്ഥിതിക കൃതികൾ ചേർക്കുക, മാറിയ ജെൻഡർ ബോധ്യങ്ങൾ ഉള്ള കുട്ടികളിലേക്ക് നൂറ്റാണ്ടുകൾ പഴക്കമുള്ള ജീർണിച്ചജെൻഡർ സങ്കല്പങ്ങളെ ആവാഹിക്കുന്ന കൃതികൾ കുത്തിച്ചെലുത്തുക എന്നിങ്ങനെയുള്ള പ്രതിലോമകരമായ കാഴ്ചകൾ പാഠപുസ്തകങ്ങളിൽ കണ്ടെത്താനാവും. നിലവിലെ വ്യവസ്ഥയെ, അതിന്റെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്യാൻ പഠിപ്പിക്കുന്നതല്ല, അതിന് വിധേയമായി ജീവിക്കാൻ പഠിപ്പിക്കുന്നതാണ് പാഠപുസ്തകങ്ങൾ എന്ന വിമർശനത്തെ ശരിവയ്ക്കുന്നതാണ് പുതുക്കിയ ഹയർസെക്കൻഡറി ഒന്നാം വർഷ മലയാള പാഠപുസ്തകം. പുതിയ പാഠപുസ്തകവുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളും വിമർശനങ്ങളും അധ്യാപകരുടെ ഭാഗത്തുനിന്ന് തന്നെ ഉയർന്നു വന്നിട്ടുണ്ട്.കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2023 അനുസരിച്ച് പരിഷ്കരിച്ച ഹയർ സെക്കൻഡറി മലയാളം പാഠപുസ്തകത്തെ പ്രസ്തുത പാഠ്യപദ്ധതിയെയും വിശപ്പ്(എം. കുഞ്ഞാമൻ ),ആത്മകഥ(കെ. കെ. ശിവദാസ് )എന്റെ രാഷ്ട്രീയം(മേതിൽ രാധാകൃഷ്ണൻ )എന്നീ പാഠഭാഗങ്ങളെയും മുൻനിർത്തി വിമർശനാത്മകമായി വിലയിരുത്താനാണ് ഇവിടെ ശ്രമിക്കുന്നത്.
കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2023 (കരട് )
കേരളത്തിലെ ലക്ഷോപലക്ഷം ജനങ്ങളുടെ അഭിപ്രായങ്ങൾ കേട്ടും വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ നടത്തിയ കൂട്ടായ ചർച്ചകളിൽ നിന്ന് ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളെ മാനിച്ചുമാണ് 2023-ലെ കേരള പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കിയത്. പ്രസ്തുത പാഠ്യപദ്ധതി 2007-ലെ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ തുടർച്ചയും വളർച്ചയും അടയാളപ്പെടുത്തുന്നതാണെന്ന് ആമുഖത്തിൽ പറയുന്നുണ്ട്.പാഠ്യപദ്ധതി പരിഷ്കരണ രീതിശാസ്ത്രങ്ങളെ സംബന്ധിച്ച് വിദ്യാഭ്യാസ മേഖലയിൽ ലോകത്ത് നിരവധി ആശയങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും അത് ജനാധിപത്യ പ്രക്രിയയിലൂടെ പൂർത്തീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളമെന്നും ലോകത്തിൽ തന്നെ ആദ്യമായാണ് കുട്ടികൾ അവരുടെ പാഠ്യപദ്ധതി പരിഷ്കരണത്തെക്കുറിച്ച് അഭിപ്രായം പറയുന്നതെന്നും 30 ലക്ഷത്തിലധികം വിദ്യാർഥികളാണ് ക്ലാസ് മുറികളിൽ നടന്ന ചർച്ചകളിൽ പങ്കാളികളായതെന്നും ആമുഖത്തിൽ എടുത്തുപറയുന്നു. സ്കൂളിലെ പഠനസമയം, ലിംഗ നീതി, തൊഴിൽ പഠനത്തിന്റെ പ്രാധാന്യം, പരീക്ഷാ പരിഷ്കരണത്തിന്റെ ആവശ്യകത, കലാകായിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി, ഉള്ളടക്കഭാരം എന്നിവയെക്കുറിച്ചാണ് കുട്ടികളുടെ ചർച്ചയിൽ പ്രധാനമായും ഉയർന്നുവന്നത്. കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2023 വികസിപ്പിക്കുമ്പോൾ മറ്റു പശ്ചാത്തലങ്ങൾക്കൊപ്പം ഭരണഘടന മുന്നോട്ടുവയ്ക്കുന്ന നിലപാടുകളെ ഉയർത്തി പിടിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നൽ കൊടുക്കുന്നുണ്ട് “ഏതൊരു വിദ്യാഭ്യാസ പദ്ധതിയും വിദ്യാഭ്യാസത്തെ കുറിച്ചുള്ള വ്യക്തമായ നിലപാടുകൾക്ക് അനുസൃതമായാണ് രൂപകല്പന ചെയ്യുന്നത്. അത്തരം നിലപാടുകൾ നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന വിശാല കാഴ്ചപ്പാടുകൾക്ക് അനുസൃതമാകണം. അത് നമ്മുടെ ഭരണഘടനയ്ക്ക് വിധേയമായിരിക്കണം. അതോടൊപ്പം ആധുനികവും പുരോഗമനപരവുമായ വിദ്യാഭ്യാസ സിദ്ധാന്തങ്ങളോട് ഒത്തുപോകുന്നതുമാകണം. ജനാധിപത്യം, മതനിരപേക്ഷത, സ്ഥിതി സമത്വം, സാമൂഹിക നീതി, തുല്യത, സഹവർത്തിത്വം, സഹകരണം, എളിമ എന്നിവയെല്ലാം നമ്മുടെ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന അടിസ്ഥാന തത്വങ്ങളാണ്. കൂടാതെ ശാസ്ത്രബോധം, ലിംഗനീതി, ലിംഗ സമത്വം തുടങ്ങിയവയും ഭരണഘടനയുടെ ഭാഗമാണ്.”
