
ഡോ.എം.ബി. മനോജ്
Published: 10 August 2026 ഇന്ത്യനറിവ്
പാരമ്പര്യ വൈദ്യചികിത്സയും ബൗദ്ധസാംസ്‌കാരികതയും
താക്കോൽവാക്കുകൾ
പാരമ്പര്യവൈദ്യം, അഷ്ടാംഗവൈദ്യം, ചേരിക്കൽ നിവാസികൾ, പാലി, മൂസ്സ്, ഹോർത്തൂസ് മലബാറിക്കൂസ്, പ്രശ്ഛന്നത, ജീവകൻ, വാഗടൻ, മഹാമെത്ത, അശോക ചക്രവർത്തി, അവലോകിതൻ, മെഡിസിൻബുദ്ധ, നാഗാർജ്ജുന, ബോധിധമ്മ, ആദി, ആരിയവൈദ്യം, ധർമ്മാശുപത്രി.
കേരളത്തിന്റെ ആയുർവേദത്തിന്റെ വളർച്ചയെക്കുറിച്ച് പലവിധത്തിലുള്ള അഭിപ്രായങ്ങൾ നിലവിലുണ്ട്. അവയെ സംബന്ധിച്ചുള്ള വീക്ഷണങ്ങളിൽ തള്ളിക്കളയാനാവാത്ത വിധം പ്രാധാന്യമുണ്ട് ബൗദ്ധപാരമ്പര്യത്തിന്. ഇതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ചർച്ച ഏകപക്ഷീയമല്ല. ചില സന്ദർഭത്തിൽ ഇത് വിമർശനപരവുമാണ്. എന്നിരുന്നാലും പ്രസ്തുത ചിന്തയെക്കുറിച്ചുള്ള ചർച്ചയുടെ സ്വഭാവത്തെ മനസ്സിലാക്കുവാനും സഹായകമാവുന്ന തെളിവുകൾ ലഭ്യമാണ്. ആയുർവ്വേദത്തിന്റെ കേരളീയ അനുഷ്ഠാന പാരമ്പര്യം എന്ന കൃതിക്ക് ഡോ.സി.കെ. രാമചന്ദ്രൻ രചിച്ച ആമുഖക്കുറിപ്പ് ഈ അർത്ഥത്തിൽ പ്രധാനപ്പെട്ട ഒന്നാണ്.
കേരളീയ ആയുർവേദ പാരമ്പര്യത്തിന് രണ്ടു കൈവഴികളുണ്ട് എന്ന് ഡോ.സി.കെ രാമചന്ദ്രൻ വിലയിരുത്തിയിട്ടുണ്ട്. ക്രിസ്തുവിനു മുമ്പ് ദ്രാവിഡ ദേശങ്ങളിൽ നിലനിന്ന സംഘ പാരമ്പര്യവും ബുദ്ധമതത്തോടൊപ്പം കേരളത്തിൽ വികാസം നേടിയ അഷ്ടാംഗ വൈദ്യവും എന്ന പാരമ്പര്യങ്ങളുടെ യോജനമാണ് കേരള ആയുർവ്വേദം. സിലോണിൽ നിന്നും കടൽ വഴി വന്ന ബൗദ്ധ ഭിക്ഷുക്കൾക്ക് ഇതിൽ പ്രധാന സ്ഥാനം ഉണ്ട്. ക്രിസ്തുവിനും മൂന്നൂന്നു നൂറ്റാണ്ടു മുമ്പെങ്കിലും ബംഗാൾ കടലിടുക്കു വഴി ശ്രീലങ്കയിൽ എത്തിയ ബുദ്ധഭിക്ഷു സംഘം, അവിടെ നിന്നും കേരളത്തിലും എത്തുകയുണ്ടായി. ബുദ്ധരാണ് ചിട്ടപ്പെടുത്തിയ ഒരു ചികിത്സാ സമ്പ്രദായം കേരളത്തിൽ കൊണ്ടുവന്നത് എന്ന് ഡോ.സി.കെ രാമചന്ദ്രൻ വിലയിരുത്തുന്നു. തദ്ദേശ ആശയങ്ങളും ദ്രാവിഡ ദേശമതമായ ബൗദ്ധവും തമ്മിലുള്ള ഐക്യം ദ്രാവിഡ ദേശത്തെ സാംസ്‌കാരികമായി വിപുലപ്പെടുത്തുകയുണ്ടായി. സംഘസാഹിത്യം ഇതിനുദാഹരണമാണല്ലൊ.
ആദ്യകാലങ്ങളിലെ ബുദ്ധ ചികിത്സാഗ്രന്ഥങ്ങളിൽ അഞ്ചംഗങ്ങാണ് ഉണ്ടായിരുന്നത്. അതുപോലെ പ്രശസ്ത ബൗദ്ധ ഗ്രന്ഥങ്ങളായ മിലിന്ദപാനോ, ദിഖനികായ തുടങ്ങിയ കൃതികൾ ചികിത്സാശാസ്ത്രത്തെ ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്നുണ്ട്. ദിഖനികായത്തിൽ അഞ്ച് അംഗങ്ങളായാണ് വിഭജനം ചെയ്തിട്ടുള്ളത്. ശലകാത്യ (ശല്യ), ശാലക (ശാലക്യ), വസഹമ്മ (വാജീകരണം), ഭാരകടിപ്പിച്ച (കുമാരഭൃതം), മൂലഭേഷജ്ഞാന (കായചികിത്സ) എന്നിങ്ങനെയാണ് ആദ്യകാലത്ത് അഞ്ച് അംഗങ്ങൾ എന്ന് ഡോ.സി.കെ രാമചന്ദ്രൻ വ്യക്തമാക്കുന്നു. ഇത് പാലിഭാഷയിൽ ആയിരുന്നു. ദ്രാവിഡ ദേശത്തെ തദ്ദേശിയർക്ക് പാലിഭാഷയുമായും വൈദ്യവൃത്തിയുമായും അടുപ്പമുണ്ടായിരുന്നു. ബൗദ്ധരുടെ കൃതിയായ വിനയപിടകത്തിൽ ഗൗതമബുദ്ധന്റെ ചികിത്സാ സമ്പ്രദായങ്ങളും ചികിത്സാ ഉപദേശങ്ങളും ഉൾപ്പെടുന്നുണ്ട്.
വിഷവൈദ്യം, വസൂരിചികിത്സ, മർമ്മ ചികിത്സ, ഔഷധയോഗങ്ങൾ, നാടൻ ചികിത്സാ സമ്പ്രദായങ്ങൾ തുടങ്ങിയവ ദ്രാവിഡവും ബൗദ്ധവും പരസ്പരം ഇണങ്ങിച്ചേർന്നിരുന്നു എന്ന് മനസ്സിലാക്കാം. എന്തെന്നാൽ മാനവികതയായിരുന്നുവല്ലൊ ബൗദ്ധജ്ഞാനത്തിന്റെ അടിസ്ഥാനഘടകം. ഏതാണ്ട് ഏ.ഡി. എട്ടാം നൂറ്റാണ്ടുവരെയെങ്കിലും ബൗദ്ധചിന്തയുടെയും മാനവികതയുടെയും ലോകം കേരളത്തിൽ നിലനിന്നു. എട്ടാം നൂറ്റാണ്ടിനു ശേഷമാണ് വർണാശ്രമവ്യവസ്ഥയെ ലക്ഷ്യമായി സ്വീകരിച്ച ബ്രാഹ്മണ കുടിയേറ്റങ്ങളും 32 ബ്രാഹ്മണ ഗ്രാമങ്ങളും കേരളത്തിൽ ആരംഭിക്കുന്നത്. പരശുരാമൻ ഇതിനു വേണ്ടി പ്രവർത്തിച്ചു എന്നു കരുതപ്പെടുന്നു. തുടർന്ന് ദ്രാവിഡ ദേശവും വർണാശ്രമവ്യവസ്ഥയ്ക്ക് കീഴടങ്ങുകയായിരുന്നു. ഡോ.സി.കെ രാമചന്ദ്രൻ ഈ അവസ്ഥയെ കുറിച്ചു പറയുന്നതു നോക്കാം.
