ജൂലി ഡി എം

Published: 05 June 2026 ട്രോൾ വിമർശനം

വി പി ശിവകുമാറിന്റെ കഥകൾ വിമർശന വിധേയമാകുമ്പോൾ

മലയാള ചെറുകഥയിൽ ആധുനികതയുടെ പ്രഭാവം നിറഞ്ഞുനിന്ന കാലത്ത് ആധുനികതയുടെ സ്വഭാവം ഉൾക്കൊണ്ട് കൊണ്ടുതന്നെ ഭാവുകത്വത്തിലും ആഖ്യാനത്തിലും രൂപത്തിലും നവീനത കൊണ്ടുവരാൻ ശ്രമിച്ചതിന്റെ പേരിലാണ് വി. പി ശിവകുമാർ എന്ന കഥാകൃത്ത് കഥാസാഹിത്യത്തിൽ അടയാളപ്പെടുന്നത്. നാല്പത്താറു വർഷത്തെ ചുരുങ്ങിയ ജീവിത കാലയളവിൽ തിരുവിതാംകൂർ കഥകൾ (1979) കരയോഗം (1983 )ഒറ്റ( 1987) എന്നീ മൂന്ന് കഥാസമാഹാരങ്ങളാണ് അദ്ദേഹത്തിന്റെതായി പ്രസിദ്ധീകൃതമായിട്ടുള്ളത്. കഥ പറച്ചിലിൽ പാരഡിയുടെ വിവിധ സാധ്യതകൾ പ്രയോജനപ്പെടുത്തി എന്നതാണ് വി. പി ശിവകുമാറിന്റെ കഥകളെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം.
ആക്ഷേപഹാസ്യവും സാഹിത്യം തന്നെ കഥയ്ക്ക് വിഷയമാകുന്നതും( metafiction) പല കഥകളിൽ ആവർത്തിച്ചു വരുന്നതും ആ കഥകളുടെ മറ്റു പ്രത്യേകതകളായി പറയാം. പാരഡിയും അക്ഷേപഹാസ്യവും ആ കഥകളിൽ കടന്നുവരുന്നു എന്നതുകൊണ്ട് മാത്രം തികഞ്ഞ ഹാസ്യമോ തെളിഞ്ഞ ഹാസ്യമോ അദ്ദേഹത്തിന്റെ കഥകളിലുണ്ട് എന്ന് പറയാനാവില്ല. തന്റെ കഥയിലെ “ചിരിയാകെ വക്രിച്ചുപോയി. ചിലതൊക്കെ അട്ടഹാസങ്ങളായി. മറ്റു ചിലത് വിലക്ഷണ മുഖഭാവങ്ങളായി. ഒരു തെളിഞ്ഞ ചിരി എന്റെ എക്കാലത്തെയും വലിയ സ്വപ്നമാണ്. “ എന്ന് കഥാകൃത്ത് തന്നെ പറയുന്നുണ്ട്. പ്രശസ്ത കൃതികളെയും എഴുത്തുകാരുടെ ശൈലികളെയും പാരഡിയാക്കി, വിമർശിക്കേണ്ടതും പരിഹസിക്കപ്പെടേണ്ടതുമായ സമകാലിക വിഷയങ്ങളെ അവതരിപ്പിക്കാനാണ് വി. പി. ശിവകുമാർ മിക്കപ്പോഴും ശ്രമിച്ചിട്ടുള്ളത്. ആധുനികത കത്തിജ്ജ്വലിച്ചു നിന്ന എഴുപതുകളിലും എൺപതുകളിലും അതിനോട് കലഹിച്ചുകൊണ്ട് സ്വന്തമായൊരു ആധുനികത സൃഷ്ടിച്ച വി. പി ശിവകുമാർകഥകളിലെ ദീർഘ ദർശന സ്വഭാവം, അഖ്യാനതന്ത്രങ്ങളുടെ ആവർത്തനം, സ്ത്രീവിരുദ്ധത, പഞ്ചതന്ത്രം പോലുള്ള ഭാരതീയ കഥാഖ്യാന പാരമ്പര്യത്തിന്റെ അമിതമായ സ്വാധീനം എന്നിവയെ വസ്തുനിഷ്ഠമായി വിലയിരുത്താനും വിമർശന വിധേയമാക്കാനുമാണ് ഇവിടെ ശ്രമിക്കുന്നത്.