ഭാഷാ പഠനത്തിന് ഉപയോഗിക്കേണ്ട പഠനസാമഗ്രികളിൽ പ്രധാനപ്പെട്ട ഒന്നായ പാഠപുസ്തകത്തിന്റെ ഉള്ളടക്കം ഭാഷാപഠന ലക്ഷ്യങ്ങളോട് നീതി പുലർത്താൻ ഉതകുന്ന വിധമായിരിക്കണം.കുട്ടികളുടെ സ്വതന്ത്ര ചിന്ത, സർഗാത്മകത, വിമർശനബുദ്ധി, ആസ്വാദനശേഷി എന്നിവ വളർത്തുന്നതിനുള്ള ഇടങ്ങളാകണം ഉള്ളടക്കം. പുതിയ അറിവുകൾ സൃഷ്ടിക്കപ്പെടുന്ന ഒരു ലോക സാഹചര്യത്തിൽ അതിജീവിക്കാൻ ആവശ്യമായ അറിവും കഴിവും നൈപുണിയും കുട്ടികളിൽ വളർത്തുക എന്നത് പാഠ്യപദ്ധതിയുടെ ലക്ഷ്യമാകേണ്ടതുണ്ടെന്ന് പറയുന്ന കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2023 പാഠപുസ്തകത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു. “ പാഠപുസ്തകം ഏക ഉപാധി എന്ന കാഴ്ചപ്പാടിൽ മാറ്റം ഉണ്ടാകണം. വൈജ്ഞാനിക ലോകത്ത് അന്വേഷിക്കുന്നതിനായി ഉത്തേജിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു വഴികാട്ടിയായി പുസ്തകങ്ങൾ മാറണം. ഇങ്ങനെയെങ്കിൽ ഒരുപാട് കാലത്തേക്ക് ഒരേ പാഠപുസ്തകം എന്നത് പുതിയ സങ്കല്പങ്ങളുമായി യോജിച്ചു പോകില്ല. ആയതിനാൽ വളരുന്ന പാഠപുസ്തകം (Evolving text book) എന്നതിലേക്ക് നാം മാറണം. ഓരോ വർഷവും പാഠപുസ്തകത്തിൽ പുതിയ അറിവുകൾക്ക് ഇടം കിട്ടുന്ന നിലയിൽ അനിവാര്യമായ മാറ്റങ്ങൾ വരുത്താൻ കഴിയണം. കാലാനുസൃതമായി പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കേണ്ടവ അതതു ഘട്ടങ്ങളിൽ ഒഴിവാക്കുകയും വേണം.”ഏറ്റവും പുരോഗമനപരമായ കാഴ്ചപ്പാടുകൾ മുന്നോട്ടു വയ്ക്കുന്ന പാഠ്യപദ്ധതി അനുസരിച്ചാണ് പുതിയ പാഠപുസ്തകങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
‘എന്നെ പാണനെന്ന് വിളിക്കരുത്’ എന്ന തലക്കെട്ടിനെ ‘വിശപ്പ്’ ആക്കി മാറ്റുമ്പോൾ
ഡോ.എം കുഞ്ഞാമന്റെ ‘എതിര് ‘എന്ന കൃതിയുടെ ആദ്യ അധ്യായത്തിന്റെ പേര് ‘ എന്നെ പാണനെന്ന് വിളിക്കരുത്’ എന്നാണ്. ആ അധ്യായം വായിച്ച് തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രസ്തുത തലക്കെട്ട് വായനക്കാരിൽ പ്രവർത്തിച്ചു തുടങ്ങും. ആ തലക്കെട്ടിൽ ഒരു രാഷ്ട്രീയമുണ്ട്. അതിൽ ഒരു താക്കീതും പ്രതിരോധവുമുണ്ട്. ഈ പറഞ്ഞതൊന്നും ‘വിശപ്പ്’ എന്ന തലക്കെട്ടിനില്ല. അത് വിശപ്പ് എന്ന ശാരീരിക അവസ്ഥയുടെയും അനുഭവത്തിന്റെയും സാമാന്യമായ പേരാണ്. എന്നാൽ പാഠഭാഗത്തിൽ ആവിഷ്കരിക്കുന്ന വിശപ്പ് അങ്ങനെയുള്ള ഒന്നല്ല. എല്ലാവർക്കും കഴിക്കാനുള്ള ആഹാരം ഉണ്ടായിരിക്കെ, അതിന്റെ അസന്തുലിതമായ വിതരണം കൊണ്ടും കൊടിയ സാമൂഹിക വിവേചനങ്ങളാലും സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിൽ കഴിയേണ്ടി വന്ന മനുഷ്യർക്ക് മേൽ അടിച്ചേൽപ്പിക്കപ്പെട്ട വിശപ്പിനെ കുറിച്ചാണ് പാഠഭാഗത്തിൽ പരാമർശിക്കുന്നത്. അധ്യാപക പരിശീലനങ്ങളിലും അതിനെ വിശപ്പ് എന്ന മനുഷ്യാവസ്ഥയായും അനുഭവമായും സാമാന്യവൽക്കരിക്കാനുള്ള ശ്രമമാണ് ഉണ്ടായത്. ക്ലാസ്സ് മുറിയിലും അതുതന്നെ സംഭവിക്കാനാണ് സാധ്യത.
‘എതിര്’ എന്ന കൃതിയിലെ ആദ്യ അധ്യായത്തിന്റെ വളരെ കുറച്ച് ഭാഗം മാത്രമാണ് ‘വിശപ്പ്’ എന്ന പേരിൽ കുട്ടികൾക്ക് പഠിക്കാനായി നൽകിയിരിക്കുന്നത് ചെറുപ്പത്തിൽ അനുഭവിച്ച അതീവ ദാരിദ്ര്യം, ഭക്ഷണത്തിനുവേണ്ടി പട്ടിയോട്പോലും കടിപിടി കൂടേണ്ടി വന്ന ദയനീയാവസ്ഥ, എച്ചിൽ തിന്നുള്ള ജീവിതം, പട്ടിണിയുടെ നാളുകൾ, ഹൈ സ്കൂളിലായിരിക്കെ എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഉപ്പുമാവ് പാചകക്കാരിയായ ലക്ഷ്മിയേടത്തി ഒളിച്ചു കൊടുത്തിരുന്നത് മൂത്രപ്പുരയിലിരുന്ന്കഴിക്കേണ്ടി വന്നതിന്റെ ഓർമ്മ എന്നിവ മാത്രമാണ് പ്രസ്തുത പാഠഭാഗത്തിലുള്ളത്. പാഠഭാഗം ഇങ്ങനെ അവസാനിക്കുന്നു – “ വാടാനംകുറുശ്ശിയിലെ സ്കൂളിനെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ആദ്യം ഓർമ്മ വരുന്നത് അധ്യാപകരെയും ക്ലാസ് മുറികളെയുമല്ല, ലക്ഷ്മിയേടത്തിയെയാണ്. അവർ ഉപ്പുമാവ് തന്നില്ലായിരുന്നുവെങ്കിൽ എനിക്ക് ക്ലാസിൽ ഇരിക്കാൻ കഴിയുമായിരുന്നില്ല. ഒന്നാം റാങ്ക് കിട്ടിയപ്പോൾ അവർ പറഞ്ഞു: “എടാ എന്റെ ഉപ്പുമാവ് തിന്ന് പഠിച്ചിട്ടാണ് നിനക്ക് റാങ്ക് കിട്ടിയത്. അതൊരു വലിയ യാഥാർഥ്യമായിരുന്നു. ഭക്ഷണമായിരുന്നു അന്നത്തെ ഏറ്റവും പ്രധാന പ്രശ്നം. ഈയൊരു മാനസികാവസ്ഥയിൽ നിന്ന് കരകയറണമെങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യം വേണം. സാമ്പത്തിക പരാശ്രിതത്വം ഉള്ള ഒരാളെ സമൂഹത്തിന് പല നിലയ്ക്കും ബന്ധിക്കാൻ കഴിയും. നിരക്ഷരരായ, പട്ടിണി കിടക്കുന്ന അയ്യപ്പനും ചെറോണയും മകനെ സ്കൂളിലേക്ക് അയച്ചത് ഭക്ഷണത്തിനുവേണ്ടിയായിരുന്നു. എനിക്ക് അന്ന് ഭക്ഷണം തന്നെയായിരുന്നു വലിയ പ്രശ്നം.”