ബ്രാഹ്മണ സമൂഹത്തിന്റെ സുഗമമായ നിലനിൽപിനു വേണ്ടി തദ്ദേശിയരിൽ നിരവധി വിഭാഗങ്ങളെ അവർക്കൊപ്പം ചേർത്തു. അതിലൊന്നും പെടാതെ നിന്നവരെ ചേരിക്കൽ നിവാസികളാക്കി ചാതുർവർണ്യത്തിന്റെ സമൂഹഘടനയിൽ നിന്നു താഴെ തട്ടിലേക്കു മാറ്റി. അവരായിരിക്കണം അവർണജാതികകളായി പരിണമിച്ചത്. ബ്രാഹ്മണാധിപത്യം ശക്തി പ്രാപിക്കുകയും ബൗദ്ധം കെട്ടുപോവുകയും ചെയ്തു. എങ്കിലും ഈ ചേരിക്കൽ നിവാസികളായ സാധാരണക്കാർക്കിടയിൽ വൈദ്യവിജ്ഞാനവും ജ്യോതിഷവും നിലനിന്നു. ഇത് വളരെ പ്രധാനപ്പെട്ട ഒരു നിരീക്ഷണമാണ്. കേരളത്തിലെ പിന്നോക്ക-ബഹുജന വൈദ്യന്മാർ സംസ്‌കൃതം ഉപയോഗിച്ചിരുന്നു. ഈ അറിവ് എവിടുന്ന് കിട്ടി എന്ന കാര്യത്തിൽ ആർക്കും ഉത്തരം ഉണ്ടാകാറില്ല. ജാതീയവിവേചനം പുലർത്തുന്ന ബ്രാഹ്മണരിൽ നിന്നല്ല ഈ അറിവ് ലഭിച്ചത് എന്ന് ഏവർക്കും അറിയാം എന്നാൽ ഈ അറിവ് ബൗദ്ധ വൈദ്യന്മാരിൽ നിന്നാണ് ലഭിച്ചത് എന്നു പറയുവാൻ മടികാണിക്കുന്ന ജ്ഞാനലോകത്തെ നമുക്ക് കേരളത്തിൽ കാണാം. അതുപോലെ തന്നെയാണ് മുസ്ലിം, ക്രിസ്ത്യൻ സമൂഹത്തിലെ വൈദ്യന്മാരുടെയും വേരുകൾ. ബൗദ്ധരിൽ നിന്നും ലഭിച്ച വൈദ്യഅറിവിന്റെയും സംസ്‌കൃത ഭാഷയുടെയും അറിവുകളാണ് ഇതിന്റെ വേരുകൾ എന്നു വ്യക്തമാണ്. മറ്റൊരു പ്രത്യേകതയെന്തെന്നാൽ ബഹുജന വൈദ്യന്മാർ ഉപയോഗിക്കുന്ന ഭാഷ സംസ്‌കൃതമാണൊ? പാലിയൊണൊ, പാലിയാണൊ? എന്നതുമായി ബന്ധപ്പെട്ടതാണ്. പാലി, പ്രാകൃത് ഭാഷയുമായുള്ള അടുപ്പമാണ് ഈ വൈദ്യന്മാർക്ക് ഒന്നാംഘട്ടത്തിലുണ്ടായിരുന്നത്. ബൗദ്ധർ സംസ്‌കൃതവും ഉപയോഗിച്ചിരുന്നു എന്നതിൽ നിന്നാണ് ബഹുജന വൈദ്യന്മാർക്ക് സംസ്‌കൃത അറിവും ലഭിച്ചത് എന്നു ഇവിടെ വ്യക്തമാകുന്നു. ഇക്കാര്യത്തിൽ സംശയമുള്ളവരുടെ അറിവിലേക്കായി മനസ്സിലാക്കുവാൻ ഒരു കാര്യം കൂടി പറയാവുന്നതാണ്. ചികിത്സയും മറ്റും ചെയ്യുന്ന ബ്രാഹ്മണരെ പ്രധാനസ്ഥാനത്ത് നിർത്തുവാൻ ബ്രാഹ്മണ്യം താല്പര്യം കാണിച്ചിരുന്നില്ല എന്ന കാര്യമാണ് അത്. ഇതിനെ കുറിച്ച് ഡോ.സി.കെ രാമചന്ദ്രൻ പറയുന്നത് നോക്കുക.
മികച്ച വൈദ്യജ്ഞാനമുണ്ടായിരുന്ന ഏതാനും കുടുംബങ്ങളെ ബ്രാഹ്മണർ അവരുടെ സമുദായത്തിലേക്ക് കൂട്ടിച്ചേർത്തിട്ടുണ്ടാകാനാണ് സാധ്യത. കേരളത്തിൽ ഏറെ പ്രചാരമുണ്ടായിരുന്ന അഷ്ടാംഗ സമ്പ്രദായ പ്രകാരം ചികിത്സ നടത്തിയിരുന്ന ഈ കുടുംബങ്ങളായിരിക്കാം അഷ്ടവൈദ്യ കുടുംബങ്ങളായി പിന്നീട് അറിയപ്പെട്ടത്. ഇവരിൽ മിക്ക കുടുംബങ്ങൾക്കും പൂർണ ബ്രാഹ്മണ്യത്തിൽ നിന്നും ഒരല്പം പാതിത്യം കൽപിച്ച് മൂസ്സ് എന്ന ജാതിസ്ഥാനമാണല്ലൊ നൽകിയിട്ടുള്ളത്. ബ്രാഹ്മണന് അഗ്നിഹോത്രാദിയജ്ഞങ്ങൾ ചെയ്യേണ്ടതു കൊണ്ട് ദൈഷജ്യവൃത്തി ചെയ്ത് അശുദ്ധിയാവരുത് എന്ന സാമൂഹിക നിയമമനുസരിച്ച് വൈദ്യം ചെയ്യരുത് എന്ന പൊതുവായ ഒരു നിയമവും ഉണ്ടായിരുന്നു. ഇതിനർത്ഥം ബ്രാഹ്മണർ കേരളത്തിൽ കുടിയേറുന്ന കാലത്ത് ഇവിടെ വളർച്ച നേടിയ വൈദ്യചികിത്സാ പാരമ്പര്യം നിലനിന്നിരുന്നു എന്നാണ്. ഈ പാരമ്പര്യത്തിന്റെ സേവനം നേടുകയും അതേ സമയം അവരെ അകറ്റിനിർത്തുകയും ചെയ്യുന്ന വിവേചനരീതി പുലർത്തുന്നതിൽ വരേണ്യത മടികാണിച്ചില്ല എന്നു വ്യക്തമാക്കുന്നു.
