ഡോ.സജ്നാ മോൾ ആമിയാൻ

Published: 10 july 2026 കവിത

പൊയ്പോയതെന്ത്…..?!

അന്ന്,
ഇടുങ്ങിയ നടപ്പാതകൾ
ഓരങ്ങളിൽ
ഇടതൂർന്ന വൃക്ഷങ്ങൾ .
സ്വപ്നങ്ങൾക്ക് നിറച്ചാർതേകാൻ
അനേകായിരം
കാൽ പാദങ്ങൾ
പതിഞ്ഞിടം.
ഒരായിരം
പ്രണയ രഹസ്യങ്ങൾക്ക്
സാക്ഷ്യം വഹിച്ചിടം.
സമരധ്വനികൾക്ക്
പ്രതിധ്വനി
നൽകിയ മരുപ്പച്ചതൻ ഓരം.
മാത്രമല്ല,
വിരഹത്തിൻ്റെയും
സൗഹൃദത്തിൻ്റെയും
പരിഭവങ്ങളുടെയും
കണ്ണുനീർക്കണങ്ങൾ
ഒളിപ്പിച്ചു വെച്ച
ഇലക്കുമ്പാരങ്ങൾ
മറഞ്ഞിടം.
പക്ഷേ,
ഇന്നോ ?!
പാത വിശാലമാണ്
തിരിയാം.
നടക്കാം.
സ്വസ്ഥമായി.
പക്ഷേ,
അവർക്കെന്തു പറ്റി ?
ആർക്ക്?
അതെ,
പുരാണ കഥകൾക്കും
സ്നേഹസംവാദങ്ങൾക്കും
സാക്ഷ്യം വഹിച്ച വൃക്ഷങ്ങൾക്കെന്നു പറ്റി?!
ഓർമ്മകൾക്ക്
നിറമേകാൻ
ശ്രമിക്കവേ
രണ്ടു കിളിക്കൊഞ്ചൽ
ഓ,
ഒന്നു കാക്കത്തമ്പുരാട്ടി
മറ്റെതോ?
മൈന തന്നേ.
അവ കൊത്തിപ്പെറുക്കുന്നു
എന്താണവിടം ?!
ഓ,
ചിതലുകൾ
കാലൊച്ച കേൾക്കാത്ത
ആൾ പെരുമാറ്റമില്ലാത്ത
ഓരങ്ങളിൽ പാർക്കുന്ന
പാവം ജീവികൾ.
ഇന്ന്,
എല്ലാം അവർക്കു സ്വന്തം
സംവദിക്കാൻ സമയമില്ല.
പങ്കിട്ടെടുക്കാൻ
സമയമില്ല.
തിരക്കിലാണ്
ഏവരും
പക്ഷേ,
അവർ
വിശ്രമത്തിലാണ്
പഴമക്കാർ നൽകിയ
സ്നേഹസംഭാഷണങ്ങൾ
അയവിറക്കി
അയവിറക്കിയങ്ങനെ…..

പരിശുദ്ധർ

മരിച്ചു മണ്ണായവർ
എത്ര ഭാഗ്യവാന്മാർ
അവർക്ക് ക്ഷമ
കൂടുതലാണ്
തിരക്കില്ല
ഒന്നിനും
ആവലാതികളില്ല.
ആകുലതകളില്ല
വേവലാതികളില്ല
കാമമില്ല
ക്രോധമില്ല
കണ്ണുനീരും
സന്താപങ്ങളുമില്ല.
മുറുമുറുപ്പുകളില്ല
ആഘോഷങ്ങളും
ആർഭാടങ്ങളുമില്ല
അസൂയയും
കുനിഷ്ടും
കുന്നായ്മയുമില്ല
ഉസറും പുളിയുമില്ല.
ശത്രുതയില്ല
ശത്രുക്കളില്ല
മോഹങ്ങളില്ല മോഹഭംഗങ്ങളില്ല.
ജീവനും
ജീവിതവുമില്ല.
“മരിച്ചവർ”
എത്ര
“പരിശുദ്ധർ” .

Dr sajna mol Amian

Assistant professor Department of Malayalam Psmo college Tirurangadi Autonomous

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x