വിശപ്പ് എന്ന പാഠവും പാഠഭാഗത്തിലെ ചിത്രങ്ങളും പഠന പ്രവർത്തനങ്ങളും ചേർത്ത് ആകെ 3 പുറം മാത്രമാണുള്ളത്. ‘എതിര്’ എന്ന കൃതിയിലെ ആദ്യ അധ്യായം ഏകദേശം 8 പുറം വരും. അത്രയും ദീർഘമായതുകൊണ്ടാവാം അധ്യായം മുഴുവനായി കൊടുക്കാതിരുന്നതെന്ന് പാഠപുസ്തക കമ്മിറ്റിക്ക് സമാധാനം പറയാം. പക്ഷേ, തൊട്ടുമുൻപുള്ള കാരൂരിന്റെ ‘മരപ്പാവകൾ’ എന്ന കഥ പഠന പ്രവർത്തനം കൂടി ചേർത്ത് 12 പേജുണ്ട് ! പ്രൊഫസറും സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എം കുഞ്ഞാമന് അദ്ദേഹം ജീവിച്ച ജീവിതം സത്യസന്ധതയോടെ ആവിഷ്കരിക്കണമെന്ന് നിർബന്ധം ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹം അതിൽ ഒരു മായവും ചേർക്കാതെ അവതരിപ്പിച്ചു. ഇക്കാര്യം അവതാരികയിൽ കെ വേണു ഇങ്ങനെ വ്യക്തമാക്കുന്നുണ്ട് : “സാധാരണഗതിയിൽ കടുത്ത ദാരിദ്ര്യത്തെയും മറ്റു പ്രതികൂലാവസ്ഥകളെയും അഭിമുഖീകരിച്ചുകൊണ്ട് ഉയർന്നു വന്നിട്ടുള്ളവർ അധികപക്ഷവും തങ്ങളുടെ ഭൂതകാല പീഡിതാവസ്ഥകൾ മൂടിവയ്ക്കുകയാണ് പതിവ്. പഴയ അനുഭവങ്ങൾ തങ്ങളുടെ പുതിയ പദവികൾക്ക് അപമാനമായി ഭവിക്കും എന്നറിയാവുന്നതുകൊണ്ടാണ് ഇത്തരമൊളിച്ചു കളികൾ. എന്നാൽ ഇവിടെ ഈ അതിജീവനക്കുറിപ്പുകളിൽ ചെയ്തിട്ടുള്ളത് തന്റെ പീഡനാനുഭവങ്ങളെ തികഞ്ഞ സത്യസന്ധതയോടെ അവതരിപ്പിക്കുകയാണ്. സാധാരണക്കാർക്ക് കഴിയാത്ത രീതിയിലുള്ള സാമൂഹിക പ്രതിബദ്ധതയാണ് ഇവിടെ ദൃശ്യമാകുന്നത്.” അങ്ങനെ അവതരിപ്പിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും അവകാശവും അദ്ദേഹത്തിനുണ്ട്.വ്യവസ്ഥിതിയോട്, രാഷ്ട്രീയത്തോട്,വിദ്യാഭ്യാസ സംവിധാനങ്ങളോട് തന്നാൽ സാധ്യമായ വിധത്തിലെല്ലാം എതിര് നിൽക്കുകയും പൊരുതുകയും ചെയ്ത ഒരു ധിഷണാശാലിയുടെ ജീവിത കഥയിൽ നിന്ന് അദ്ദേഹത്തിന്റെ നേട്ടങ്ങളെ, പ്രതിരോധങ്ങളെ എല്ലാം ഒഴിവാക്കിക്കൊണ്ട് ഒരു ഇരുണ്ട ഭാഗം മാത്രമെടുത്ത് കുട്ടികൾക്ക് പഠിക്കാനായി നൽകുന്നത് ആധാർമ്മി കവും എഴുത്തുകാരനോട് ചെയ്യുന്ന വലിയ അനീതിയുമാണ്.
വിശപ്പ് എന്ന പാഠത്തിന്റെ പഠന ലക്ഷ്യങ്ങളായി അധ്യാപക പരിശീലനങ്ങളിൽ നിന്ന് ലഭിച്ചവ ഇനി പറയുന്നു.
- കുട്ടികളെ പ്രചോദിപ്പിക്കുന്നതും സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നതുമായ സാഹിത്യ രചനകൾ പരിചയപ്പെടുക. സ്വന്തം സ്വപ്നങ്ങളും ചിന്തകളും ഉചിതമായ ഭാഷയിൽ ആവിഷ്കരിക്കുക.
- ആത്മാനുഭവങ്ങൾ ആവിഷ്കരിക്കുന്ന രചനകൾ വായിച്ചു സ്വന്തം അനുഭവങ്ങൾ വൈകാരികമായ ഭാഷയിൽ ആവിഷ്കരിക്കുക.
- പ്രതിസന്ധികളിൽ തളരാതെ അതിജീവനത്തിന്റെ വിവിധ സാധ്യതകൾ തിരിച്ചറിയുക.
പ്രതിസന്ധിയിൽ തളരാതെ അതിജീവനത്തിന്റെ വിവിധ സാധ്യതകൾ തിരിച്ചറിയുക എന്ന ലക്ഷ്യം എതിര് എന്ന കൃതിയിൽ നിന്ന് നേടാനാവുമെങ്കിലും വെട്ടി മുറിക്കപ്പെട്ട പ്രസ്തുത പാഠഭാഗത്തിൽ നിന്ന് നേടാനാവില്ല. എന്നാൽ ‘എന്നെ പാണനെന്ന് വിളിക്കരുത്’ എന്ന അധ്യായത്തിൽ കത്രിക പ്രയോഗിച്ച് ‘വിശപ്പാ’ക്കി ചുരുക്കിയ പ്രസ്തുത പാഠം കുട്ടിക്ക് ഒരു പ്രചോദനവും നൽകില്ലെന്ന് പറയാൻ കഴിയില്ല. കുഴികുത്തി കഞ്ഞി കുടിച്ചിരുന്നവർക്കും ലക്ഷ്മിയേടത്തിയുടെ ഉപ്പുമാവ് തിന്നു വളർന്നവർക്കും വരെ പരീക്ഷയിൽ റാങ്ക് നേടാം എന്ന പ്രചോദനം തീർച്ചയായും ആ പാഠഭാഗത്തിലുണ്ട്! സമൂഹം അടിച്ചേൽപ്പിച്ച അപകർഷതകളിൽ ആണ്ടു പോവുമ്പോഴും എച്ചിൽ തിന്ന് ജീവിക്കേണ്ടി വരുമ്പോഴും ജാതിപ്പേര് വിളിച്ചു മാത്രം സംബോധന ചെയ്ത അധ്യാപകനോട് തന്നെ ജാതിപ്പേര് വിളിക്കരുതെന്നും കുഞ്ഞാമൻ എന്ന് വിളിക്കണമെന്നും തിരുത്തിയ വിദ്യാർഥി പാഠപുസ്തകത്തിൽ പ്രത്യക്ഷപ്പെടണ്ട എന്ന തീരുമാനം എത്ര പ്രതിലോമകരമാണ്! മറ്റുള്ളവരുടെ ഔദാര്യത്തിൽ കഴിയുന്നതിന്റെ അടിമത്ത- അപകർഷ ബോധങ്ങൾ ഭരിക്കുമ്പോഴും സിസ്റ്റത്തെ ചോദ്യം ചെയ്യാൻ ധൈര്യം കാണിക്കുന്ന ഒരാൾ കുട്ടികളെ പ്രചോദിപ്പിക്കുക തന്നെ ചെയ്യും. ജാതിപ്പേര് വിളിക്കുന്ന അധ്യാപകനും അതിനെ ചോദ്യം ചെയ്യുന്ന കുട്ടിയും പാഠപുസ്തകത്തിന്റെ ‘ആഭിജാത്യ’ത്തിനും ‘പവിത്രത’യ്ക്കും കളങ്കമാകും എന്ന് കരുതി ഒഴിവാക്കിയതാവാം! ‘എതിര് ’ എന്ന കൃതിയിലെ തന്നെ ‘പുറകിലൂടെ വന്ന ചണ്ഡാളൻ’ എന്ന മൂന്നാമത്തെ അധ്യായത്തിലാണ് തന്റെ ഗൈഡ് കൂടിയായിരുന്ന ഡോ. കെ. എൻ രാജിന്റെ നിലപാടുകളെ എം. കുഞ്ഞാമൻ ഇങ്ങനെ ചോദ്യം ചെയ്യുന്നത് : “ അങ്ങനെ ഉയരത്തിൽ നിന്ന് സംസാരിക്കരുത്. നിങ്ങൾ പ്രായോഗികമായി വലിയ ആളുകളാണ്. എന്നാൽ ഭരണഘടനാപരമായി നിയമവിധേയരാണ്. ഞങ്ങൾക്ക് വ്യവസ്ഥിതിയോട് എതിർപ്പുണ്ട്. അത് അവസരം കിട്ടുമ്പോൾ പ്രകടിപ്പിക്കും. ഭവിഷ്യത്ത് ഓർത്ത് പ്രകടിപ്പിക്കാതിരിക്കില്ല. താങ്കൾ ബ്രിട്ടീഷ് ഭരണകാലത്തെ ജഡ്ജിയുടെ മകനാണ്. താങ്കൾ ഇങ്ങനെ ഉയർന്നുവന്നത് അനുകൂല സാഹചര്യങ്ങളിൽ നിന്നാണ്. ഞാനൊക്കെ ഭക്ഷണം കഴിക്കാതെ ഇരന്നിരന്ന് നിങ്ങളെപ്പോലുള്ളവരുടെ അടികൊണ്ടു വന്നവരാണ്. അതുകൊണ്ടുതന്നെ എനിക്ക് നിങ്ങളെപ്പോലുള്ളവരോട് എതിർപ്പുണ്ട്. എനിക്ക് ആ എതിർപ്പ് പ്രകടിപ്പിച്ചേ കഴിയൂ. അതെന്റെ ധാർമ്മികവും സാമൂഹികവുമായ ഉത്തരവാദിത്വമാണ്. താങ്കൾക്ക് അത് ഇഷ്ടമല്ലെങ്കിൽ ഓക്കേ എന്ന് മാത്രമേ പറയാനാകൂ. താങ്കൾ എന്റെ സ്ഥാനത്തായിരുന്നുവെങ്കിൽ സ്കൂൾ ഫൈനൽ പരീക്ഷ പാസാകില്ലായിരുന്നു. ഞാൻ താങ്കളുടെ സ്ഥാനത്തായിരുന്നുവെങ്കിൽ ഒരു നോബൽ സമ്മാന ജേതാവായേനെ. ഈ വ്യത്യാസം നമ്മൾ തമ്മിലുണ്ട്.”