ദീർഘദർശന സ്വഭാവം

വി. പി. ശിവകുമാറിന്റെ ചില കഥകളിൽ പ്രകടമാകുന്ന ദീർഘദർശന സ്വഭാവം അതിശയിപ്പിക്കുന്നതാണ്.
സമകാലിക ഇന്ത്യയുടെയും ലോകത്തിന്റെയും നേർചിത്രം വരച്ചിടുന്ന ഒരു കഥയാണ് ‘കാകോലുകീയം.’ കാക്കകളും മൂങ്ങകളും തമ്മിലുള്ള ശത്രുതയെ അടിസ്ഥാനമാക്കി പഞ്ചതന്ത്രം മൂന്നാം തന്ത്രത്തിൽ വരുന്ന കഥകളാണ് കാകോലുകീയത്തിൽ ഉള്ളത്.
പഞ്ചതന്ത്രം കഥകളുടെ ശൈലിയിൽ പ്രസ്തുത കഥയെ അപനിർമ്മിക്കുകയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ സമകാലിക ഇന്ത്യയുടെയും ലോകത്തിന്റെ തന്നെയും സാമൂഹിക- രാഷ്ട്രീയ ചിത്രം ദീർഘദർശനം ചെയ്യുകയും ചെയ്യുന്നുണ്ട് ഈ കഥ. മൂങ്ങകളുടെ ഉപദ്രവം സഹിക്കവയ്യാതെ കാക്ക വംശത്തിന്റെ മന്ത്രിയായ ഒരു കാക്ക കൂട്ടത്തിൽ നിന്ന് പുറത്താക്കപ്പെട്ടവനായി അഭിനയിച്ച് മൂങ്ങകളുടെ വിശ്വാസം പിടിച്ചുപറ്റുകയും അവരുടെ താവളത്തിൽ ചേക്കേറി എല്ലാ രഹസ്യങ്ങളും മനസ്സിലാക്കിയശേഷം തന്റെ കൂട്ടരെ വിവരം അറിയിച്ച് ഒരു രാത്രിയിൽ മൂങ്ങകളെ മൊത്തം തീയിട്ടു വകവരുത്തുന്നതാണ് പഞ്ചതന്ത്രം കഥയിൽ വിഷ്ണുശർമ്മ പറയുന്നത്. എന്നാൽ വി. പി.
ശിവകുമാറിന്റെ കാകോലുകീയം എന്ന കഥയിൽ നേരെ തിരിച്ചാണ് സംഭവിക്കുന്നത്. മൂങ്ങകളാണ് കാക്കകളെ ഉന്മൂലനം ചെയ്യുന്നത്.