ഇങ്ങനെ ബ്രാഹ്മണ്യം ആയുർവേദത്തിന്റെ അറിവുകളെ കുടിലമായി കരസ്ഥമാക്കുകയും ബഹുഭൂരിപക്ഷം വരുന്ന വൈദ്യസമൂഹത്തെ ബഹിഷ്‌കരിക്കുകയുമായിരുന്നു. ഈ അവസ്ഥയെ കുറിച്ച് ഡോ.സി.കെ രാമചന്ദ്രൻ വിലയിരുത്തുന്നുണ്ട്. കേരളത്തിൽ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെയുള്ള ചേരിക്കൽ നിവാസികളായ സാധാരണക്കാരും അവരുടെ പരമ്പരാഗത ജ്ഞാനങ്ങളെ വിശുദ്ധിയോടെ കാത്തുപോന്നു. വേലന്മാർ, മണ്ണാന്മാർ, പെരുവണ്ണാന്മാർ, ഈഴവർ, തീയർ എന്നിവരായിരുന്നു പ്രധാന വൈദ്യന്മാർ. ഹോർത്തൂസ് മലബാറിക്കൂസിന്റെ രചനയിൽ കാര്യമായ പങ്കുവഹിച്ച ഇട്ടി അച്ചുതൻ വൈദ്യൻ ഈ ജ്ഞാനപരമ്പരയിൽപെടുന്നയാളാണെന്ന് അദ്ദേഹത്തിന്റെ സർട്ടിഫിക്കറ്റിൽ നിന്നുതന്നെ വ്യക്തമാണ്.
ഈ രൂപത്തിൽ കേരളത്തിലെ ആയുർവേദ പാരമ്പര്യത്തിന് ബൗദ്ധവുമായും തദ്ദേശ മനുഷ്യരുമായും ഉണ്ടായിരുന്ന ബന്ധത്തെയാണ് നാമിവിടെ കണ്ടത്. അതേ സമയം ഈ കാഴ്ചപ്പാടിനോട് വിയോജിക്കുന്നവരുമുണ്ട്. വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരിയുടെ നിരീക്ഷണം ഇവിടെ ചർച്ച ചെയ്യാവുന്നതാണ്. ഡോ.സി.കെ രാമചന്ദ്രന്റെ നിരീക്ഷണങ്ങൾക്ക് മറുപുറത്താണ് ചെറിയ നാരായണന്റെ നിലപാട്. അത് എങ്ങനെയെന്നു നോക്കാം. ഒരുകാലത്ത് ബുദ്ധമതത്തിന്റെ അതിപ്രസരത്തിൽ ശാസ്ത്രജ്ഞാനങ്ങളെല്ലാംതന്നെ അവരുടെ കീഴിൽ അകപ്പെട്ടതായി ഐതിഹ്യം. ഈ ശാസ്ത്രജ്ഞാനത്തെ അറിയണമെങ്കിൽ ബുദ്ധമതത്തെ അംഗീകരിക്കേണ്ട അവസ്ഥ വരെ എത്തി. അതിൽ നിന്ന് വിട്ടുനിൽക്കുന്ന സമൂഹത്തിന് ഈ സ്ഥിതി ഏറെ ദുസ്സഹമായപ്പോൾ ആ വിജ്ഞാന സമ്പത്ത് സമ്പാദിക്കാൻ മാത്രമായിത്തന്നെ സമൂഹം തീരുമാനിച്ചു. അതനുസരിച്ച് അതിമേധാപ്രഭാവിയായ ഒരു വ്യക്തിയെ കണ്ടെത്തണം എന്ന സ്ഥിതി വന്നു. അതിനു മാത്രമായി പ്രത്യേക ആചരങ്ങളൊ, ഔഷധങ്ങളൊ, മന്ത്രങ്ങളൊ ഉപയോഗിച്ച് സമ്പാദിച്ച വ്യക്തിയാണത്രേ, വാഗ്ഭടൻ അഥവാ വാഹടൻ. ഒരാൾ സാംസ്‌കാരിക ചരിത്രത്തിലൂന്നുമ്പോൾ മറ്റൊരാൾ ഐതിഹ്യത്തിലൂന്നുത് ഇവിടെ കാണുവാൻ കഴിയും.
വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരിയുടെ നിരീക്ഷണം തുടരുന്നു. വാഗ്ഭടൻ വിദ്യാഭ്യാസം കഴിഞ്ഞവേളയിൽ വൈദ്യശാസ്ത്രം പഠിക്കാൻ വേണ്ടി പ്രച്ഛന്ന വേഷധാരിയായി ഒരു ജൈനസന്ന്യാസിയേയോ, ബുദ്ധസന്യാസിയെയോ സമീപിക്കുകയാണുണ്ടായത്. അങ്ങനെ അദ്ധ്യായനം അവസാനിക്കുന്ന സന്ദർഭത്തിൽ താൻ പ്രച്ഛന്നവേഷധാരിയാണെന്ന് സംശയിക്കത്തക്ക വിധത്തിൽ എന്തോ ഉണ്ടാവുകയും തത്ഫലമായി ക്രൂരശിക്ഷ കിട്ടിയേക്കുമൊ എന്ന ഭയം മൂലം അദ്ദേഹം പ്രാണരക്ഷക്കായി മാളിക മുകളിൽ നിന്ന് താഴേക്ക് ചാടുകയും ചാട്ടത്തിൽ അദ്ദേഹത്തിന്റെ ഒരു കാലിന് മുടന്തുവരികയും ചെയ്തു. എന്നാൽ അദ്ദേഹത്തിന് ഉചിതമായ സ്വീകരണം നൽകുവാൻ വൈദിക സമൂഹം തയ്യാറായില്ല എന്നതായിരുന്നു മറ്റൊരവസ്ഥ. കാലുമുടന്തിയ ഒരാളായതിനാൽ അദ്ദേഹത്തെ ഭ്രഷ്ട് കൽപിക്കുകയായിരുന്നു. അദ്ദേഹം അഷ്ടാംഗഹൃദയവും, അഷ്ടാംഗസംഗ്രഹവും രചിക്കുകയും ചെയ്തു. ഈ ഗ്രന്ഥങ്ങളുമായി ഭാരതത്തിലെല്ലായിടത്തും നടന്നുവെങ്കിലും ഇദ്ദേഹത്തിന്റെ ബുദ്ധ അല്ലെങ്കിൽ ജൈനമതത്തിന്റെ അശുദ്ധീകരണം കാരണം ആരും സ്വീകരിക്കാൻ തയ്യാറായില്ല. അങ്ങനെ വടക്കുനിന്നും സഞ്ചരിച്ച് തെക്ക് കേരളത്തിൽ എത്തി. കേരളത്തിലെ പതിനാലോളം ഉന്നത കുലജാതരായ ബ്രാഹ്മണരിലേക്ക് ഈ അറിവ് പകരുകയും ചെയ്തു. എന്നാൽ ബുദ്ധ-ജൈന മതങ്ങളുടെ അശുദ്ധിയെ ഉദ്ദേശിച്ച്, പുണ്യമായ ഏകാദശി ദിവസം ഈ ഗ്രന്ഥങ്ങളുടെ അദ്ധ്യാപനം ഇന്നും പതിവില്ല. ഗുരുശിഷ്യപരമ്പരയിലൂടെ തുടർന്നുവന്നിരുന്ന ഈ ആചാരം ഇപ്പോഴും നിലനിൽക്കുന്നു, എന്നിങ്ങനെയാണ് വൈധ്യമഠം ചെറിയ നാരായണൻ തന്റെ നിലപാട് നിരത്തുന്നത്.