സിസ്റ്റത്തെയും അത് നിലനിർത്തിപ്പോരുന്ന വിവേചനങ്ങളെയും അനീതികളെയും ചോദ്യം ചെയ്യാനും വിമർശനാത്മകമായി ചിന്തിക്കാനും സംവാദത്തിലേർപ്പെടാനും ഒക്കെ ഇത്തരം സന്ദർഭങ്ങൾ കുട്ടികൾക്ക് പ്രചോദനമാകും. ഇതിപ്പോ അധ്യാപകരുടെ ഇടപെടലുകൾ ഇല്ലാതെ ആ പാഠം കുട്ടികൾ വായിച്ചാൽ മനസ്സിലാകുന്നത്, എച്ചിൽ തിന്നും ലക്ഷ്മിയേടത്തി ഒളിച്ചു കടലാസിൽ പൊതിഞ്ഞു കൊടുത്ത ഉപ്പുമാവ് തിന്നും നടന്ന ഏതോ ഒരു കുഞ്ഞാമൻ എം. എ ക്ക് റാങ്ക് വാങ്ങി എന്നാണ് ! എഴുത്തുകാരെ പരിചയപ്പെടുത്തുന്ന ഒരു കുറിപ്പ് പോലുമില്ലാതെയാണ് പുതിയ ഹയർ സെക്കൻഡറി പാഠപുസ്തകം ഇറങ്ങിയിരിക്കുന്നത് എന്നതിനാൽ ‘എതിര്’ എന്ന കൃതി ക്ലാസിൽ കൊണ്ടുപോയി, സ്വന്തം പ്രയത്നം കൊണ്ട് മാത്രം ഉയർന്നുവന്ന ആ ധിഷണാശാലി കൈവരിച്ച നേട്ടങ്ങളും സമൂഹത്തിന് നൽകുന്ന പ്രതിരോധ പാഠങ്ങളും കൃതിയിലെ സന്ദർഭങ്ങൾ ഉദ്ധരിച്ച് പരിചയപ്പെടുത്തുക എന്ന ജോലി അധ്യാപകർ കൃത്യമായി നിർവഹിക്കേണ്ടതുണ്ട്. സമൂഹത്തിന്റെ ഏറ്റവും താഴേക്കിടയിലുള്ള മനുഷ്യർ സ്വപ്രയത്നം കൊണ്ട് വിദ്യാഭ്യാസം നേടി ഉയരങ്ങൾ കീഴടക്കുന്നതും നിലപാടുകൾ പറയുന്നതും രാഷ്ട്രീയ വിമർശനം നടത്തുന്നതും കുട്ടികൾ പഠിക്കേണ്ട എന്നും അവർ പട്ടിണി കിടന്നതും എച്ചിൽ തിന്നതും മറ്റുള്ളവരുടെ ഔദാര്യം സ്വീകരിക്കേണ്ടി വന്നതും മാത്രം കുട്ടികൾ പഠിച്ചോട്ടെ എന്നുമുള്ള മേലാള ചിന്തയുടെ പ്രതിഫലനം തന്നെയാണ് പുതിയ ഹയർ സെക്കൻഡറി മലയാള പാഠപുസ്തകത്തിലും കാണാൻ കഴിയുന്നത്.
കേരളത്തിന്റെ സാമൂഹിക ചരിത്രത്തിൽ മൃഗങ്ങളെക്കാൾ മോശമായി പരിഗണിച്ചിരുന്ന അധ:കൃതരുടെയും പിന്നാക്കക്കാരുടെയും ചരിത്രം കുട്ടികൾ മനസ്സിലാക്കേണ്ടത് തന്നെയാണ്. അങ്ങനെ ഒരു ഭൂതകാലം താണ്ടാൻ അവർ നടത്തിയ ഐതിഹാസിക സമരങ്ങളെ മുൻനിർത്തി വേണം, അവർ നേടിയ വിജയങ്ങളെ ചൂണ്ടിക്കാണിച്ചു വേണം അവ പഠിക്കാനായി നൽകേണ്ടത്. അത്തരം മനുഷ്യർ അസാധ്യമെന്ന് വിധിച്ചിരുന്ന നേട്ടങ്ങൾ കൈപ്പിടിയിൽ ഒതുക്കിയതിന്റെ കാഴ്ചകളും അനുഭവങ്ങളും മുൻനിർത്തി വേണം അവ പഠിക്കാനായി നൽകേണ്ടത്. അല്ലാതെ ദളിതരും ആദിവാസികളും പിന്നാക്കക്കാരും പട്ടിണി കിടന്നതും എച്ചിൽ തിന്നതുമായ കാര്യങ്ങളെ മാത്രം പാഠഭാഗങ്ങളായി ചേർത്തു കൊണ്ടല്ല, അസ്പൃശ്യരുടെ ചരിത്രം പഠിപ്പിക്കേണ്ടത്.
ആരുടെ ആത്മകഥ?
‘മധുരം മനോജ്ഞം’ എന്ന ഒന്നാം അധ്യായത്തിലെ ‘വിശപ്പ്’ എന്ന പാഠഭാഗത്തേക്കാൾ അപകടം പിടിച്ച ഏതാണ്ട് അതേ സ്വഭാവങ്ങൾ ഉൾക്കൊള്ളുന്ന മറ്റൊരു കൃതിയാണ് തൊട്ടടുത്ത പാഠമായി ചേർത്തിരിക്കുന്നത്.ഡോ. കുഞ്ഞാമന്റെ ആത്മകഥയിൽ നിന്നെടുത്ത ‘വിശപ്പ്’ എന്ന് പേര് നൽകി ഉൾപ്പെടുത്തിയിരിക്കുന്ന പാഠഭാഗത്തിന്റെ അനുബന്ധമായി തോന്നും കെ.കെ. ശിവദാസിന്റെ ‘ആത്മകഥ’ എന്ന കവിത. പൂർവികർ അയിരൂർ സ്വരൂപത്തിന്റെ അടിമകളായിരുന്ന, താവഴി നെടുമ്പുള്ളി മനക്കാരുടെ നോട്ടക്കാരായിരുന്ന ദളിത് സ്വത്വമുള്ള ഒരാൾ അച്ഛനണിഞ്ഞ പട്ടാള യൂണിഫോം പിൻപറ്റുമ്പോഴും പാതി അടിമയും പാതിയോദ്ധാവുമായി വലംകാലിൽ പണ്ട് പൂർവികർ തെങ്ങിൽ കയറിയതിന്റെ തളപ്പും ഇടം കാലിൽ ബൂട്ടുമായി നടന്നുനീങ്ങുന്ന കാഴ്ചയാണ് കവിതയുടെ പ്രമേയം. നാട്ടുരാജ്യത്തിലെ അടിമകളായിരുന്ന പൂർവികർ തെങ്ങുകയറ്റക്കാരായിരുന്നു, താവഴിയിലുള്ളവർ മീൻപിടിത്തക്കാരും. സ്വന്തക്കാരും ബന്ധുക്കാരും ഏറെയുണ്ടായിട്ടും ജനിച്ചത് മുതൽ ഏകാകിയാണ് ആഖ്യാതാവ്. എങ്കിലും ആരെയും കൂസാതെ തല ചെരിച്ചു പിടിച്ചാണ് നടപ്പ്. പൂർവികരുടെ അടിമജീവിതം കടന്ന് അച്ഛന്റെ പട്ടാള യൂണിഫോം ധരിച്ച് യോദ്ധാവാകുമ്പോഴും വലം കാലിൽ തളപ്പും ഇടം കാലിൽ ബൂട്ടുമായി ബാലൻസ് ചെയ്തു നീങ്ങുന്ന ഒരു അപൂർവ്വ ജീവിയായി മാറിയ, പാതി അടിമയും പാതി യോദ്ധാവുമായ ആഖ്യാതാവിന്റെ കാഴ്ചയാണ് ‘ആത്മകഥ’ എന്ന കവിത പഠിതാവിന് നൽകുന്നത്. പൂർവികർക്ക് അടിമ ജീവിതമായിരുന്നതുകൊണ്ട് തനിക്കും അടിമ ജീവിതം നയിച്ചേ മതിയാകൂ എന്ന് ശഠിക്കുന്ന ഒരാളാണ് ആഖ്യാതാവെന്നാണ് കവിത വായിക്കുമ്പോൾ മനസ്സിലാകുന്നത്. പട്ടാളക്കാരനായിട്ടും പാതി അടിമയായി ജീവിക്കുന്ന നായകൻ ചെറുപ്പം മുതലേ ആരെയും കൂസാതെ തല ചെരിച്ചാണ് നടപ്പ് എന്നും കവിതയിൽ പറയുന്നു. ആരെയും കൂസാതെ തല ചെരിച്ചു നടക്കുന്ന ആൾ പട്ടാളക്കാരനായിട്ടും പാതി അടിമയായി ജീവിക്കുന്നത് എന്തിനെന്ന് ആർക്കറിയാം!