കാകോലുകീയം എന്ന കഥ അത് എഴുതപ്പെട്ട കാലത്തുനിന്ന് ദശാബ്ദങ്ങൾ മുന്നിലേക്ക് സഞ്ചരിച്ച് ഡിജിറ്റൽ മുതലാളിത്തകാല ഇന്ത്യയിലെയും ലോകത്തിലെ തന്നെയും ഭരണകൂടങ്ങൾ ജനങ്ങളുടെ വിവരങ്ങൾ ചോർത്തി, അത് ഉപയോഗിച്ച് അധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്ന ഉന്മൂലനങ്ങളുടെ നേർചിത്രമായി മാറുന്നു.
“ നഗരത്തിന്റെ വ്രണം പോലെ നിന്ന ഒരു പേരാലിൽ സ്രഷ്ടാവിന്റെ ഗൂഢമായ ഒരു താൽപര്യത്തെ സാധൂകരിക്കാനെന്നവണ്ണം ഏതാനും കാക്കകൾ കുടിപാർത്തിരുന്നു.” എന്ന വാക്യത്തിലാണ് കഥ തുടങ്ങുന്നത് ഒരു ദിവസം കത്തുന്ന പകലിൽ എങ്ങനെയോ ശത്രുവിന്റെ പാളയത്തിലെത്തിച്ചേർന്ന ഒരു മൂങ്ങ മൂഢനെ പോലെ ഏറെനേരം ചലനമറ്റിരുന്നു. അനന്തരം
അങ്ങിങ്ങിരുന്ന ചില കാക്കകളെ അടുത്ത് വിളിച്ച് ഉപചാരപൂർവ്വം ചോദ്യങ്ങളുടെ ചൂണ്ടയെറിഞ്ഞു. “നിങ്ങളിൽ പ്രായപൂർത്തിയായവരെത്ര? കുട്ടികളെത്ര? സ്ത്രീകളെത്ര? പുരുഷന്മാർ എത്ര?
വിദ്യാസമ്പന്നരെത്ര? ചെറുകിട വ്യവസായികളെത്ര? സാങ്കേതിക ജോലികളിൽ താല്പര്യമുള്ളവർ എത്ര?”
ഇതു കേട്ട കാക്കകൾ
“ശത്രുവെങ്കിലും ഇവന്റെ സ്വരം മൃദുവായി തോന്നുന്നു. ഏതൊരു ശൂന്യതയിൽ നിന്നും ഒരു പ്രതീക്ഷ ഊറി വരാം. ഒരു പോംവഴി ഇവനിൽക്കൂടി തരപ്പെട്ടേക്കാം” എന്ന് ചിന്തിച്ച് സന്തോഷിച്ചു. വിവരങ്ങൾ കൈക്കലാക്കിയ മൂങ്ങ തപ്പി തടഞ്ഞു നടന്നുപോയി. അന്ന് രാത്രി അനേകം മൂങ്ങകൾ പേരാലിലേക്ക് പറന്നടുത്തു. മറ്റുള്ളവർക്ക് വഴികാട്ടിയായി നീങ്ങിയ മൂങ്ങ ഇങ്ങനെ പിറുപിറുത്തു. “ഹും! തൊഴിലുള്ളവർ, ഇല്ലാത്തവർ, പട്ടിണിക്കാർ, വിദ്യാസമ്പന്നർ, സ്ത്രീകൾ എല്ലാം പെറ്റു പെരുകുകയാണ്. ഇന്ന് പത്ത്. നാളെ നൂറ്.ഇങ്ങനെ പോയാൽ എ.ഡി 2000-ൽ ലോകത്തിന്റെ ഗതി എന്താവും? ഭൂമിയുടെ തുച്ഛമായ വിഭവസഞ്ചയം എങ്ങനെ സമത്വ സുന്ദരമായി പങ്കുവെയ്ക്കും? ” തുടർന്ന് പേരാലിൽ നിന്ന് കാക്കകളുടെ മരണക്കരച്ചിൽ ഉയർന്നു കേട്ടു. അവസാന കാക്കയും വീണു കഴിഞ്ഞു എന്നു ബോധ്യപ്പെട്ട അതേ മൂങ്ങ ആഭാസമായ സ്വരത്തിൽ ഒരു രാഷ്ട്രമീമാംസാ തത്വം വെളിപ്പെടുത്തി. “ഭരണ യന്ത്രത്തിന്റെ സുഗമമായ പ്രവർത്തനമാണ് പ്രധാനം. അതിന് സ്ഥിതി വിവരക്കണക്കുകൾ എത്ര കൃത്യമായി ഉതകുന്നു എന്ന് നോക്കൂ.” ഇങ്ങനെ അവസാനിക്കുന്ന പ്രസ്തുത കഥ സങ്കീർണമായ ഒരു വിഷയത്തെ വളരെ ലളിതമായും ധ്വനിഭംഗിയോടും കൂടി എങ്ങനെ അവതരിപ്പിക്കാം എന്നതിന് ഉദാഹരണമാണ്.