ഡോ.സി.കെ രാമചന്ദ്രനും, വൈദ്യമം ചെറിയ നാരായണൻ നമ്പൂതിരിയും മുന്നോട്ടു വയ്ക്കുന്ന അഭിപ്രായങ്ങളുടെ പ്രശ്‌നമണ്ഡലം പ്രധാനമായും വാഗ്ഭടന്റെ അഥവ വാഗടന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ് എന്നു വ്യക്തമാവുന്നു. ഏഴാം നൂറ്റാണ്ടിനു ശേഷമാണ് വാഗടന്റെ കാലം എന്നതിനാൽ അതിനു മുമ്പുതന്നെ ദ്രാവിഡദേശത്തിൽ തനതായും ബൗദ്ധവുമായി ഉൾച്ചേർന്നു കൊണ്ടും ചികിത്സാസമ്പ്രദായം രൂപപ്പെട്ടിരുന്നു എന്നു കാണാവുന്നതാണ്. ബഹുജനങ്ങളുമായി ചേർന്നു നിൽക്കുന്നതും ബഹുജനക്ഷേമകരവുമായ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുക്കുകയും വിവേചനമൊ, അകൽച്ചയൊ പുലർത്താത്തതുമായ ഒരു ചിന്താമണ്ഡലമായതു കൊണ്ടുതന്നെ ബൗദ്ധർക്ക് എല്ലാത്തരം മനുഷ്യ സമൂഹത്തിന്റെയും ഭാഗമാകുവാൻ സാധിച്ചിരുന്നു. അതുപോലെ തന്നെ രോഗികളെ സ്പർശിക്കുക, രോഗികളുടെ ഭവനം സന്ദർശിക്കുക, രോഗികളുടെ തുടങ്ങിയ കാര്യങ്ങൾ ചെയ്യുവാൻ മാനവിക ചിന്തകൾക്കേ ഇന്ത്യയിൽ സാധിച്ചിരുന്നുള്ളു. ബഹുജനങ്ങളോട് അശുദ്ധിയും അകൽച്ചയും പാലിക്കുന്ന ചിന്തകൾക്ക് ഇത് സാധ്യമായിരുന്നില്ല. അതുകൊണ്ടു തന്നെ ഇന്ത്യയിൽ പടർന്നു പന്തലിച്ചിരുന്ന ആയുരാരോഗ്യ കേന്ദ്രങ്ങളെ എട്ട്,ഒമ്പത് നൂറ്റാണ്ടുകളോടു കൂടി സ്തംഭിപ്പിക്കുകയും പത്താം നൂറ്റാണ്ടോടു കൂടി ബഹുജനങ്ങളെ അകറ്റി നിർത്തിക്കൊണ്ടുള്ള ത്രൈവർണിക കേന്ദ്രങ്ങളാക്കി ചുരുക്കുന്നതിനും വരേണ്യ അധികാര രൂപങ്ങൾക്കു സാധിച്ചു.
ബൗദ്ധ വിജ്ഞാനങ്ങളും ചികിത്സാ സമ്പ്രദായങ്ങളും വാമൊഴിയിലൂടെയും വിവിധ പ്രാദേശിക അറിവുകളിലൂടെയും രൂപം കൊള്ളുകയായിരുന്നു. എ.ഡി ഒന്നാം നൂറ്റാണ്ടുവരെയെങ്കിലും ദ്രാവിഡ, ഇന്തോ-ആര്യൻ ഭാഷകളിലൂടെയാണ് ബൗദ്ധചികിത്സകൾ പ്രചരിച്ചിരുന്നത്. ബൗദ്ധ ചികിത്സ ഒരു സാംസ്‌കാരിക ലോകം നിർമ്മിച്ചു എന്നുകാണാം. ഒന്നാം ഘട്ടത്തിൽ അഞ്ച് അംഗങ്ങളും അതേ സമയം ഏഴാം നൂറ്റാണ്ടോടു കൂടി എട്ട് അംഗങ്ങളുമായി ബൗദ്ധചികിത്സാ സമ്പ്രദായം വികസിച്ചു എന്നു കരുതപ്പെടുന്നു. അഞ്ച് എന്ന അക്കം പഞ്ച ശീലം എന്നതുമായി ബന്ധപ്പെട്ടും എട്ട് എന്ന അക്കം അഷ്ടാംഗ മാർഗം എന്നതുമായി ബന്ധപ്പെട്ടും ബൗദ്ധർ പ്രാധാന്യമുള്ളതായി കാണുന്നുണ്ട്. ശല, സാകല്യ, കായ, ബാധാവിദ്യ, കൗമാര ബൃത, രസായന, വാജീകരണ, അഗദ എന്നിങ്ങനെ എട്ടുതരം ചികിത്സകളാണ് ബൗദ്ധ ചികിത്സയിൽ ഉള്ളത്. പൊതുവേ ആയുർവേദത്തിലും ഇത് നിലനിൽക്കുന്നു. ജീവിതത്തിന്റെ സമ്യക് ആയ അന്തരീക്ഷത്തെക്കുറിച്ച് ബോധ്യമുണ്ടായിരുന്നതിനാൽ, ധ്യാനം എന്ന ഒന്നിന് ഏറെ പ്രാധാന്യം നൽകിയിരുന്നു ബൗദ്ധ സംസ്‌കാരം. വഴിപാടുകൾക്കും ആചാരാദികൾക്കും പകരം ധ്യാനം പ്രധാനപ്പെട്ട ഒന്നായിരുന്നു. ഇത് സാധാരണ മനുഷ്യരിലേക്കും വ്യാപിപ്പിക്കുന്നതിനും ബൗദ്ധ സംസ്‌കാരത്തിനു സാധിച്ചിരുന്നു. ശാസ്ത്രീയമായ ഒരു ശമനമാർഗമായ ധ്യാനം വികസിപ്പിച്ചെടുത്തതും ജീവിതത്തിന്റെ ഭാഗമാക്കിയതും ബൗദ്ധരായിരുന്നു എന്നു കാണാം.
കലിംഗ യുദ്ധത്തിനു ശേഷം, യുദ്ധവും ഹിംസയും ഒഴിവാക്കി അഹിംസാമാർഗത്തിലേക്കു പ്രവേശിച്ച അശോക ചക്രവർത്തി ബൗദ്ധമാർഗമായിരുന്നു തിരഞ്ഞെടുത്തത്. മതേതര വാദിയായിമാറിയ അദ്ദേഹം ഏഷ്യയിലുടനീളം ബൗദ്ധ ആശയ പ്രചാരണങ്ങൾക്ക് പ്രാധാന്യം നൽകി. മഹാമെത്ത, അഥവാ മഹാസൗഹൃദം, എന്നാണ് അശോകൻ ഈ ആശയത്തെ വിളിച്ചത്. മനുഷ്യർക്കും മൃഗങ്ങൾക്കും ചികിത്സ നടത്തുന്ന ധമ്മാതുരാലയങ്ങൾ വ്യാപകമായി സ്ഥാപിക്കപ്പെട്ടത് അശോക ഭരണകാലത്താണ്. ധർമ്മാശുപത്രി എന്ന പൊതുജനാരോഗ്യ പദ്ധതികൾ ഇക്കാലത്ത് തുടക്കം കുറിക്കുകയുണ്ടായി. ബി.സി ഒന്നാം നൂറ്റാണ്ടു മുതൽ ഏ.ഡിയിലേക്ക് വികസിക്കുന്ന ഈ കാലഘട്ടം ബഹുജനങ്ങളെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായതായിരുന്നു. കനിഷ്‌ക രാജാവിന്റെ കാലത്ത് (ഏ.ഡി. ഒന്നാം നൂറ്റാണ്ട്), അശോക ചക്രവർത്തി ഉയർത്തിപ്പിടിച്ച ബഹുജന സേവനപരമായ ആശയങ്ങൾ തുടർന്നും ജനങ്ങൾക്ക് ഒരു പരിധി വരെ ലഭിച്ചു. ബൗദ്ധ ബോധിസ്വത്വന്മാരിൽ ഒരാളായ അശ്വഘോഷനുമായി, കനിഷ്‌കന് ഉണ്ടായിരുന്ന സൗഹൃദം ബഹുജനങ്ങൾക്ക് ക്ഷേമകരമായിത്തീരുകയും മാനവീയ ഭരണത്തിന് സഹായകമാവുകയും ചെയ്തു.