അങ്ങനെയുള്ള ഒരാളിനെ അയ്യങ്കാളിക്കോ അംബേദ്കർക്കോ പോലും രക്ഷിക്കാനാവില്ല. അയാൾ അങ്ങനെ ജീവിച്ചോട്ടെ.അങ്ങനെ ജീവിക്കാനുള്ള ‘സ്വാതന്ത്ര്യം’ അയാൾക്കുണ്ട്. അങ്ങനെ ഒരാളെ ആവിഷ്കരിക്കാനുള്ള സ്വാതന്ത്ര്യം കവിക്കും ഉണ്ട്. പക്ഷേ, അങ്ങനെ ഒരു കവിതയെടുത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി കുട്ടികൾക്ക് പഠിക്കാൻ നൽകിയിരിക്കുന്നത് എന്തിനെന്ന ചോദ്യത്തിന് പാഠപുസ്തക കമ്മിറ്റി ഉത്തരം പറയണം. രണ്ട് പ്രവർത്തനങ്ങളാണ് പാഠവുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്നത്.
- വലം കാലിൽ തളപ്പും
ഇടങ്കാലിൽ ബൂട്ടുമായി
ബാലൻസ് ചെയ്ത് നീങ്ങും
ഒരപൂർവ്വ ജീവിയായി ഞാൻ; കാവ്യഭാഗം അവതരിപ്പിക്കുന്ന സ്വത്വ സംഘർഷം ചർച്ച ചെയ്യുക. തൊഴിലിന്റെ, സമ്പത്തിന്റെ,ജാതിയുടെ പേരിലൊക്കെയുള്ള അപകർഷതകളെ മറികടന്ന, മറികടന്നു കൊണ്ടിരിക്കുന്ന കുട്ടികളുടെ മുന്നിലേക്കാണ് ഇത്തരം കവിതകൾ കെട്ടിയെഴുന്നള്ളിക്കുന്നത്. വലം കാലിലെ തളപ്പ് എന്ന പ്രയോഗം ക്ലാസിൽ വിശദീകരിക്കേണ്ടിവരും. യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറുന്നതായിരിക്കും കുട്ടികൾക്ക് പരിചിതം. തെങ്ങുകയറ്റ തൊഴിലാളികൾ കാലിൽ ധരിക്കുന്ന തുണി കൊണ്ടോ മുള കൊണ്ടോ ഉള്ള തളപ്പിനെക്കുറിച്ച് പറയേണ്ടിവരും. തൊഴിലിനു വേണ്ടി കാലിൽ തളപ്പു പേറുന്നത് അടിമ ജീവിതത്തിന്റെ ലക്ഷണമാണെന്നാണ് കവിതയിലെ സൂചന. തെങ്ങുകയറ്റക്കാരായ രക്ഷിതാക്കളുടെ മക്കൾ കൂടി ഇരിക്കുന്ന ക്ലാസ് മുറികളിൽ ആ തൊഴിൽ അടിമ ജീവിതത്തിന്റെ ലക്ഷണമാണെന്ന സൂചനയുള്ള കൃതികൾ പഠിപ്പിക്കുന്നത് അത്തരം തൊഴിൽ പശ്ചാത്തലമുള്ള കുടുംബങ്ങളിലെ കുട്ടികളിൽ അവരുടെ ഉള്ളിൽ ഇല്ലാതിരുന്ന അപകർഷതാബോധത്തെ സൃഷ്ടിക്കാനാണ് ഉപകാരപ്പെടുക. പൂർവികർ ചെയ്തിരുന്ന തൊഴിലുകൾ പുതുതലമുറ ഉപേക്ഷിച്ചാലും അതിന്റെ അടിമബോധം ഒഴിയില്ല എന്ന് പറഞ്ഞുറപ്പിക്കുന്ന ഒരു കവിത എന്തിനാണ് കുട്ടികളെ പഠിപ്പിക്കുന്നത്?തലമുറകൾ കൊണ്ട് മറികടന്ന അപകർഷതാബോധത്തെ പുനരാനയിക്കുന്ന ഇത്തരം കൃതികൾ പാഠപുസ്തകത്തിൽ നിന്ന് അടിയന്തിരമായി നീക്കം ചെയ്യേണ്ടതാണ്. കവിതയിൽ കടന്നുവരുന്ന സ്വത്വ സംഘർഷത്തെക്കുറിച്ച് പാഠപുസ്തക കമ്മിറ്റി ഇരുന്നു ചർച്ച ചെയ്യട്ടെ.
രണ്ടാമത്തെ പ്രവർത്തനം ഇനി പറയുന്നു.
“ ആത്മകഥ എന്ന കവിത പങ്കു വയ്ക്കുന്ന ജീവിതാവസ്ഥകളെ മറികടന്ന് അസമത്വങ്ങൾ ഇല്ലാത്ത ഒരു സമൂഹത്തെ എങ്ങനെ
യാഥാർഥ്യമാക്കാം? സംവാദം സംഘടിപ്പിക്കുക.” ആത്മകഥ എന്ന കവിത പങ്കുവെക്കുന്ന ജീവിതാവസ്ഥയെ മറികടക്കാൻ കഴിയാത്തത് അതിലെ നായകന് മാത്രമായിരിക്കും. അച്ഛനും അയാളും പട്ടാളക്കാരായിട്ടും കാലിൽ തളപ്പുമായി നടക്കുന്ന ഒരുവന്റെ പ്രശ്നം ക്ലാസ്സിൽ സംവാദം നടത്തേണ്ട ഒന്നല്ല. അതൊരു സാമൂഹിക വിഷയമല്ല അത് അയാൾ വ്യക്തിപരമായി പരിഹരിക്കുകയോ സൈക്യാട്രിസ്റ്റിന്റെ സഹായം തേടുകയോ ചെയ്യട്ടെ. സമ്പത്തിന്റെ, തൊഴിലിന്റെ, ജാതിയുടെ, ലിംഗത്തിന്റെ, പ്രദേശത്തിന്റെ ഒക്കെ പേരിൽ ഇന്നും വിവേചനങ്ങൾ നിലനിൽക്കുന്നുണ്ട്. അതൊക്കെ ക്ലാസ് റൂമുകളിൽ ചർച്ച ചെയ്യേണ്ടതുമാണ്. പക്ഷേ, അതിനു വേണ്ടി നൽകേണ്ട പഠന സാമഗ്രി ഇത്തരം കൃതികളല്ല.
‘എന്റെ രാഷ്ട്രീയ’ത്തിൽ രാഷ്ട്രീയമുണ്ടോ?
