അമൃത പ്രദീപ്

Published: 10 september 2026 കവിത

പ്രതിമകളുടയ്ക്കുന്നവർ

വെയിൽ ഒലിച്ച വഴികളിൽ
കൈപിടിച്ചു രണ്ടുപേർ ,
ഒരു തള്ളയും കുഞ്ഞും .

ഇടയ്ക്കിറ്റു വീഴുന്ന അവളുടെ
നോട്ടത്തിൽ പൊള്ളുന്ന
ദൈന്യം.

ഉരുകിയൊലിച്ചും ചേർത്തു പിടിച്ചും
നടന്നുപോകുന്നവളുടെ
മുടിയിഴയിൽ ഇരുമ്പുനിറമുള്ള
പേൻ കണ്ണുകൾ.

യന്ത്രപ്പാവ പോലെ
ജീവൻ കുഴച്ചവൾ
ദൈവളെ ഉണ്ടാക്കുന്നു.
വിലപേശുന്നവരെ
തെറിതുപ്പുന്നു.

ചോരചതഞ്ഞ കൈപ്പാടുകളിൽ നോക്കി
കൃഷ്ണനും ക്രിസ്തുവുമൊക്കെ ചിരിക്കുന്നു.

അവളുടെ കണ്ണിലുരുളുന്നു
അണ്ഡകടാഹം.
മഴ കുടയുന്ന അവളുടെ നോട്ടം
മിന്നൽ തെറിപ്പിക്കുന്നു.

കണ്ണ് പൊട്ടിയ വാക്കുകൾ
കൊണ്ടവൾ റോഡ് മുറിക്കുമ്പോൾ
വെറിയൻമാർ അവളുടെ
ഉടൽ ചപ്പി വലിക്കുന്നു.

അതുകണ്ട് ഒക്കത്തിരുന്ന ദൈവങ്ങൾ ,
അവരാതിച്ചൊരു കാറ്റൂതി
അവളുടെ ഉടുമുണ്ട് പൊക്കി രസിക്കുന്നു.

നരകക്കുഴിയിലിരുന്നവൾ
തന്തയില്ലാത്തവളെ അംബയുടെ
കഥ പറഞ്ഞുറക്കുന്നു.

അവൾ തന്തയില്ലാത്തവളുടെ
അമ്മ മാത്രമാക്കുന്നു.

ഉടലറുത്തു പെറ്റ
തന്തയില്ലാ ചാപിള്ളകൾ
നീർകാക്കളായി പറക്കുന്നു.

വിസർഗ്ഗത്തിൽ പിഴച്ചു
വീണവളുടെ
കരച്ചിൽ തെരുവിലാരോ
അമർത്തുന്നു.

അംബയുടെ കഥ കേട്ടവൾ
പ്രതിമകളുടയ്ക്കുന്നു,
ആയിരം കൈയ്യുള്ള
കാളരാത്രിയാവുന്നു.

അമൃത പ്രദീപ്

ഗവേഷക കാര്യവട്ടം ക്യാമ്പസ് കേരള സർവ്വകലാശാല Mob no :7558032753

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x