ചരകൻ ഈ കാലഘട്ടത്തിലെ വിദഗ്ധനായ വൈദ്യൻ എന്ന നിലയിൽ ശ്രദ്ധേയനാവുകയും ചെയ്തു. ചരകന്റെ ചികിത്സയ്ക്ക് ജീവകൻ എന്ന ബൗദ്ധവൈദ്യന്റെ അറിവുകളുമായുള്ള അടുപ്പം കാണാം. സുശ്രുതന്റെ കാലം ബി.സി യിലേക്ക് നീളുന്നുണ്ട്. സുശ്രുതന്റെയും ജീവകന്റെയും ചരകന്റെയും ചികിത്സാ ശാസ്ത്രത്തെ ചേർത്തിണക്കിയ വൈദ്യൻ എന്ന നിലയിൽ അറിയപ്പെടുന്നയാളാണ്. മുമ്പു കണ്ട വാഗടൻ അഥവാ വാഗ്ഭടൻ. ഏഴാം നൂറ്റാണ്ടു മുതൽ 12-10 നൂറ്റാണ്ടിനിടയിലുള്ള കാലം ഇദ്ദേഹത്തിന്റെ കാലമായി കരുതപ്പെടുന്നു. ഇത് രണ്ടു വാഗ്ഭടൻമാരുടെ കാലമാണെന്നും കരുതപ്പെടുന്നു.
അദ്ദേഹം ശ്രീലങ്ക വഴി കേരളത്തിലെത്തുകയായിരുന്നു എന്ന് വിലയിരുത്തപ്പെടുന്നു. അദ്ദേഹത്തിന്റെ പിതാവ് സിംഹഗുപ്തനും അദ്ദേഹത്തിന്റെ ഗുരു അവലോകിതനും ആണെന്നു അഭിപ്രായപ്പെടുന്നു. സഞ്ചാരിയായ ഇത്‌സിങ്ങ് വാഗടനെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. അഷ്ടാംഗഹൃദയവും അഷ്ടാംഗസംഗ്രഹവും വാഗ്ഭടൻ രചിച്ചതാണെന്നും കേരളത്തിൽ എത്തുന്നതിനു മുമ്പ് ശ്രീലങ്കയിൽ ഇത് പ്രചരിച്ചിരുന്നു എന്നു വിലയിരുത്തുന്നു. ഒമ്പതാം നൂറ്റാണ്ടിലാവാം അദ്ദേഹം കേരളത്തിൽ എത്തിയത് എന്നു കരുതപ്പെടുന്നു. രണ്ടു വാഗ്ഭടന്മാർ ഉണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ഒന്നാം വാഗ്ഭടൻ ചികിത്സയുടെ പ്രാധാന്യം നൽകിയെന്നും രണ്ടാം വാഗ്ഭടൻ ഭാഷാ സാഹിത്യത്തിന് പ്രാധാന്യം നൽകിയ ആളാണെന്നും വിലയിരുത്തുന്നു. പ്രാദേശിക ഭാഷകളിലും പാലി, പ്രാകൃത്, ദ്രാവിഡ ഭാഷകളിലുമായുണ്ടായിരുന്ന ചികിത്സാ ഗ്രന്ഥങ്ങളെ സംസ്‌കൃതത്തിലേക്ക് വ്യാപിപ്പിക്കുന്നതിൽ വാഗ്ഭടന്റെ ശ്രമം വിജയിക്കുകയുണ്ടായി. തന്റെ ജീവിതം ബൗദ്ധനായിട്ടായിരുന്നു എന്നു കരുതപ്പെടുന്നുവെങ്കിലും അദ്ദേഹം ജൈനനും, മുസ്ലിമും ആണ് എന്നുള്ള നിരീക്ഷണവും നിലവിലുണ്ട്.
അവലോകിതൻ പൂർണ ശബരിയെന്ന പേരിൽ അറിയപ്പെടുന്നു എന്നും നിരീക്ഷിട്ടുണ്ട്. പോതിമേട് അഥവാ ബോധിമേട്, പൊതിയൻ മല തുടങ്ങിയവയാണ് അവലോകിതന്റെ ദേശം എന്നും അഗസ്ത്യമുനിയെ തമിഴ് പഠിപ്പിച്ചത് അവലോകിതനാണെന്നും കരുതപ്പെടുന്നു. ഈ അവലോകിതേശ്വരനാണൊ, വാഗ്ഭടന്റെ ഗുരുവായ അവലോകിതൻ എന്നു വ്യക്തമല്ല എങ്കിലും ബൗദ്ധർക്കിടയിലെ അവലോകിത പരമ്പരയിലൊരു ഗുരുവാണ് വാഗ്ഭടന്റെ ഗുരു എന്നു വ്യക്തം.
ബി.സി അഞ്ചാം നൂറ്റാണ്ടിലാണ് ജീവകൻ എന്ന വൈദ്യനെകുറിച്ചുള്ള അറിവുകൾ ലഭ്യമായിട്ടുള്ളത്. ബിംബി സാരന്റെ കൊട്ടാരത്തിലെ വൈദ്യനായിരുന്നു ഇദ്ദേഹം. പാലിഭാഷയിലുള്ള മൂലസർവ്വാസ്തിവാദ എന്ന കൃതി ഇദ്ദേഹത്തിന്റേതാണ്. സുശ്രുതനും ചരകനും ഏറെ പ്രചാരം ലഭിക്കുമ്പോൾ ബി.സി ആറാം നൂറ്റാണ്ടിൽ സിദ്ധാർത്ഥബുദ്ധന്റെ സമകാലികനായിരുന്ന ജീവകനെ കുറിച്ച് വൈദ്യലോകം മറവിയിലാവുന്നത് ശ്രദ്ധിക്കേണ്ട ഒന്നാണ്. തായി പരമ്പരാഗത വൈദ്യം എന്ന് ഇദ്ദേഹത്തിന്റെ ചികിത്സ അറിയപ്പെടുന്നുണ്ട്. ജീവകസൂത്ര എന്നത് അദ്ദേഹത്തിന്റെ ചികിത്സാ ഗ്രന്ഥങ്ങളിലൊന്നാണ്. പതിനൊന്നാം നൂറ്റാണ്ടിലെ കാശ്മീരി പണ്ഡിതനായിരുന്ന ക്ഷേമേന്ദ്രൻ ഉൾപ്പെടെയുള്ളവരിൽ ജീവകന്റെ രചനകളുടെ സ്വാധീനതയെക്കുറിച്ച് പ്രതിപാദിക്കുന്നതായി കാണാം.
ജീവകന്റെ ചികിത്സാസമ്പ്രദായം ചൈനയിൽ ഏറെ പ്രചരിച്ചതായും കാണുന്നു. മറ്റൊരു പ്രഗദ്ഭൻ നാഗാർജ്ജുനനാണ്. നളന്ദ സർവകലാശാലയിൽ പഠിച്ച ഇദ്ദേഹം ദാർശനികനും വൈദ്യനും ആയിരുന്നു. രസചികിത്സക്ക് ഇദ്ദേഹം പ്രാധാന്യം കൊടുത്തതായി കാണുന്നു. യോഗസാധക, രസവൈശേഷികസൂത്ര തുടങ്ങിയ ചികിത്സാ ഗ്രന്ഥങ്ങൾ ഇദ്ദേഹത്തിന്റേതാണ്. മെഡിസിൻ ബുദ്ധ എന്നറിയപ്പെടുന്ന ഒരുബുദ്ധരൂപമാണ് ബയി സജ്യഗുരൂ വൈഡൂര്യപ്രഭ. ബുദ്ധ സൂത്രത്തിൽ മരുന്നും ചികിത്സയും നൽകുന്ന ബുദ്ധനെന്ന ഇതിനെ നിലയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ടിബറ്റൻ, ചൈനീസ് സംസ്‌കാരത്തിലാണ് ഇത് ഏറെ പ്രചരിച്ചിട്ടുള്ളത്. എട്ടോളം മെഡിസിൻ ബുദ്ധന്മാരെക്കുറിച്ച് വിവരിച്ചുകാണുന്നു. സുപരികീർത്തിതനമഷ്‌റി, സ്വരഘോഷ, സുവർണ ഭദ്രവിമലരത്‌നപ്രഭാസ, അശേകത്തമസ്‌റി, ധർമകീർത്തി സഗരഘോസ, അഭിജ്ഞാനരാജ, ബയിസജ്യഗുരു വൈഡൂര്യപ്രഭ, ഷ്‌റ്ങിഗ് ശാക്യമുനി എന്നിവരാണ് എട്ട് മെഡിസിൻ ബുദ്ധർ എന്ന് അറിയപ്പെടുന്നത്.