പുതുക്കിയ ഒന്നാം വർഷ ഹയർ സെക്കൻഡറി മലയാളം പാഠപുസ്തകത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന ഒരു പാഠം മേതിൽ രാധാകൃഷ്ണന്റെ ‘എന്റെ രാഷ്ട്രീയം’ എന്ന കവിതയാണ്. പരിസ്ഥിതിയെ സംബന്ധിച്ച തന്റെ രാഷ്ട്രീയമാണ് രാഷ്ട്രീയ മുദ്രാവാക്യത്തിന്റെ രൂപത്തിലെന്നവണ്ണം മേതിൽ അവതരിപ്പിക്കുന്നത്. കവിതയിൽ അവതരിപ്പിക്കപ്പെടുന്ന ഇമേജുകളും പ്രതീകങ്ങളും പതിനാറ് വയസ്സുള്ള കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്നതല്ല എന്നതാണ് പൊതുവിൽ ഈ പാഠത്തെക്കുറിച്ച് ഉയർന്ന ഒരു വിമർശനം. പക്ഷേ, ഇവിടെ വിമർശന വിധേയമാക്കുന്നത് അക്കാര്യത്തെയല്ല. പ്രസ്തുത കവിതയുടെ രാഷ്ട്രീയത്തെ തന്നെയാണ്. 1980-കളിലാണ് ‘ഭൂമിയെയും മരണത്തെയും കുറിച്ച് ’ എന്ന സമാഹാരത്തിലെ കവിതകൾ എഴുതിയത് എന്നാണ് മനസ്സിലാക്കുന്നത്. 1980- കൾ നവ ഉദാരവൽക്കരണത്തിന്റെ വ്യാപന കാലമായിരുന്നു. ബഹുരാഷ്ട്ര കോർപ്പറേറ്റുകളുടെ സ്വാധീനം വർദ്ധിക്കുകയും പൊതുമേഖലയുടെ സ്വകാര്യവൽക്കരണം ശക്തിപ്പെടുകയും ചെയ്തു തുടങ്ങിയ കാലം. തൊഴിലാളികളുടെ അവകാശങ്ങൾ ദുർബലമാവുകയും ഭൂമി,വനം, ജലം തുടങ്ങിയ പ്രകൃതി വിഭവങ്ങളെ വിപണിയുടെ ഭാഗമായി കാണുന്ന പ്രവണത ശക്തിപ്പെടുകയും ചെയ്ത കാലം. കൊളോണിയൽ കാലം മുതൽക്ക് തന്നെ ഭൂമി കയ്യേറ്റവും വിഭവ ചൂഷണവും നടന്നിരുന്നുവെങ്കിലും 1980- കളോടെ വിഭവങ്ങൾക്ക് മേൽ കോർപ്പറേറ്റ് നിയന്ത്രണം ശക്തമാവുകയായിരുന്നുവെന്ന് കാണാം. വിപണിയുടെ സ്വാതന്ത്ര്യം, സ്വകാര്യവൽക്കരണം, നിയന്ത്രണങ്ങൾ കുറയ്ക്കൽ, വിദേശനിക്ഷേപങ്ങൾക്ക് കൂടുതൽ അവസരം എന്നിവയിലൂടെ ബഹുരാഷ്ട്ര കോർപ്പറേറ്റുകൾ വളർന്ന് പന്തലിച്ച് ഭൂമിയെയും കടലിനെയും ആകാശത്തെയും തങ്ങളുടെ അധീനതയിലാക്കിയിരിക്കുന്ന ദുരന്തമുഖത്തെയാണ് ഇന്ന് മനുഷ്യൻ അഭിമുഖീകരിക്കുന്നത്.
പരിസ്ഥിതിയെ കുറിച്ചുള്ള മനുഷ്യന്റെ കാഴ്ചപ്പാടിൽ വലിയ മാറ്റങ്ങൾ ഉണ്ടായത് ഇരുപതാം നൂറ്റാണ്ടോടുകൂടിയാണ്. ആത്മീയമായും വൈകാരികമായും സൗന്ദര്യാത്മകമായും ധാർമ്മികമായും പരിസ്ഥിതിയെ നോക്കിക്കണ്ട കാല്പനിക പരിസ്ഥിതിവാദം കടന്ന് ആധുനിക പരിസ്ഥിതിവാദ ചിന്തകളിലേക്ക് മനുഷ്യൻ എത്തിച്ചേരുന്നത് 1960- കളിലാണ്. സോഷ്യൽ ഇക്കോളജി, ഇക്കോ ഫെമിനിസം, പൊളിറ്റിക്കൽ ഇക്കോളജി, എൻവയോൺമെന്റൽ ജസ്റ്റിസ്, ഡിഗ്രോത്ത് വരെയുള്ള പരിസ്ഥിതിവാദ ചിന്തകൾ നമ്മുടെ മുന്നിലുണ്ടെങ്കിലും നമ്മുടെ കവികൾക്ക് ഇപ്പോഴും പ്രിയം പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ജനിച്ച് പത്തൊമ്പതാം നൂറ്റാണ്ടിൽ അന്തരിച്ച കാല്പനിക പരിസ്ഥിതിവാദമാണ്. ഭരണകൂടങ്ങളുടെ ഒത്താശയോടെ ഭൂമിക്ക് മേൽ നടക്കുന്ന കോർപ്പറേറ്റ് അധിനിവേശങ്ങളെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് ‘പരിസ്ഥിതിപക്ഷ’കവിതകൾ രചിക്കുകയായിരുന്നു നമ്മുടെ എഴുത്തുകാർ ചെയ്തത്. പരിസ്ഥിതി പ്രശ്നങ്ങൾക്ക് പിന്നിൽ ലാഭ കേന്ദ്രിതമായി പ്രവർത്തിക്കുന്ന സാമ്പത്തിക – അധികാര ഘടനകളുണ്ട് എന്ന് മനസ്സിലാക്കിയാലേ പരിസ്ഥിതി പ്രശ്നത്തെ സാമൂഹിക പ്രശ്നമായും രാഷ്ട്രീയ പ്രശ്നമായും തിരിച്ചറിയാൻ സാധിക്കൂ. അത്തരം തിരിച്ചറിവില്ലാത്ത എഴുത്തുകാർ എഴുതിയ കേവല കാല്പനിക പരിസ്ഥിതി കവിതകളാണ് നമ്മുടെ പാഠപുസ്തകങ്ങളിൽ ഇടം പിടിക്കുന്നത്. അത്തരം കവിതകളുടെ കൂട്ടത്തിൽ വരുന്ന ഒരു കവിതയാണ് മേതിൽ രാധാകൃഷ്ണന്റെ ‘എന്റെ രാഷ്ട്രീയം.’ തൊഴിലാളികളുടെ അധ്വാനത്തെ മാത്രമല്ല പ്രകൃതിയെ തന്നെ വിപണിയിലെ ചരക്കാക്കി മാറ്റുന്ന പ്രക്രിയ വ്യാപകമാകുന്ന നവ ഉദാരവൽക്കരണ കാലത്തും അതിനുശേഷവും എഴുതപ്പെട്ട കാല്പനിക പരിസ്ഥിതി പക്ഷ കൃതികളെ ഇടതുപക്ഷ സർക്കാരിന്റെ കാലത്തെ പാഠപുസ്തക കമ്മിറ്റിക്കും തിരിച്ചറിയാൻ സാധിച്ചില്ല എന്നത് ഖേദകരമാണ്.
“ എന്റെ രാഷ്ട്രീയം
ഒരു വിത്തിൽ നിന്ന് നേരിട്ട്
കിളിർക്കുന്നു,
ഇരുമ്പയിരിൽ നിന്ന് ഉലയിലേക്കും ആയുധത്തിലേക്കും പടരുന്നു,
ഒരു മുട്ടയുടെ മഞ്ഞക്കരുവിൽ നിന്ന് വെളിച്ചത്തിന്റെ അരാജകത്വത്തിലേക്ക് കൊക്കെടുക്കുന്നു.
എന്റെ മോതിരവിരൽ
നൂറു മോതിരത്തിന്റെ വധുവായൊരു ഞാഞ്ഞൂളാകുന്നു.
