പ്രാകൃതഭാഷയിൽ എങ്ങനെ പ്രണയിക്കാം? III

ഊടൽ (പ്രണയകലഹം)

1. പേരു തെറ്റി വിളിച്ചപ്പോൾ…


സന്തോഷത്തോടെ അവൾ അണിഞ്ഞൊരുങ്ങി ഒപ്പമിരുന്നു.
അവൻ അബദ്ധത്തിൽ മറ്റൊരു സ്ത്രീയുടെ പേരുവിളിച്ചു;

തൻ്റെ അലങ്കാരത്തിലേക്ക് അവൾ നോക്കി
ബലി കൊടുക്കാൻ കൊണ്ടുപോകുന്ന കാളയുടെ അലങ്കാരങ്ങൾ

[ശ്ലോകം: 24]


2. മാനവും പ്രണയവും

അവൻ കോപത്തോടെ മുഖം തിരിച്ചപ്പോൾ
അഭിമാനിയായ അവളും അതു ചെയ്തു
പക്ഷേ, ഹൃദയങ്ങൾ അതറിഞ്ഞില്ല.


[ശ്ലോകം: 26]


3. പിണക്കത്തിലെ നീറ്റൽ

അരികിൽ വന്ന് തൊഴുതു യാചിച്ചു
മുഖം തിരിച്ചുതന്നെ നിന്നു;
സഖീ, അവൻ അകന്നുപോയപ്പോൾ
എന്തുകൊണ്ടാണ് ഇത്രയേറെ നീറുന്നത്?”

[ശ്ലോകം: 27]


4. പേരു മാറി വിളിക്കൽ

പ്രണയകേളികൾക്കിടയിൽ അബദ്ധത്തിൽ
അവൻ സപത്നിയുടെ പേരുവിളിച്ചു;
നിമിഷനേരം കൊണ്ട് അവളുടെ പുഞ്ചിരി മാഞ്ഞു,
അധരങ്ങൾ വിറകൊണ്ടു!

[ശ്ലോകം: 32]


5. പ്രണയകോപം

“എന്റെ പാദങ്ങളിൽ വീണ് മാപ്പപേക്ഷിക്കുമ്പോഴും
അവന്റെ വ്യാജമായ അൻപ് ഞാൻ തിരിച്ചറിയുന്നുണ്ട്;
എന്നിട്ടും എന്റെ കഠിനമായ മനം
എന്തുകൊണ്ടാണ് അവനോട് അലിഞ്ഞുപോകുന്നത്?”

[ശ്ലോകം: 33]


6. ഒളികൺ നോട്ടം

പിണക്കം പുറത്തുകാട്ടാൻ
മുഖം തിരിച്ചുതന്നെ നിന്നു;
പക്ഷേ, ഒളിഞ്ഞുനോക്കുന്ന
കുസൃതിക്കണ്ണുകളെ ഒളിപ്പിച്ചു വെക്കാൻ കഴിഞ്ഞില്ല!

[ശ്ലോകം: 51]

7. പിണക്കവും മാഞ്ഞുപോകലും

മുഖം തിരിച്ചിരുന്ന അവളെ
മെല്ലെ അരികിലേക്ക് ചേർത്തു;
അവളുടെ കോപമെല്ലാം മഞ്ഞുപോലെ അലിഞ്ഞു ഇല്ലാതായി
ഒരൊറ്റ ആലിംഗനത്തിൽ!

[ശ്ലോകം: 71]

8. തോറ്റുപോകുന്ന വാശി

ഞാൻ ഇനി സംസാരിക്കില്ലെന്ന്
വാശിപിടിച്ചതാണ്

എന്റെ വാശിയെല്ലാം എവിടെപ്പോയി മറഞ്ഞു?

അവൻ അരികിലെത്തി പുഞ്ചിരിച്ചപ്പോൾ


[ശ്ലോകം: 74]

 


9. പ്രണയികളുടെ തർക്കം

കണ്ടുനിൽക്കുന്നവർക്ക്
ഒരു സുന്ദരമായ വിരുന്നാണ്!
വാക്കുകളാൽ പരസ്പരം വഴക്കിടുമ്പോഴും
കണ്ണുകളാൽ പുണരുന്ന അവരുടെ കള്ളപ്പിണക്കം

[ശ്ലോകം: 98]


10. അലിയുന്ന മതിൽക്കെട്ടുകൾ


എത്ര യാചിച്ചാലും ഞാൻ വഴങ്ങില്ല
ആ പ്രണയനോട്ടം
മതിൽക്കെട്ടുകൾ
തകർന്നു വീണു!