ത്രിപിടകത്തിലെ ബെസ്സജ കന്ധകയിൽ മരുന്നുകളുടെ വിഭാഗങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ ലഭ്യമാണ്. ഭിക്ഷുക്കൾക്ക് ചികിത്സ നടത്താമായിരുന്നു. വാഗ്ഭടന്റെ കൃതികളായ അഷ്ടാംഗസംഗ്രഹത്തിലും, അഷ്ടാംഗഹൃദയത്തിലും ബുദ്ധനെ സ്തുതിക്കുന്നുണ്ട്. എല്ലാ ജീവജാലങ്ങൾക്കിടയിലും നിലനിന്നുവരുന്ന ആസക്തി, സാങ്കൽപികത, അറിവില്ലായ്മ, എന്നിവയുടെ ഭാഗമായി ഉണ്ടാകുന്ന എല്ലാവിധ രോഗങ്ങളെയും അതിന്റെ അടിസ്ഥാന കാരണങ്ങളെയും ഇല്ലായ്മചെയ്ത മഹാനായ വൈദ്യൻ ഭഗവാൻ ബുദ്ധനെ ഞാൻ നമിക്കുന്നു എന്ന് വാഗ്ഭടൻ എഴുതുന്നു. എന്നാൽ ഈ സ്തുതിവാക്യത്തിന് പിൽക്കാല വിവർത്തകർ മാറ്റം വരുത്തിയതായും വിലയിരുത്തപ്പെടുന്നു. വൈദ്യന്മാരെ അവരുടെ പ്രവർത്തിയനുസരിച്ച് മൂന്നായി തിരിച്ചിരുന്നു. ഓഷധ പ്രയോഗം ചെയ്യുന്നവരെ ഭിഷക്കുകൾ എന്നും ശസ്ത്രക്രിയ ചെയ്യുന്നവരെ ശല്യവൈദ്യന്മാരെന്നും, മന്ത്രവാദം ചെയ്യുന്നവരെ അഥർവ ഭിഷക്കുകൾ എന്നും വിളിച്ചുവന്നു. അഷ്ടാംഗ വൈദ്യമായി വൈദ്യത്തൈ ചിട്ടപ്പെടുത്തിയത് വാഗ്ഭടനാണ് എന്നു വിലയിരുത്തുന്നുണ്ടെങ്കിലും ചരകൻ ഈ രൂപത്തിൽ ചികിത്സയെ ചിട്ടപ്പെടുത്തിയിരുന്നതായി മനസ്സിലാക്കാം. ബൗദ്ധ ചികിത്സയുടെയും ആയോധന കലയുടെയും സവിശേഷതയുള്ള വ്യക്തിത്വമാണ് ബോധിധമ്മൻ. ഏ.ഡി അഞ്ച്-ആറ് നൂറ്റാണ്ടാണ് ഇദ്ദേഹത്തിന്റെ കാലമായി ഗണിക്കപ്പെടുന്നത്. ചൈനയിലെ ഷാവോലിൻ ആയോധന വിദ്യാലത്തിന്റെ സ്ഥാപകൻ കൂടിയാണ് ഇദ്ദേഹം.
കേരളത്തിലെ സാധാരണ ജീവിതത്തിൽ ബൗദ്ധ സംസ്‌കാരം നൽകിയ സംഭാവനകളെയും സ്വാധീനതയെയും കുറിച്ച് നിരവധി പഠനങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ബുദ്ധതൈലങ്ങൾ എന്ന പേരിൽ വിളിച്ചു വന്നിരുന്ന എണ്ണകളും കുഴമ്പുകളും മറ്റും ഏറെ പാരമ്പര്യമുള്ള തൈല ചികിത്സയുടെ ഭാഗമാണെന്നു വിലയിരുത്തപ്പെടുന്നു.
ഇന്ത്യൻ ആയുർവ്വേദത്തിൽ വൈദിക പാരമ്പര്യവും ബൗദ്ധ പാരമ്പര്യവും രണ്ടു സംസ്‌കാരങ്ങളുടെ വളർച്ച വ്യക്തമാക്കുന്നുണ്ട് എന്നു വ്യക്തമാണ്. ദ്രാവിഡ സംസ്‌കാരത്തിനും തദ്ദേശ സംസ്‌കാരത്തിനും ആദി എന്നുവിളിക്കുന്ന സംസ്‌കാരം നിലനിന്നിരുന്നതായി മനസ്സിലാക്കാവുന്നതാണ്. ചെങ്ങന്നൂരാദി, അമ്പലപ്പുഴആദി, മങ്കൊമ്പിൽആദി, നീരേറ്റുപുറത്താദി, വൈക്കത്താദി, നീലം പേരൂരാദി തുടങ്ങിയ ഇരുപത്തിയൊന്നോളം ആദിമാർ വൈദ്യവും ചികിത്സയും അറിയാവുന്നവർ ആയിരുന്നു. കേരളത്തിലെ തദ്ദേശിയ അറിവുകൾ ആദി എന്ന് വിളിക്കുന്ന പണ്ഡിതന്മാരിലൂടെ വികസിക്കുകയും പരമ്പരയായി തുടർന്നു വരികയും ചെയ്തു. ഈ തദ്ദേശ അറിവുകളാണ് ബൗദ്ധജ്ഞാനവുമായി സഹവർത്തിച്ചത് എന്നു വിലയിരുത്താം.
കളരി അയോധന രൂപങ്ങളും ചികിത്സാജ്ഞാനങ്ങളും കാർഷിക ആത്മീയ വൈജ്ഞാനിക അറിവുകളും തദ്ദേശസമൂഹങ്ങൾ വികസിപ്പിച്ചെടുക്കുകയുണ്ടായി. എട്ടാം നൂറ്റാണ്ടു വരെയെങ്കിലും വികസിച്ച ഈ സമൂഹത്തിലേക്കാണ് പടിപടിയായി വരേണ്യതയുടെ കടന്നുകയറ്റം പത്താംനൂറ്റാണ്ടോടു കൂടി പിടിമുറുക്കിയത്.