കാക്കകൾ പാർത്തിരുന്ന പേരാലിന്റെ വിശേഷണം “നഗരത്തിന്റെ വ്രണം പോലെ നിന്ന പേരാലിൽ” എന്നാണ്. ഭരണകൂട താല്പര്യങ്ങൾക്ക് വിഘാതമാകുന്ന മനുഷ്യർ താമസിക്കുന്ന ഇടങ്ങൾ നഗരത്തിന്റെ/ രാജ്യത്തിന്റെ ഒക്കെ വ്രണമായി മാറുന്നുവെന്ന സത്യമാണ് ഇവിടെ കഥാകൃത്ത് വെളിപ്പെടുത്തുന്നത്.
“സ്രഷ്ടാവിന്റെ ഗൂഢമായ ഒരു താല്പര്യത്തെ സാധൂകരിക്കാൻ എന്ന വണ്ണമാണ് കാക്കകൾ കഴിഞ്ഞിരുന്നത്… “ എന്നും ഇരുട്ട് വീണു കഴിഞ്ഞാൽ “കണ്ണിനു മുന്നിൽ ഒരു പാട പോലെ പരക്കുന്ന മൗഢ്യത്തിനു വഴങ്ങിക്കൊടുത്ത് പ്രാകൃതമായ ഒരു ജീവിതാഭിമുഖ്യത്തോടെ അവർ ജീവിച്ചുപോന്നു. “ എന്നുമുള്ള പ്രയോഗങ്ങൾ സമകാലിക ലോകത്തെ ഭരണകൂട താല്പര്യങ്ങൾക്ക് ഇരയാക്കപ്പെടുന്ന സാധാരണ ജനജീവിതത്തെ ഓർമ്മിപ്പിക്കുന്നതാണ്. “കുടില ബുദ്ധിയായ
മൂങ്ങയുടെ ചോദ്യങ്ങളിൽ കാക്കകൾ സന്തോഷിക്കുമ്പോൾ “നഗരത്തിന്റെ മനസ്സാക്ഷി ഒരു ക്ഷാമത്തിൽ കരിഞ്ഞു പോയിരുന്നു.” എന്ന വാക്കുകൾ എക്കാലത്തും ബാധകമാണ്. ദുരന്തങ്ങൾ പലപ്പോഴും അവിശ്വസനീയമായ ആകസ്മികതയോടെയാണ് നടന്നുവരാറ് എന്ന് കഥകൃത്ത് ചൂണ്ടിക്കാണിക്കുന്നു. രക്ഷകരായും ദൈവിക പരിവേഷത്തിലുമായിരിക്കും ശത്രുക്കൾ എത്തുക എന്നതുകൊണ്ടാണ് കഥയിലെ മൂങ്ങ “കാക്കകളുടെ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കാൻ മഹാവിഷ്ണു അയച്ച ഉദ്യോഗസ്ഥനാണ് ഞാൻ” എന്ന് പറയുന്നത്. ഭൂമിയുടെ തുച്ഛമായ വിഭവങ്ങൾ തങ്ങൾക്ക് മാത്രം വേണമെന്ന ആർത്തിയിലാണ് മുതലാളിത്തവും അതിന് ഓശാന പാടുന്ന ഭരണകൂടങ്ങളും പ്രവർത്തിക്കുന്നത് എന്ന കാര്യം കഥ കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. “നിമിഷങ്ങൾക്കകം ആ പേരാലിൽ നിന്ന് പ്രകൃതിയുടെ ഒരു ലക്ഷണക്കേടായി പെരുകിക്കഴിഞ്ഞിരുന്ന കാക്കകളുടെ മരണക്കരച്ചിൽ ഉരുൾപൊട്ടി” എന്ന വാക്യത്തിൽ മുതലാളിത്തവും ഭരണകൂടങ്ങളും ലക്ഷണക്കേടായി കരുതി ഉന്മൂലനം ചെയ്യുന്ന ലോകമെമ്പാടുമുള്ള മനുഷ്യരുടെ കരച്ചിൽ കേൾക്കാം. സമ്പത്ത്, അധികാരം, ആർത്തി എന്നിവ ഒന്നിക്കുമ്പോൾ” ഭരണ യന്ത്രത്തിന്റെ സുഗമായ പ്രവർത്തനമാണ് പ്രധാനം” എന്ന രാഷ്ട്രമീംമാംസാ തത്വം
രൂപപ്പെടുകയും അത്തരം സുഗമമായ പ്രവർത്തനത്തിന് ഡാറ്റ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നുള്ള സത്യം വായനക്കാർക്ക് മുന്നിൽ തെളിയുകയും ചെയ്യും. കേവലം രണ്ട് ഖണ്ഡികയിൽ ആറ്റിക്കുറുക്കിയെടുത്ത ഈ കഥ വി. പി. ശിവകുമാറിന്റെ കഥകളിൽ ഏറ്റവും മികച്ച കഥയെന്ന് പറയാവുന്ന ഒന്നാണ്.

