പ്രാകൃതഭാഷയിൽ എങ്ങനെ പ്രണയിക്കാം? II

പ്രാചീന പ്രാകൃതഭാഷയിലെഴുതിയ ‘ഗാഥാസപ്തശതി’ എന്ന കൃതിയിൽ നിന്നുമുള്ള വിവർത്തനങ്ങൾ

ഭാഗം 2: ഇരുത്തൽ (കാത്തിരുപ്പ്)

  1. വഴിപ്പന്തലിൽ കൺപാർത്ത്

” മാമി, അവൻ വേഗം മടങ്ങിയെത്താൻ

ഞാൻ മാമ്പൂക്കൾ വച്ച് തൊഴുതു,

 മദ്യവും കഴിച്ചു;

തെക്കൻ കാറ്റേറ്റ് വാതിൽക്കൽ കണ്ണുനട്ടു നിൽക്കുകയാണ് ഞാൻ;

എന്നെക്കാൾ വലിയതാണോ അവന് അവന്റെ ജോലികൾ?”

[ശ്ലോകം: 7]

  1. ചുമരിലെ രേഖകൾ

അവൾ ചുമരിൽ കുറിച്ചുവെച്ച വരകൾ,

അവൻ വരുന്ന ദിവസങ്ങൾ എണ്ണാനായി

 

വൈകുമെന്നറിഞ്ഞ് തോഴിമാർ കൂട്ടി വരച്ചു

വേഗം വരട്ടെയെന്നോർത്ത് അവൾ ചിലത് കള്ളത്തരത്തിൽ മായ്ച്ചുകളഞ്ഞു!

[ശ്ലോകം: 15]

  1. പടിവാതിലിലെ കാത്തിരുപ്പ്

അവൾ നിശബ്ദയായി പടിവാതിലിൽ നിന്നു;

യാത്ര പോകുന്ന അവനെ നോക്കി

അവന്റെ പാതയിലെ വലിയ തടസ്സം

അവളുടെ കണ്ണിൽനിന്നു പൊഴിഞ്ഞ ഒരൊറ്റകണ്ണീർത്തുള്ളി

 

[ശ്ലോകം: 46]

 

  1. നോക്കിനിൽക്കുന്ന കണ്ണുകൾ

 

അവൻ ദൂരെയെവിടെയോ കടന്നുപോയി

പാതയിൽത്തന്നെ തങ്ങിനിൽക്കുന്ന

അവളുടെ നോട്ടം

 

കണ്ണിൽനിന്ന് മറഞ്ഞു

പക്ഷെ കൂടുതൽ തെളിയുന്നു

അവൻ്റെ രൂപം!

[ശ്ലോകം: 85]

 

  1. ഇലയനക്കങ്ങളിലെ മിടിപ്പ്

 

വാതിൽപ്പടിയിൽ കണ്ണുനട്ടിരിക്കുന്നവൾ;

അവൻ്റെ  വരവും കാത്ത്

 

കാറ്റിൽ ഉണങ്ങിയ ഇല അനങ്ങുന്നു

അവളുടെ ഹൃദയം പെട്ടെന്ന് മിടിക്കാൻ തുടങ്ങുന്നു!

 

[ശ്ലോകം: 101]

 

  1. പ്രണയത്തിന്റെ കാത്തിരിപ്പ്

 

നീ കടന്നു പോയി,

എന്റെ പ്രണയത്തെ ഒന്നു നോക്കുക പോലും ചെയ്യാതെ;

പക്ഷേ, നിന്റെ പാതയിൽത്തന്നെ കാത്തുകിടക്കുന്നു

എന്റെ ഹൃദയം, ഇപ്പോഴും.

 

[ശ്ലോകം: 146]

 

  1. കാത്തിരിപ്പിലെ സായാഹ്നം

സന്ധ്യയുടെ ചുവപ്പ് പടിഞ്ഞാറേ മാനത്ത് മായുന്നു

അവൾ ഗ്രാമപാതയിലേക്ക് വിരലുകൾ നീട്ടി നിൽക്കുന്നു;

ഒരു പകൽ മുഴുവൻ നീണ്ട കാത്തിരിപ്പ്

രാത്രിയുടെ ഇരുട്ടിലേക്ക് വീണ്ടും നീളുകയാണ്!