ബൗദ്ധ ജ്ഞാനങ്ങൾക്കുമേൽ പ്രശ്ഛന്നതയോടുകൂടി പ്രവേശിക്കുകയും അതിനെ നാമാവശേഷമാക്കുകയും ചെയ്യുന്നരീതിയായിരുന്നു കേരളത്തിലും പ്രവർത്തിച്ചത് എന്നുവ്യക്തമാവുന്നു. വൈദ്യമഠം ചെറിയ നാരാണൻ നമ്പൂതിരിയുടെ നിരീക്ഷണം ഈ ചിന്തയ്ക്ക് പ്രാധാന്യം നൽകുന്നുണ്ട്. ബൗദ്ധ ചിന്തകളെയും തുടർന്ന് വികാസം നേടിയ നാഗർജ്ജുനന്റെ ശ്യൂന്യതാവാദത്തെയും കടമെടുക്കുകയും തെറ്റായ വ്യാഖ്യാനം നടത്തുകയും ചെയ്ത ശങ്കരാചാര്യനെ പ്രശ്ഛന്ന ബുദ്ധൻ എന്നാണ് വിളിച്ചുവരുന്നത്. ഇതേ പ്രശ്ഛന്നത വരേണ്യപണ്ഡിതരിലും തുടർന്നും ദർശിക്കാനാവുന്നു എന്നാതണ് മറ്റൊരു പ്രത്യേകത. ഒരു രീതിയിൽ വിചാരിക്കുമ്പോൾ വാഗ്ഭടൻ അഥവാ വാഗടൻ നടത്തിയത് പ്രശ്ഛന്ന ബുദ്ധത്വമായിരുന്നൊ എന്ന സംശയം തെളിഞ്ഞു നിൽക്കുന്നു. അനാത്മാവാദികളിൽ നിന്നും വിജ്ഞാനം സ്വീകരിക്കുകയും വൈദിക സമൂഹത്തിന് അനുഗുണമാക്കുകയും ചെയ്യുന്ന ഈ പ്രച്ഛന്നത അറിവിലും സമ്പത്തിലും അധികാരത്തിലും നിരന്തരം സ്വീകരിച്ചുവന്നിരുന്നു എന്നു വിലയിരുത്താവുന്നതാണ്.
കേരളത്തിൽ പത്താംനൂറ്റാണ്ടിലും ശക്തമായി നിലയുറപ്പിച്ചിരുന്ന ദക്ഷിണ കേരളത്തിലെ ഒരു അയോധന കളരി ചീരപ്പൻ ചിറ തറവാടിൽ നിലനിന്നു വന്നിരുന്നു. ശബരിമല അയ്യപ്പൻ എന്ന മണികണ്ടൻ ഇവിടെയാണല്ലൊ അയോധന കളരി പഠിച്ചത്. പതിനഞ്ചാം നൂറ്റാണ്ടിലും പ്രസിദ്ധിയോടെ നിലനിന്ന തച്ചോളി കുടുംബങ്ങളും പുത്തൂരം കുടുംബങ്ങളും വടക്കൻ കേരളത്തിന്റെ പ്രത്യകതയായിരുന്നു. ഇതു വ്യക്തമാക്കുന്നത് കേരളത്തിലെ തദ്ദേശിയർക്ക് സ്വന്തമായ ചികിത്സാ പാരമ്പര്യവും അയോധന കളരികളും ഏറെക്കാലം നിലനിർത്തുവാൻ സാധിച്ചിരുന്നു എന്നും കാലാന്തരത്തിൽ ജാതി മേൽകീഴ് ബന്ധങ്ങൾ ഇവരെ സ്വാധീനിച്ചിരുന്നു എന്നുമാണ്. തെക്കൻ തിരുവിതാം കൂറിലെ നാടാർ സമൂഹത്തിനുള്ളിൽ സവിശേഷമായ അയോധന കളരിയഭ്യാസ രീതികൾ നിലനിന്നിരുന്നു. വടക്കൻ കേരളത്തിൽ പ്രചരിച്ച ഈ കളരിയെ തെക്കൻ മുറ എന്നും നാടാർ മുറ എന്നും വിളിച്ചു വന്നിരുന്നു.
ആയുർവ്വേദം എന്ന നിലയിൽ പ്രചരിച്ച മറ്റൊരു വാക്കായിരുന്നു ആര്യവൈദ്യം എന്നത്. ബൗദ്ധ ചികിത്സകൾ ആര്യവൈദ്യം എന്ന പേരിൽ അറിയപ്പെട്ടിരുന്നതായി വൈദ്യൻ സുനിൽ പെരുമാൾ വിലയിരുത്തുന്നുണ്ട്. അരിയവൈദ്യം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത് എന്നും ആര്യം എന്ന വാക്കായിരുന്നില്ല പകരം അരിയം എന്ന പാലിപദമായിരുന്നു പ്രചരിച്ചിരുന്നത് എന്നും അദ്ദേഹം വിവരിക്കുന്നു. സംസ്‌കൃതത്തിലെ ധർമ്മം എന്നത് വർണാശ്രമ ധർമ്മം എന്ന് അനുശാസിക്കുന്നു. അതേ സമയം പാലിഭാഷയിലെ ധമ്മം എന്നത് പഞ്ചശീലാചരണത്തെയും അഷ്ടാംഗ മാർഗത്തെയും ഉൾക്കൊള്ളുന്ന ബുദ്ധ ധമ്മത്തെയാണ് ലക്ഷ്യമിടുന്നത്. അഥവാ ധർമ്മം എന്നതിനു പകരമല്ല ധമ്മം. ഇതേ സവിശേഷതയാണ് ആര്യൻ എന്ന പദവും അരിയ എന്ന പദവും തമ്മിലുള്ളത് ബൗദ്ധ അറിവുകളാൽ പ്രിയപ്പെട്ടത് എന്നാണ് അരിയ, അരിയസത്യ എന്നീ വാക്കുകൾ ലക്ഷ്യമാക്കുന്നത്. അരിയ വൈദ്യം എന്നത് ബൗദ്ധ സംസ്‌കാരത്തിന്റെ പ്രതിഫലനമാണ്. കാലാന്തരത്തിൽ പ്രച്ഛന്നജ്ഞാനികൾ അവയെ തട്ടിയെടുക്കുകയും തകിടം മറിക്കുകയും ചെയ്തു. പാരമ്പര്യം എന്ന വാക്കിനും ഈ അർത്ഥത്തിൽ ഏറ്റവും ശ്രേഷ്ഠമായ പാരം+അരിയം – പാരമ്പരിയം എന്ന അർത്ഥമാണ് നൽകാൻ കഴിയുന്നത്. ഇത് ഭാഷാപരമായ പ്രശ്‌നമല്ല എന്നും പകരം ഇന്ത്യയിലെ സവിശേഷമായ ഒരു ജ്ഞാന പദ്ധതിയെ ഇരുളിൽ നിർത്തുന്നതിന്റെ പ്രശ്‌നങ്ങളാണ് ഇത്തരത്തിൽ ഭാഷാ പഠനം മുന്നോട്ടു വയ്ക്കുന്നത് എന്നും കാണാം. ഈ തിരിച്ചറിവില്ലാതെ പത്താം നൂറ്റാണ്ടിനു ശേഷമുള്ള താളിയോലപ്പകർപ്പുകൾ വായിക്കാൻ ശ്രമിച്ചാൽ ജാതിവ്യവസ്ഥയെ ന്യായീകരിക്കുവാനും വർണാശ്രമധർമ്മവ്യവസ്ഥയെയും അശുദ്ധികർമ്മങ്ങളെയും സ്ഥാപിക്കുവാനും പാഠകർ തയ്യാറായിത്തീരും. അത്രമാത്രം നിർമ്മലവും നിഷ്‌കളങ്കവുമല്ല ത്രൈവർണിക ഗ്രന്ഥച്ചുരുകൾ എന്ന ബോധവും ത്രൈവർണികാശ്രിത ശൂദ്ര രചയിതാക്കളുടെ ഗ്രന്ഥങ്ങൾ എന്നും തിരിച്ചറിഞ്ഞേ മതിയാകൂ. പത്താം നൂറ്റാണ്ടോടുകൂടി കേരളത്തിലെ തദ്ദേശ സമൂഹത്തിന്റെ ചികിത്സ, സംസ്‌കൃത ബന്ധമില്ലാതെ സ്വതന്ത്ര്യമായി വളർന്നു. ബ്രാഹ്മണ ചികിത്സയാകട്ടെ നാട്ടുരാജാക്കന്മാരുടെ പിൻബലത്താൽ അധികാര സ്ഥാപനങ്ങളായി പിറവിയെടുത്തു. ഇത്തരം അധികാരസ്ഥാപനങ്ങൾ കേരളത്തിലെ ഭൂരിപക്ഷം വരുന്ന സാധാരണ മനുഷ്യരെ ദീർഘകാലം പുറത്തുനിർത്തുകയുണ്ടായി. അശോക ചക്രവർത്തി രൂപപ്പെടുത്തിയ ധർമ്മാശുപത്രികളും മനുഷ്യർക്കും മൃഗങ്ങൾക്കും വേണ്ടി തുറന്ന ചികിത്സാകേന്ദ്രങ്ങളും പടിപടിയായി അടച്ചുപൂട്ടുകയായിരുന്നു.