ആഖ്യാന തന്ത്രങ്ങളുടെ മികവും പാളിച്ചയും

പാരഡിയും ആക്ഷേപഹാസ്യവും മെറ്റാഫിക്ഷനും ഭാരതീയ പുരാതന കഥാഖ്യാന ശൈലിയുടെ അനുകരണവും
തുടങ്ങി ആഖ്യാനത്തിൽ വൈവിധ്യം പുലർത്തുന്നവയാണ് വി പി ശിവകുമാറിന്റെ കഥകൾ. ഒരു
മിനിക്കഥയിൽ ആക്ഷേപഹാസ്യത്തെയും പാരഡിയെയും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് ഉദാഹരണമാണ് പ്രത്യയസത്താവാദം എന്ന കഥ. ദർശന ശാസ്ത്രത്തിലെ അടിസ്ഥാനപരമായ ഒരു ശാഖയാണ് സത്താമീമാംസ(metaphysics) എന്താണ് സത്ത ( being) എന്ന് അന്വേഷിക്കുന്ന തത്വചിന്തയാണത്. സത്താ
മീമാംസയുമായി ബന്ധപ്പെട്ട് നിൽക്കുന്ന തത്വചിന്തയത്രെ പ്രത്യയസത്താവാദം.
(Idealism)ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിത്തറ ഇളക്കിയ ഉപ്പ് സത്യാഗ്രഹത്തോട് സത്താമീമാംസയെയും പ്രത്യയസത്താവാദത്തെയും കൂട്ടിയിണക്കി ശക്തമായ ആക്ഷേപഹാസ്യമാക്കി അവതരിപ്പിക്കുന്ന കഥയാണിത്. വെറും രണ്ട് ഖണ്ഡികയുടെ ദൈർഘ്യം മാത്രമുള്ള ഈ കഥ എക്കാലത്തെയും മികച്ച ഹാസ്യകഥയും ആക്ഷേപഹാസ്യകഥയുമാണ്. അങ്ങനെ ഒരു കഥ ചുരുക്കിപ്പറയുന്നത് അന്യായമായതിനാലും വി. പി ശിവകുമാറിന്റെ കഥകളെക്കുറിച്ച് എഴുതിയ ആരുംതന്നെ ഈ കഥയെ പരാമർശിച്ചിട്ടുപോലുമില്ലാത്തതിനാലും കഥ പൂർണമായും ഇവിടെ നൽകുന്നു.

“ പ്രത്യയസത്താവാദം
വി. പി. ശിവകുമാർ

കാസിംഭായി മുൻജിം ഭായി എന്നൊരു ഗുജറാത്തി കച്ചവടക്കാരനെപ്പറ്റി ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിൽ പരാമർശമില്ല. ഇയാൾ പോർബന്തറിലെ അന്യായക്കാരനായ ഒരു ഉപ്പു കച്ചവടക്കാരനായിരുന്നു.
അരിസ്റ്റോക്രാറ്റുകളുടെ വക്കാലത്ത് കിട്ടാതെ വെറും കൂലിവക്കീലായി ഗാന്ധിജി നടന്ന കാലത്ത്, കരുണ തോന്നി സ്വയം നഷ്ടം സഹിച്ചുകൊണ്ട് ഏതാനും ചാക്ക് ഉപ്പ് ഗാന്ധിജിക്ക് വെറുതെ കൊടുത്ത് അതുകൊണ്ട് പോയി സത്യാഗ്രഹം ചെയ്ത് പഠിക്കാൻ നിർബന്ധപൂർവ്വം ഗാന്ധിയെ ഉപദേശിച്ച വ്യക്തിയാണയാൾ.
അയാൾക്കൊരു സ്വകാര്യദർശനമുണ്ട്. ഇന്ത്യൻ ദേശീയത ചില കാലങ്ങളിൽ പൂത്തുലഞ്ഞു നിൽക്കുന്ന വലിയൊരു
കാൻസർ വളർച്ചയാണെങ്കിൽ മറ്റു ചിലപ്പോൾ ഉണങ്ങിയ മാങ്ങയണ്ടിയാണ്. അലക്സാണ്ടർ തൊട്ടുള്ളവരുടെ ആക്രമണങ്ങളിൽ ഓരോന്നിലും ഭാരതീയർ വിജയിച്ചത് ദേശീയാഹന്തയെ ഒരു രോഗം പോലെ പെരുക്കിയിട്ടാണ്. വെള്ളമായും പാറയായും നിലകൊള്ളുമ്പോൾ ഒരേയൊരു രാസ വികാരമേ ഉപ്പിനുള്ളൂ. അത് അടിസ്ഥാന വസ്തുവും അത്യാവശ്യ വസ്തുവുമാണ്. ഏറ്റവും വിലകുറഞ്ഞ ഈ ജനകീയ വസ്തു കൊണ്ടുള്ള ഒരാക്രമണത്തിന് സ്വാതന്ത്ര്യ സമരത്തെ പുതിയൊരു വ്യാപ്തിയിലേക്ക് നയിക്കാൻ കഴിയും