 

[ശ്ലോകം: 208]

 

  1. പ്രഭാതത്തിലെ മിഴികൾ

 

രാത്രി മുഴുവൻ ഉറങ്ങാതെ ജനൽപടിയിൽ തലചായ്ച്ചിരുന്നവൾ;

പ്രഭാതത്തിലെ മഞ്ഞുതുള്ളികൾക്കിടയിലൂടെ

അവൻ വരുന്ന പാതയിലേക്ക്

വീണ്ടും പ്രകാശത്തോടെ കണ്ണുനടുന്നു!

 

[ശ്ലോകം: 245]

 

  1. വാതിൽപടിയിലെ മൗനം

 

പറയാൻ ആയിരം വാക്കുകൾ മനസ്സിൽ കരുതിവെച്ച്

അവൾ പടിപ്പുരയിൽ കാത്തുനിൽക്കുന്നു;

പക്ഷെ,അവളുടെ വാക്കുകളെല്ലാം ലജ്ജയിൽ ഒളിക്കുന്നു

അവന്റെ പാദശബ്ദം അകലെ കേൾക്കുമ്പോൾ

 

[ശ്ലോകം: 267]

 

  1. വഴിനോക്കി നിൽക്കുന്ന കാമുകി

 

എന്റെ ഹൃദയമേ, നീ വെറുതെ

ഇത്രമേൽ ധൃതിപ്പെടാതിരിക്കൂ!

 

അകലെ കാണുന്ന പൊടിപടലങ്ങൾ

അവന്റെ കുതിരക്കുളമ്പടിയിൽ ഉയർന്നതാണോ?

 

[ശ്ലോകം: 339]

 

  1. നിഴലുകളുടെ കാത്തിരുപ്പ്

 

അവൾ ദിവസത്തിന്റെ ദൈർഘ്യം അളക്കുന്നു;

സൂര്യൻ ചരിയുമ്പോൾ നീളുന്ന മരത്തണലുകളെ നോക്കി

 

പ്രിയനില്ലാത്ത ഓരോ നിമിഷവും

ഒരു യുഗം പോലെ നീണ്ടുപോകുന്നുവല്ലോ!

 

[ശ്ലോകം: 363]

 

  1. മുറ്റത്തെ ദീപം

 

അവൾ മുറ്റത്ത് വിളക്ക് തെളിച്ചുവെച്ചു;

ഇരുട്ടു വീണ വഴിയിലേക്ക് വെളിച്ചം നീട്ടി

 

പുകയുകയായിരുന്നു,അവളുടെ ഉള്ള്

ആ ദീപനാളത്തിൻ്റെയും

 

[ശ്ലോകം: 399]

  1. കാലത്തിന്റെ താളം

എന്നിട്ടും നീ മാത്രം

എന്തുകൊണ്ടാണ് മടങ്ങിയെത്താത്തത്?

ഋതുക്കൾ ഓരോന്നായി മാറിമറിയുന്നു,

കാടുകളിൽ പൂക്കളും കായുകളും നിറയുന്നു.

 

[ശ്ലോകം: 485]

 

  1. സന്ദേശവും പ്രതീക്ഷയും

 

അവർ നൽകുന്ന ചെറിയൊരു നല്ല വാക്കുപോലും

അവൾക്ക് ജീവൻ നൽകുന്നു

വഴിയാത്രക്കാരോട് അവനെ അന്വേഷിക്കുന്ന

ഗ്രാമത്തിലെ പെൺകുട്ടി

 

[ശ്ലോകം: 486]

 

  1. പ്രണയത്തിന്റെ വാതിലുകൾ

അവളുടെ മനസ്സിൽ

മറ്റൊന്നും ഇല്ലായിരുന്നു

പാതിതുറന്ന ജനലിനിടയിലൂടെ

ഗ്രാമവീഥിയിലേക്ക് കണ്ണുനട്ടിരിക്കുന്നവൾ.

 

[ശ്ലോകം: 501]

 

16.വന്നെത്താത്ത പ്രിയൻ

വാതിൽപടിയിൽ തളർന്നിരിക്കുന്ന അവളുടെ വിരലുകൾ

ഭിത്തിയിലെ പഴയ വരകളിൽ

നിരാശതയോടെ വീണ്ടും വീണ്ടും തൊട്ടുതഴുകുന്നു!

 

വന്നണയുമെന്ന് വാഗ്ദാനം ചെയ്ത ദിനം കടന്നുപോയി

 

[ശ്ലോകം: 502]

 

 

  1. കാറ്റിനോട് ചൊല്ലിയ സന്ദേശം

 

തെക്കൻ കാറ്റേ, നീ അവൻ്റെ അരികിലേക്ക് പറന്നു ചെല്ലുമോ,

ഈ വേർപാടിൻ്റെ ചൂട്

അവന്റെ കാതുകളിൽ പതിയെ ചൊല്ലുമോ?