പതിമൂന്നാം നൂറ്റാണ്ടോടെ പിറവിയെടുത്ത സിദ്ധന്മാരുടെ സേവനം ബഹുജനങ്ങൾക്ക് ചികിത്സ നൽകുകയുണ്ടായി. അതോടൊപ്പം വർണബാഹ്യസമൂഹങ്ങൾ മന്ത്ര-തന്ത്ര ചികിത്സ കൊണ്ട് വരേണ്യതയെ പ്രതിരോധിക്കുകയുമുണ്ടായി. കേരളത്തിൽ വ്യാപകമായി നിലനിന്നിരുന്ന ഒടിവിദ്യ, അവർണസമൂഹത്തിന്റെ ഒരു മരുന്നുകൂട്ടിൽ നിന്നും രൂപപ്പെടുത്തിയതായിരുന്നുവല്ലൊ. അതേ സമയം അവർണരായ ഈഴവർ വേലർ, തിയ്യർ, മണ്ണാൻ ഉൾപ്പെടുന്ന സമൂഹങ്ങൾ ചികിത്സാസമ്പ്രദായം നിലനിർത്തി വന്നു. ഇത് ഒരു പരിധിവരെ അവർണർക്ക് സഹായകമായി. വരേണ്യതയോടു വിയോജിച്ച തദ്ദേശിയർ ക്രൈസ്തവ, ഇസ്ലാം മതത്തിൽ ചേരുകയും അവർക്കറിയാവുന്ന ചികിത്സാ പദ്ധതികൾ വിപുലപ്പെടുത്തുകയും ചെയ്തു. ക്രൈസ്തവ വൈദ്യന്മാർ ഫ്രഞ്ച്, ഡച്ച്, പോർച്ചുഗീസ്, ഇംഗ്ലീഷ്, ചികിത്സകളിലേയ്ക്ക് ഇത് നവീകരിച്ചപ്പോൾ മുസ്ലിം വൈദ്യന്മാർ യൂനാനി ഉൾപ്പെടുന്ന വിവിധ മുസ്ലിം വൈദ്യ അറിവുമായി ബന്ധിപ്പിച്ച് നവീകരിച്ചു. ബൗദ്ധരായിരുന്ന തദ്ദേശിയരിൽ പലരുടെയും ചികത്സാഅറിവുകൾ പച്ചമരുന്നു ചികിത്സയായും നാട്ടറിവു ചികിത്സയായും നിലനിൽ്ക്കുകയും ബഹുഭൂരിപക്ഷവും അസ്തമിക്കുകയും ചെയ്തു. എങ്കിലും മോഡേൺ മെഡിസൺ വ്യാപിക്കുന്നതിനു മുമ്പുവരെ ജാതികളുടേതായ ചികിത്സാ രീതികൾ ഒരളവുവരെ നില നിന്നിരുന്നു എന്നു കാണാവുന്നതാണ്. ഇവ പലതും ശ്രേഷ്ഠമൊ മെച്ചപ്പെട്ടതൊ ആയിരുന്നില്ല. പലതും ഗതികേടുകളിൽ നിന്നും രൂപപ്പെട്ടവയായിരുന്നു. അറിവു പകർന്നതാരൊ അവരെ നിശബ്ധമാക്കിയ ചരിത്രമാണ് ഭാരതീയ സംസ്‌കാരത്തിനുള്ളത്. കേരളത്തിലും പാരമ്പര്യ വൈദ്യചികിത്സയും ബൗദ്ധ സാംസ്‌കാരികതയും വസ്തുതാപരമായും നിശബ്ധമായും കർത്തൃസ്ഥാനം അലങ്കരിക്കുന്നു എന്നു വ്യക്തമാവുന്നു.
ഉപസംഹാരം
കേരളത്തിന് തനതായ ഒരു ആയുർവേദ പാരമ്പര്യം ഉണ്ട്. ഇത് ആദിദ്രാവിഡവും ദ്രാവിഡവും ആയതാണ്. ഈ പാരമ്പര്യചികിത്സാസമ്പ്രദായമാണ് തുടർന്ന് ഒരു സാംസ്‌കാരിക, മാനവികത നിർമിക്കുന്നത്. ബി.സി ആറാം നൂറ്റാണ്ടിൽത്തന്നെ ബുദ്ധസംസ്‌കാരം കേരളത്തിന്റെ ഭാഗമായി. ഇതിനു കാരണം സിന്ധുനാഗരികത രൂപപ്പെടുത്തുതിൽ ദ്രാവിഡർക്കുള്ള പങ്കുമായി ബന്ധപ്പെട്ടതാണ്. തുടർന്ന് ഓരോ ബുദ്ധന്മാരുമായും ദ്രാവിഡദേശത്തിന് ബന്ധമുണ്ട്. സിദ്ധാർത്ഥ ഗൗതമബുദ്ധന്റെ കാലത്തോടെ ഇത് കൂടുതൽ കരുത്താർജ്ജിച്ചു. അഞ്ചംഗബലമുള്ള ചികിത്സാ രീതിയായിരുന്നു ഇക്കാലത്തുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടോടെ ഉത്തരേന്ത്യയിൽ നിന്നും വാഗഭടൻ ശ്രീലങ്കവഴി കേരളത്തിൽ എത്തി. എട്ട് അംഗങ്ങളുള്ള ചികിത്സാപദ്ധതിക്ക് ഇത് വഴിവെച്ചു. ഒൻപത്, പത്ത് നൂറ്റാണ്ടോടെ ബ്രാഹ്മണ്യം അതിന്റെ ചാതുർവർണ്യവ്യവസ്ഥയെ ദ്രാവിഡദേശത്ത് ശക്തമാക്കി. തദ്ദേശവൈദ്യന്മാരെ നിരാലംബരാക്കുകയും, അതിൽനിന്നും അപൂർവ്വം ചിലരെ മൂസ്സ് സ്ഥാനം നൽകി വർണവ്യവസ്ഥയുടെ ഭാഗമാക്കുകയും ചെയ്തു. തദ്ദേശീയർ അവരുടെ വൈദ്യം തുടർന്നുവെങ്കിലും ബുദ്ധസംസ്‌കാരം തുടരാൻ അനുവദിക്കാത്തതിനാൽ പടിപടിയായി ബൗദ്ധസംസ്‌കാരം നിലച്ചുപോയി. പത്താംനൂറ്റാണ്ടിനു ശേഷം ത്രൈവർണികർ തയ്യാറാക്കിയ താളിയോലകളിൽ വൈദ്യശാസ്ത്ര അറിവുകൾക്കൊപ്പം ജാതിമഹത്വവും, വർണാശ്രമധർമ്മസ്ഥാപനവും ചാതുർവർണ്യവും വിവേചനവും കലർത്തിയതിനാൽ, ബൗദ്ധരും ആദിദ്രാവിഡരും രൂപപ്പെടുത്തിയ മാനവിക ദർശനങ്ങൾ നിശബ്ദമാക്കപ്പെട്ടു.