മണ്ണിനടിയിൽ അതിനു വഴിയറിയാം.”
തന്റെ രാഷ്ട്രീയം മണ്ണിന്റെ രാഷ്ട്രീയമാണെന്നും അത് ഇരുമ്പിൽ നിന്ന് ആയുധത്തിലേക്കെത്തുന്ന മനുഷ്യാധ്വാനത്തിലാണെന്നും ഒരു മുട്ടയുടെ തോടു പൊളിച്ച് വെളിച്ചത്തിലേക്ക് കൊക്കെടുക്കുന്ന ജീവന്റെ രാഷ്ട്രീയമാണെന്നും കവിത മുഷ്ടി ഉയർത്തുന്നു. നൂറു മോതിരത്തിന്റെ വധുവായ ഞാഞ്ഞൂളാണ് തന്റെ മോതിരവിരലെന്നും അതിനു മണ്ണിനടിയിൽ വഴിയറിയാമെന്നും കവി അഭിമാനം കൊള്ളുന്നു. ഇവിടെ കവി ഉപയോഗിക്കുന്ന ഇമേജുകളും അത് വളർന്നെത്തുന്ന അർത്ഥതലങ്ങളും ശ്രദ്ധിക്കണം.
വിത്ത്- മണ്ണ് -കിളിർക്കൽ
ഇരുമ്പ്- ആയുധം- മനുഷ്യാധ്വാനം
മോതിരവിരൽ- മോതിരം -വധു (സ്ത്രീ)
ഈ ഇമേജുകളിലൂടെ മണ്ണ് (ഭൂമി/ പരിസ്ഥിതി) തൊഴിലാളി (മനുഷ്യാധ്വാനം) സ്ത്രീ (വധു )എന്നിവർ പ്രകൃതിയുടെ കേന്ദ്രമായി വരുന്നു. പരിസ്ഥിതി പ്രശ്നങ്ങൾ എന്നാൽ ഇവ മൂന്നിന്റെയും പ്രശ്നങ്ങളാണ്. ഇപ്പറഞ്ഞതിനെ അഭിസംബോധന ചെയ്യാതെ പരിസ്ഥിതി പ്രശ്നത്തെക്കുറിച്ച് സംസാരിക്കാനാവില്ല. മേതിലിന്റെ കവിത അപ്പോൾ ഇവ മൂന്നിനെയും അഭിസംബോധന ചെയ്യുന്നുണ്ടല്ലോ എന്ന് അല്പബുദ്ധികൾക്ക് ചോദിക്കാം. കവിതയിൽ ഇവ രൂപകങ്ങളായി കടന്നുവരുന്നു എന്നേയുള്ളൂ. യഥാർത്ഥത്തിൽ പരിസ്ഥിതിയും തൊഴിലാളികളും സ്ത്രീകളും നേരിടുന്ന നീറുന്ന പ്രശ്നങ്ങൾ കവിതയിലെ മുദ്രാവാക്യങ്ങളിലില്ല. ലാഭ കേന്ദ്രിതമായി പ്രവർത്തിക്കുന്ന സാമ്പത്തിക- അധികാര ഘടനയും അതിനെ ബലപ്പെടുത്തുന്ന ഭരണകൂടങ്ങളുമാണ് യഥാർത്ഥ പരിസ്ഥിതി പ്രതിസന്ധികൾക്ക് കാരണമെന്ന യാഥാർത്ഥ്യം തിരിച്ചറിയാതിരിക്കുകയോ തിരിച്ചറിഞ്ഞതായി ഭാവിക്കാതിരിക്കുകയോ ചെയ്യുന്നവർ എഴുതുന്ന കേവല കാല്പനിക പരിസ്ഥിതി കവിതകൾ എങ്ങനെ യഥാർത്ഥ പരിസ്ഥിതിപക്ഷ കവിതകൾ ആകും? ഇത്തരം കവിതകൾ ആഖ്യാതാവിനെ അല്ലെങ്കിൽ സാധാരണ മനുഷ്യനെ പരിസ്ഥിതി നാശത്തിന്റെ പ്രതിസ്ഥാനത്ത് കൊണ്ടുവരികയും മനുഷ്യരും അവർ ജീവിക്കാനായി പ്രകൃതിയിൽ നടത്തുന്ന ഇടപെടലുകളുമാണ് പരിസ്ഥിതി നാശത്തിന് കാരണമെന്ന മിഥ്യാബോധം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. “തീൻമേശയിലെത്തുന്ന ഓരോ മുട്ടയപ്പത്തിലും ഞാൻ പൊരിയുന്നു” എന്ന് എഴുതുമ്പോൾ ജീവനായി മാറേണ്ട ഒരു ഭ്രൂണത്തെ കൊന്നു തിന്നുന്നതിന്റെ കുറ്റബോധമാണ് ആഖ്യാതാവിൽ നിറയുന്നത്. കവിയിലും കവിതയിലും വിശ്വാസമർപ്പിച്ച വായനക്കാരിലേക്കും അത് പകരാം. ഭക്ഷണത്തിന്റെ പേരിൽ ഹിംസാത്മക രാഷ്ട്രീയം നടമാടുന്ന സമകാലിക ഇന്ത്യയിൽ ഇത്തരം കവിതകൾ പരിസ്ഥിതി പക്ഷത്തെയല്ല മനുഷ്യവിരുദ്ധതയെയാണ് അടയാളപ്പെടുത്തുന്നത്.
“എല്ലാ ജീവജാലങ്ങളെയും കൂട്ടി ഘടിപ്പിച്ചുണ്ടാക്കിയ ഒരൊറ്റ ജീവിയാകുന്നു ഞാൻ” എന്നെഴുതാൻ പ്രത്യേകിച്ചൊരു രാഷ്ട്രീയ നിലപാടിന്റെയും ആവശ്യമില്ല. വൈകാരികമായോ ഉപരിപ്ലവമായോ പ്രകൃതിയെ നോക്കിക്കണ്ടാൽ മാത്രം മതി. മഴയത്ത് വളപ്പിലെയും വയലിലെയും മാളങ്ങൾ നിറയുമ്പോൾ ഉറങ്ങാനാവാതെ മെത്തയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നവർ ഒരു അർദ്ധരാത്രി ഉറങ്ങിക്കിടന്ന പതിനായിരക്കണക്കിന് മനുഷ്യരും മൃഗങ്ങളും ഒരു ബഹുരാഷ്ട്ര കമ്പനിയുടെ നിരുത്തരവാദപരമായ നടപടി കാരണം വിഷവാതകം ശ്വസിച്ചു കൊല്ലപ്പെടുമ്പോൾ നിശ്ശബ്ദരായിരിക്കും.(ഭോപ്പാൽ ദുരന്തം) പരിസ്ഥിതിയും ലക്ഷക്കണക്കിന് മനുഷ്യരും ഒരുപോലെ ദുരന്തം പേറുമ്പോൾ കവികൾ കാല്പനിക കവിതകൾ എഴുതാതെ നിശ്ശബ്ദരാകുന്നത് പ്രതിസ്ഥാനത്ത് ബഹുരാഷ്ട്ര കുത്തകകൾ ആയതുകൊണ്ടാണെന്ന് ഇടതുപക്ഷ സർക്കാരിന്റെ കാലത്തെ പാഠപുസ്തക കമ്മിറ്റിക്ക് തിരിച്ചറിയാൻ കഴിയേണ്ടതല്ലേ? പരിസ്ഥിതിക്കോ മനുഷ്യനോ അനുകൂലമായ ഒരു രാഷ്ട്രീയ നിലപാടുമില്ലാത്ത കവിതക്ക് ‘എന്റെ രാഷ്ട്രീയം’ എന്ന് പേരിട്ടത് കൊണ്ട് മാത്രം അതൊരു രാഷ്ട്രീയ കവിതയായി കാണുന്നവരുടെ രാഷ്ട്രീയ പാപ്പരത്തം കുട്ടികൾ മനസ്സിലാക്കും എന്ന ഗുണം ഈ കവിത പഠിപ്പിക്കുന്നത് കൊണ്ട് തീർച്ചയായും ഉണ്ട് !