 

[ശ്ലോകം: 580]

 

  1. മിഴികളിലെ പ്രതീക്ഷ

 

 

മഴക്കാലം വന്നെത്തി, കാർമേഘങ്ങൾ വാനം മൂടി;

മാനത്തേക്ക് നോക്കി അവൾ കൈകൂപ്പി പ്രാർത്ഥിക്കുന്നു:

“ഈ മഴ തോരും മുമ്പെങ്കിലും

അവനെ എന്നിലേക്ക് മടക്കിയെത്തിക്കണേ! “

 

[ശ്ലോകം: 693]

 

  1. വസന്തത്തിന്റെ കാത്തിരിപ്പ്

 

മരങ്ങളിൽ പൂക്കൾ നിറഞ്ഞു

കുയിലുകൾ പാടി

അവളുടെ ഉള്ളിൽ പൂക്കൾ വിടർന്നു.

വസന്തം തന്ന ആശ്വാസത്തിൽ

അവൾ കാത്തിരുന്നു, അവന്റെ വരവിനായി

 

[ശ്ലോകം: 725]

 

 

  1. വഴിയിൽ പൂത്ത ഓർമ്മകൾ

 

ഓർമ്മകളിൽ അവൻ ഇപ്പോഴും നടക്കുകയാണ്

പാദമുദ്രകൾ മാഞ്ഞെങ്കിലും

 

അവൻ നടന്നകന്ന ആ ഗ്രാമപാതയിലേക്ക് നോക്കി

അവൾ നിശബ്ദയായി നിൽക്കുന്നു;

 

[ശ്ലോകം: 763]

 

 

  1. നിശബ്ദമായ പാതകൾ

 

 

 

ഈ നിശബ്ദതയിൽ

അവന്റെ പാദശബ്ദം കേൾക്കാതിരിക്കില്ല

സന്ധ്യ മയങ്ങി, വീഥികൾ വിജനമായി;

അവൾ പിന്തിരിഞ്ഞില്ല;ആ വാതിൽപടിയിൽ നിന്ന്

 

[ശ്ലോകം: 766]

 

  1. അകലങ്ങളിലെ പ്രതീക്ഷ

 

 

ആ വിശ്വാസമാണ്

ഈ കാത്തിരിപ്പിലും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്

അവൻ  അകലെയാണെങ്കിലും

എന്റെ ഹൃദയത്തിന്റെ തുടിപ്പ് കേൾക്കുന്നുണ്ടാവും.

 

 

[ശ്ലോകം: 772]

 

 

  1. കാത്തിരിപ്പിന്റെ അവസാനം

 

 

അവളുടെ കണ്ണീർ തുള്ളികൾ സന്തോഷത്താൽ പൊഴിഞ്ഞു;

കാലങ്ങളോളം നീണ്ട കാത്തിരിപ്പിന്റെ വേദന

ആ ഒരൊറ്റ കാഴ്ചയിൽ ഇല്ലാതായി!

 

അകലെ നിഴൽപോലെ അവന്റെ രൂപം

[ശ്ലോകം: 800]

 

 

 

 

  1. പൂത്തുലഞ്ഞ പ്ലാശിൻ കാടും പ്രവാസിയും

 

തിരിച്ചെത്തിക്കാതിരിക്കില്ല!

ദേശാന്തരങ്ങളിൽ കഴിയുന്ന അവൻ എങ്ങനെ അവിടെ നിൽക്കും?

 

ഇതു കണ്ട് അവൻ എന്നെ ഓർക്കും

മരങ്ങളിൽ പൂത്ത രക്തപുഷ്പങ്ങൾ

 

[ശ്ലോകം: 108]

 

  1. രാത്രിയിലെ കാത്തിരുപ്പ്

 

കാത്തിരുപ്പിന് കൂട്ട്;

ഈ ഇരുട്ടിൽ എന്റെ കണ്ണീര്

രാത്രിയുടെ ശാന്തതയിൽ കാറ്റിൽ ഉണങ്ങിയ ഇലകൾ വീഴുന്നു 

അവൻ്റെ കാലടി ശബ്ദം എന്നു കരുതി ഞാനുണരുന്നു.

