കെ.കെ. ശിവദാസ്

Published: 10 August 2026 വിവര്‍ത്തനകവിത

റുഖ്സാനയുടെ വീട്

(പത്തു ഭാഗങ്ങളുള്ള കവിതയുടെ ആദ്യ നാലുഭാഗങ്ങൾ )

അനിത ഭാർതി

വിവ: കെ.കെ.ശിവദാസ്

ഒന്ന് 

റുഖ്സാനാ,നിന്നെക്കുറിച്ചുള്ള ചിന്തകൾ ഒരിക്കലും തീരുന്നില്ല.
നിന്റെ കണ്ണുകളുടെ ആഴത്തിൽ നിന്ന് പുതു ജീവൻ തുടിക്കുന്ന ചോദ്യമുയരുന്നു

വിളറിവെളുത്തുപോകുമൊരോർമയാൽ കിടുങ്ങി വിറയ്ക്കും വേദനയിൽ നിന്ന് നിശ്ശബ്ദം നിന്റെ കവിളിലൂടെ കണ്ണീരൊഴുകുന്നു.

റുഖ്സാനാ, നിന്റെ കുഞ്ഞുങ്ങൾക്ക്
എന്റെ വിശ്വാസത്താൽ
സ്കൂൾ ,അനശ്വരജീവിയ്ക്ക് മരണമെത്രയകലാണോ അത്രയ്ക്കുമകലെയാണ്.

ഒരിയ്ക്കൽ ഇഷ്ടപ്പെടുകയും ലാളിക്കപ്പെടുകയും ചെയ്ത പുസ്തകങ്ങൾ വായിച്ചതിനു ശിക്ഷിക്കപ്പെട്ടതു പോലെ
ഇപ്പോൾ കുന്നുകൂടിക്കിടക്കുന്നു

നിന്റെ മകളുടെ കയ്യാൽ അവളുടെ ആൻസർ ബുക്കിലെഴുതിയ
ഒരു മതേതരരാഷ്ട്രത്തിന്റെ സ്വഭാവസവിശേഷതകൾ വിവരിക്കുക എന്ന ചോദ്യം ഉത്തരമന്വേഷിക്കുകയാണ്

രണ്ട്

റുഖ്സാനാ,
നിന്റെ ചൈതന്യവും ഊർജവും ചെലവഴിച്ചു
തുന്നിയ വസ്ത്രങ്ങളുടെയും സ്നേഹപാശത്തിന്റെയും മങ്ങിയതും അവ്യക്തവുമായ ഓർമകൾ അവിടെ കിടക്കുന്ന മെഷീൻ തുന്നുന്നു

ഇത്രയും കാലം നീ തുന്നിയ അടിപ്പാവാടയുടെയും ബ്ലൗസിന്റെയും കുഞ്ഞുടുപ്പിന്റെയും കൂടെ എണ്ണിയാലൊടുങ്ങാത്ത ഷർട്ടുകൾ സൽവാർ -കമീസിന്റെ അവസാനമില്ലാത്ത ജോടികൾ

നിന്റെ വീട്ടുപടിക്കൽ വന്നുപോകുന്ന സന്ദർശകരും വർത്തമാനങ്ങളും.
ഒരു പിഴവുമില്ലാതെ തുന്നിയ വസ്ത്രങ്ങളുടെ പേരിൽ ഗർവിഷ്ഠനായ
ചൗധരിയുടെ മരുമകൾ പോലും കൈ മുത്തിക്കൊണ്ട് നിന്നെ പ്രശംസിക്കുന്നു.

ചുരുൾ കുടുങ്ങി പൊട്ടിയ നൂലുകളാൽ ജീവനില്ലാത്ത,
തുരുമ്പിച്ച ഈ തുന്നൽ മെഷീൻ പോലെയാണ് ഞാനും -നിർവ്യാജമായ സ്വരത്തിൽ റുഖ്സാന പറയുന്നു.

റഹിമിന്റെ വരികൾ നിന്നോടു ചൊല്ലുവാൻ റുഖ്സാനാ,ഞാനാഗ്രഹിക്കുന്നു. സ്നേഹബന്ധത്തിന്റെ ഇഴകൾ മുറിച്ചുകളയരുതെന്ന്
പക്ഷേ എങ്ങനെ നിന്നോടു പറയുവാൻ
റഹിമാൻ .

മൂന്ന്

റുഖ്സാന
കഴിഞ്ഞ രാത്രി
അഭയാർത്ഥി ടെന്റിൽ രാത്രി മുഴുവനും പേമാരി പെയ്തു
അകത്തേക്ക് ചോർന്നുവീണ നാണമില്ലാത്ത വെള്ളത്താൽ ഉറങ്ങുന്ന കുഞ്ഞുങ്ങൾ ഉണർന്നു

രാത്രി മുഴുവൻ അവർ വിറച്ചിരുന്നു ,
അമ്പരന്നിരുന്നു
അടുത്ത ദിവസം
കുഞ്ഞുണ്ടൾക്ക് ധരിക്കാൻ വസ്ത്രങ്ങളുണ്ടായിരുന്നില്ല.

റുഖ്സാന
നിന്റെ കണ്ണുകളിൽ നിന്നു പ്രവഹിക്കുന്ന പ്രളയം
പല നീർജീവമായ കണ്ണൂകളുടെയും അടപ്പ് തുറപ്പിച്ചിട്ടുണ്ട്

നാല്

കഴിഞ്ഞ പതിനഞ്ചു നാൾ തിന്നാൻ ഞങ്ങൾക്കൊന്നുമുണ്ടായിരുന്നില്ല
റുഖ്സാന വിലപിക്കുന്നു
ഹൃദയത്തിലും തലയിലുമുള്ള കൊടുങ്കാറ്റുകളോട് പൊരുതിയ ശേഷം അവൾ ഇങ്ങനെ അവസാനിപ്പിക്കുന്നു:
കലാപങ്ങൾ സംഭവിക്കുകയല്ല അവ ഞങ്ങളെപ്പോലുള്ള മനുഷരുടെ അസ്തിത്വമില്ലാതാക്കാൻ ആസൂത്രണം ചെയ്യപ്പെടുകയാണ്.
കീഴ്പെട്ടവർ ഞങ്ങൾ രാവും പകലും ഉപജീവനത്തിനായുള്ള കടുത്ത പോരാട്ടത്തിൽ
ജീവിച്ചിരിക്കുന്നുവെന്ന യാഥാർത്ഥ്യത്തോട് ഏറ്റുമുട്ടുകയാണ്

Dr. K. K. SIVADAS

Prof. Department of Malayalam University of Kerala, Karyavattom Campus.

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x