[ശ്ലോകം: 129]


11.പിണക്കവും പുഞ്ചിരിയും

കൺപോളകൾ അടച്ചു;
അവൻ വന്നിരുന്നപ്പോൾ
ചുണ്ടുകളിൽ തൊട്ടപ്പോൾ
പുഞ്ചിരിയായി

[ശ്ലോകം: 152]


12.വിരലുകളിലെ പിണക്കം


അവൻ നീട്ടിയ കൈകൾ തട്ടിയകറ്റുമ്പോഴും
അവളുടെ വിരലുകൾ അവന്റെ വസ്ത്രങ്ങളിൽ തടഞ്ഞുനിന്നു;
വാക്കുകളിൽ കോപം നിറച്ചെങ്കിലും
ശരീരം പ്രണയത്തെ വഞ്ചിച്ചില്ല!

[ശ്ലോകം: 163]


13. മൗനത്തിന്റെ തടവ്

ഒരക്ഷരം പോലും മിണ്ടാതെ അവൾ തിരിഞ്ഞുനിന്നു;
എന്നാൽ അവളുടെ വിറയ്ക്കുന്ന അധരങ്ങളും
പെയ്യാൻ മടിക്കുന്ന മിഴികളും
പ്രണയം വിളിച്ചുപറഞ്ഞു!

[ശ്ലോകം: 184]


14. സപത്നീ അസൂയയും ഊടലും

അവൾ പുച്ഛത്തോടെ തിരിഞ്ഞുനടന്നു;
അവൻ്റെ വസ്ത്രത്തിൽ ആരുടെ അലങ്കാരങ്ങൾ
പ്രണയം എത്രമേൽ തീക്ഷ്ണം
അത്രമേൽ സന്ദിഗ്ദ്ധം

[ശ്ലോകം: 188]


15. കണ്ണീരിലെ കോപം


എന്നോട് കുറ്റം ചെയ്തുവെന്ന് അറിഞ്ഞിട്ടും
നീ എന്തിനാണ് എന്നെ ഇങ്ങനെ നോക്കുന്നത്?
എന്റെ കണ്ണീരുകൊണ്ട് നിന്റെ അപരാധങ്ങൾ
കഴുകിക്കളയാൻ ഞാൻ ഒരുക്കമല്ല!

[ശ്ലോകം: 215]


16.വാശിയുടെ ഒടുക്കം

ഇനി ഒരിക്കലും അവനോട് സംസാരിക്കില്ല
തോഴിമാരോടുള്ള ശപഥം;
അവന്റെ ശബ്ദം കാതിൽ പതിച്ചപ്പോൾ
എല്ലാം കാറ്റിൽ പറന്നുപോയി!

[ശ്ലോകം: 216]

17.കാലിൽ വീഴുന്ന കാമുകൻ

അവളുടെ പാദങ്ങളിൽ വീണു.;
അഭിനയം തോറ്റു പോയി

[ശ്ലോകം: 270]


18. കള്ളപ്പിണക്കം

തൊടാൻ വന്നപ്പോൾ അകന്നുമാറുന്നവൾ,
അകലുമ്പോൾ നിരാശയോടെ നോക്കുന്നവൾ;
കള്ളപ്പിണക്കമാണ്
നിൻ്റെ ഭംഗി!

[ശ്ലോകം: 275]


19. മിഴികളിലെ പോരാട്ടം

ഇരുവരും പരസ്പരം നോക്കാതെ വാശിപിടിച്ചിരുന്നു;
ജനലഴികൾ തഴുകിയെത്തിയ കാറ്റ്
അവരുടെ ശ്വാസങ്ങളെ ഒന്നാക്കി

[ശ്ലോകം: 280]

 


20. വ്യാജമായ പ്രണയം

നിന്റെ കുപ്പായത്തിലെ അപരിചിതഗന്ധം,
എനിക്ക് തന്ന വാഗ്ദാനങ്ങളുടെ ലംഘനം

[ശ്ലോകം: 374]

 

21. തിരിഞ്ഞുനോട്ടം

കോപത്തോടെ ഇറങ്ങിനടക്കുന്നവൾ

പിന്നിൽനിന്ന് ഓടിയെത്തി ചേർത്തുപിടിക്കുമെന്ന
ആശ,

ഈ പിണക്കം

[ശ്ലോകം: 384]

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x