 

[ശ്ലോകം: 132]

 

 

 

  1. കാക്കയുടെ കരച്ചിലും സന്തോഷവും

 

 

മുറ്റത്തെ മരച്ചില്ലയിൽ കാക്ക

അവൾ സന്തോഷിക്കുന്നു;

കാത്തിരുപ്പിൽ

കാക്കക്കരച്ചിൽ പോലും വെളിച്ചമാകുന്നു!

 

[ശ്ലോകം: 190]

 

 

  1. സന്ധ്യാസമയത്തെ വിലാപം

 

 

പകലിന്റെ പ്രകാശം അകന്നു മറന്നു

രാത്രി ആഴങ്ങളിലേക്ക് പടരുന്നു.

വാതിലിൽ കണ്ണുനട്ടിരിക്കുന്ന പ്രണയിനി

വിരഹത്തിന്റെ നിഴലുകൾ നീണ്ടുനീണ്ടു പോകുന്നു

അവനില്ലാത്ത സായാഹ്നം എത്ര ഭാരമുള്ളതാണ്!

 

[ശ്ലോകം: 205]

 

 

  1. ദിനങ്ങൾ എണ്ണുന്ന വിരഹിണി

 

അവൾ വിരലുകളിൽ ദിവസങ്ങൾ എണ്ണിത്തീർക്കുന്നു;

ഓരോ നിമിഷവും നീണ്ട യുഗങ്ങളായി മാറുന്നു.

 

എണ്ണാൻ വിരലുകൾ തികയാതെ വരുമ്പോൾ

അവളുടെ ഹൃദയം വിതുമ്പിപ്പോകുന്നു!

 

[ശ്ലോകം: 222]

 

  1. മാമ്പൂവിന്റെ മണം

 

കാറ്റിൽ മാമ്പൂക്കളുടെ സുഗന്ധം ഒഴുകിയെത്തുന്നു.

ജനലിലൂടെ പുറത്തേക്ക് അവൾ കണ്ണുകൾ നീട്ടുന്നു;

ഈ വസന്തത്തിന്റെ സുഗന്ധമെങ്കിലും അവനിൽ തൊട്ട്

എന്റെ കാത്തിരുപ്പ് അവനെ അറിയിക്കണേ..!

 

 

[ശ്ലോകം: 307]

 

 

  1. തോഴിയോടുള്ള വിലാപം

 

” കൂട്ടുകാരി, അവൻ തന്ന വാഗ്ദാനങ്ങൾ കാറ്റിൽ മാഞ്ഞുപോയോ?

ഗ്രാമവീഥികൾ ശൂന്യമായിക്കിടക്കുമ്പോൾ

എന്റെ ഹൃദയത്തിലെ പ്രതീക്ഷ മാത്രം

എന്തുകൊണ്ടാണ് അണഞ്ഞുപോകാത്തത്?”

 

[ശ്ലോകം: 356]

 

 

  1. കാത്തിരിപ്പിലെ നിശ്വാസങ്ങൾ

 

 

പുകയുന്ന അനുരാഗത്തിന്റെ താപം

 ചുടുനിശ്വാസങ്ങളായി പുറത്തേക്ക് ഒഴുകുന്നു;

പടിപ്പുരയിൽ കണ്ണുനട്ടുനിൽക്കുന്ന ആ പെൺകുട്ടി

കാത്തിരിപ്പിന്റെ ജീവനുള്ള പ്രതിമയായി മാറിയിരിക്കുന്നു!

 

[ശ്ലോകം: 389]

 

 

  1. സായാഹ്നദീപം

 

സന്ധ്യയാകുമ്പോൾ മുറ്റത്ത് തെളിച്ചുവെക്കുന്ന ദീപത്തിലേക്ക് നോക്കി

അവൾ സ്വയം മന്ത്രിക്കുന്നു:

“ഈ പ്രകാശം കണ്ട് ഇരുട്ടിലൂടെ

എന്റെ പ്രിയൻ വഴി തെറ്റാതെ വന്നെത്തുമല്ലോ!”

 

[ശ്ലോകം: 453]

 

 

  1. കാറ്റിനോടുള്ള യാചന

 

 “ഹേ കാറ്റേ, പ്രിയതമൻ വസിക്കുന്ന നാട്ടിലേക്ക് നീ പോകുകയാണെങ്കിൽ,

പടിവാതിലിൽ തളർന്നിരിക്കുന്ന എന്റെ രൂപം

അവന്റെ ഓർമ്മയിലേക്ക് ഒന്നു കാണിച്ചു കൊടുക്കണെ!”

 

[ശ്ലോകം: 535]

0 0 votes
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x