തീൻമേശയിലെത്തുന്ന ഓരോ മുട്ടയപ്പത്തിലും പൊരിഞ്ഞും സ്വന്തം ദീർഘോച്ഛ്വാസത്തിലും വിശപ്പിലും പാമ്പിനേയും ചെന്നായയേയും ദർശിച്ചും പുഴുവിന്റെ അവകാശത്തിനു വേണ്ടി മുദ്രാവാക്യം വിളിച്ചതിനും ശേഷം പുറത്തേക്കിറങ്ങുന്ന കുട്ടിക്ക് ചവിട്ടാൻ മണ്ണില്ലാതാകുന്ന ദുരന്തത്തെയാണ് നേരിടേണ്ടി വരുന്നത്. ഭൂമിക്ക് മേലുള്ള കോർപ്പറേറ്റ് ആധിപത്യം എന്ന യാഥാർത്ഥ്യത്തെ അഭിസംബോധന ചെയ്യാതെ പരിസ്ഥിതി കവിത എഴുതുമ്പോൾ പ്രകൃതിയുടെയും മനുഷ്യരുടെയും യഥാർഥ പ്രശ്നങ്ങളെ മൂടിവയ്ക്കാൻ കഴിയും. തങ്ങളുടെ ഭൂമിക്കും ജലത്തിനും വേണ്ടി കോർപ്പറേറ്റ് അനുകൂല നിലപാട് എടുക്കുന്ന ഭരണകൂടങ്ങൾക്കെതിരെ പൊരുതുന്ന ആദിവാസികളുടെ സമര ചിത്രങ്ങൾ റീലുകളായും വീഡിയോ ആയും കാണുകയും പരിസ്ഥിതി നാശത്തിന്റെ യഥാർത്ഥ ഗുണഭോക്താവും ഇരകളും ആരെന്ന് തിരിച്ചറിയുകയും ചെയ്യുന്ന ഒരു തലമുറയ്ക്കാണ് ഇത്തരം കാല്പനിക കവിതകൾ പഠിക്കാനായി നൽകുന്നത് എന്ന ബോധം വേണ്ടപ്പെട്ടവർക്ക് ഉണ്ടാവണം. ആമസോൺ മഴക്കാടുകളിൽ ബഹു രാഷ്ട്ര കമ്പനികളുടെ നേതൃത്വത്തിൽ വലിയ രീതിയിൽ വനനശീകരണം നടക്കുമ്പോഴാണ് മേതിൽ രാധാകൃഷ്ണൻ ഞാഞ്ഞൂളിനും പുഴുവിനും വേണ്ടി മുദ്രാവാക്യ കവിത എഴുതുന്നത്. ആഫ്രിക്ക, ലാറ്റിനമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽ വൻകിട ഖനനങ്ങളുടെ ഭാഗമായി വനനശീകരണം, ജലമലിനീകരണം, ആദിവാസികളുടെ കുടിയൊഴിപ്പിക്കൽ, വലിയ തോതിൽ ജൈവവൈവിധ്യ നാശം എന്നിവ ഉണ്ടായി തുടങ്ങുന്നതും ഇതേ കാലഘട്ടത്തിൽ തന്നെയാണ്.’എന്റെ രാഷ്ട്രീയം’എന്ന കവിത എഴുതിയ അതേ വർഷത്തിലാണ് (1984) ഭോപ്പാൽ ദുരന്തം ഉണ്ടായത്. അമേരിക്കൻ കോർപ്പറേറ്റ് കമ്പനിയായ യൂണിയൻ കാർബൈഡ് ദുരന്തത്തിന് ഇരയായവർക്ക് മതിയായ നഷ്ടപരിഹാരം നൽകാതെ കയ്യൊഴിഞ്ഞു പോയി. മേൽ കാണിച്ച പരിസ്ഥിതി വിഷയങ്ങളുടെ മേൽ കവിതകൾ എഴുതപ്പെട്ടില്ല. പക്ഷേ, “എല്ലാ രാഷ്ട്രങ്ങളും കൊഴിഞ്ഞാലും ഒരൊറ്റ പുഴുവിന്റെ അവകാശത്തിനുവേണ്ടി” കവിതകൾ എഴുതപ്പെട്ടുകൊണ്ടിരിക്കും. ഇതിലെ കാപട്യം വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയപ്പെടും. വൈകാരികമായോ ആത്മീയമായോ കാല്പനികമായോ പ്രകൃതിയെ നോക്കിക്കണ്ടാൽ ജീവിക്കാൻ കഷ്ടപ്പെടുന്ന മനുഷ്യനെ പ്രതിയാക്കി കാല്പനിക പരിസ്ഥിതിക്കവിത എഴുതാം. ഇത്തരം കവിതകൾ പരിസ്ഥിതിക്കോ മനുഷ്യനോ വേണ്ടി നിലകൊള്ളുന്നില്ല.
ഏറെ പ്രതീക്ഷ നൽകിയ പുതുക്കിയ പാഠ്യപദ്ധതി അനുസരിച്ച് തയ്യാറാക്കിയ ഒന്നാംവർഷ ഹയർ സെക്കൻഡറി മലയാള പാഠപുസ്തകത്തിന്റെ ഉള്ളടക്കം ഇത്തരത്തിൽ നിരാശപ്പെടുത്തുന്നതാണെന്ന് പറയാതെ വയ്യ. പാഠപുസ്തകം ഏക ഉപാധിയെന്ന കാഴ്ചപ്പാടിൽ മാറ്റം ഉണ്ടാകണമെന്നും വൈജ്ഞാനിക ലോകത്ത് അന്വേഷിക്കുന്നതിനായി ഉത്തേജിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു വഴികാട്ടിയായി പുസ്തകങ്ങൾ മാറണമെന്നും പുതിയ പാഠ്യപദ്ധതി നിർദേശിക്കുന്നുണ്ട്. “ ഒരുപാട് കാലത്തേക്ക് ഒരേ പാഠപുസ്തകം എന്നത് പുതിയ സങ്കല്പങ്ങളുമായി യോജിച്ചു പോകില്ല. ആയതിനാൽ വളരുന്ന പാഠപുസ്തകം (Evolving Text Book)എന്നതിലേക്ക് നാം മാറണം. ഓരോ വർഷവും പാഠപുസ്തകത്തിൽ പുതിയ അറിവുകൾക്കിടം കിട്ടുന്ന നിലയിൽ അനിവാര്യമായ മാറ്റങ്ങൾ വരുത്താൻ കഴിയണം. കാലാനുസൃതമായി പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കേണ്ടവ അതത് ഘട്ടങ്ങളിൽ ഒഴിവാക്കുകയും വേണം.” എന്ന പുരോഗമനപരമായ കാഴ്ചപ്പാട് പുതിയ പാഠ്യപദ്ധതി മുന്നോട്ടുവയ്ക്കുന്നു എന്നത് പ്രതീക്ഷ നൽകുന്നതാണ്. പുതുക്കിയ പാഠപുസ്തകത്തെ സംബന്ധിച്ച് അധ്യാപക സമൂഹത്തിൽ നിന്നുണ്ടാകുന്ന വിമർശനങ്ങൾ ബന്ധപ്പെട്ടവർ വേണ്ട ഗൗരവത്തോടെ കാണുമെന്ന് തന്നെയാണ് കരുതുന്നത്. ഒഴിവാക്കേണ്ടവ ഒഴിവാക്കി മെച്ചപ്പെട്ടവ കൂട്ടിച്ചേർത്ത് ഉള്ളടക്കം കൂടുതൽ മികവുറ്റതാക്കാൻ കഴിയണം. വിമർശനാത്മക ചിന്ത വളർത്താൻ ലക്ഷ്യമിടുന്ന ഒരു പാഠ്യപദ്ധതിയും അതിന്റെ ഭാഷാ പഠന സാമഗ്രിയായ പാഠപുസ്തകവും വിമർശനങ്ങളോട് പുറംതിരിഞ്ഞു നിൽക്കുമെന്ന് കരുതാനാകില്ലല്ലോ.

ജൂലി ഡി എം
അദ്ധ്യാപിക