നോക്കുക. എത്ര വിചിത്രം! ശരീരവും മനസ്സും ഉപ്പു കച്ചവടത്തിനായി അർപ്പണം ചെയ്ത ഒരു കഴുത്തറുപ്പൻ ഇങ്ങനെ മാത്രമേ പറയൂ. യഥാർത്ഥത്തിൽ ഇതു വിലക്ഷണമാണ്. അതിനെ നിങ്ങൾ ചിലപ്പോൾ ഭ്രാന്തെന്ന് പറഞ്ഞു കളിയാക്കും. എന്നാൽ കാസിംഭായി
മുൻജിംഭായിയുടെ വാക്ക് കേട്ട് കൂലിക്കാരെക്കൊണ്ട് ഏതാനും ചാക്ക്
ഉപ്പ് കൊണ്ടുപോയി വളരെക്കാലം സത്യാഗ്രഹം ചെയ്ത് പഠിക്കുകയും ആത്മവിശ്വാസം തോന്നിയ ഒരു ദിവസം ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ വിജയകരമായി അത് പ്രയോഗിച്ച് ഖ്യാതി നേടുകയും ചരിത്രം നിർമ്മിക്കുകയും ചെയ്ത നമ്മുടെ രാഷ്ട്രപിതാവിന് അത്‌
പറയാനാവുകയില്ല.
അന്യൂനമായ പണിക്കുറതീർന്ന ചരിത്ര സംഭവങ്ങളുടെ ആണിക്കല്ല് ഇത്തരമൊരു സത്താമീമാംസയായിരിക്കും എന്നത് വിചിത്രമാണ്.”

ചരിത്രം സൃഷ്ടിച്ച വിപ്ലവ സമരങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വലിയ നേതാക്കളുടെ പല നിലപാടുകളും സമര മാർഗ്ഗങ്ങളും പിൽക്കാലത്ത് വിമർശിക്കപ്പെടുകയൊ പരിഹസിക്കപ്പെടുകയൊ ചെയ്തിട്ടുണ്ട്. അഹിംസയിലൂന്നിയ ഗാന്ധിജിയുടെ പല ധാർമ്മിക നിലപാടുകളും അംബേദ്കർ ഉൾപ്പെടെയുള്ള നേതാക്കളുടെ നിശിത വിമർശനത്തിന് പാത്രമായിരുന്നുവെന്ന കാര്യവും ഇവിടെ ഓർമ്മിക്കാം. ഗാന്ധിജിയുടെ പല ‘സത്യാന്വേഷണ പരീക്ഷണങ്ങളും’ പരിഹാസ്യമായി പിൽക്കാലത്ത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സത്താമീമാംസയിലെ തന്നെ പ്രായോഗിക
പ്രത്യയസത്താവാദവുമായി ഗാന്ധിയൻ ആശയങ്ങൾക്കുള്ള ബന്ധത്തെയാണ് കഥാകൃത്ത് ഇവിടെ ആക്ഷേപഹാസ്യമാക്കി മാറ്റുന്നത്. ഗാന്ധിജി സിദ്ധാന്തങ്ങൾ (ആശയങ്ങൾ) പറയുക മാത്രമായിരുന്നില്ല ചെയ്തത്; അത് ജീവിതത്തിൽ പരീക്ഷിച്ചു വിജയിക്കുകയും തന്റെ ജീവിതത്തെ തന്നെ സത്യാന്വേഷണ പരീക്ഷണമാക്കി മാറ്റുകയും ചെയ്ത നേതാവാണ്. ഇക്കാര്യത്തെ തന്നെയാണ് കഥയിൽ ആക്ഷേപഹാസ്യമാക്കി മാറ്റാൻ കഥാകൃത്ത് ശ്രമിക്കുന്നത്.ഉപ്പ് എന്ന ജനകീയ വസ്തുവിന്റെ സത്ത(being) എന്താണ് എന്ന് കാലങ്ങളോളം പരീക്ഷണം നടത്തി( സത്യാന്വേഷണ പരീക്ഷണങ്ങൾ!) നോക്കിയ ശേഷമാണ് ബ്രിട്ടീഷുകാർക്കെതിരെ അത് വിജയകരമായി പ്രയോഗിച്ചത് എന്നതിലാണ് കഥയിലെ ആക്ഷേപഹാസ്യം കുടികൊള്ളുന്നത്.

ചിലപ്പോൾ ഉണങ്ങിയ മാങ്ങയണ്ടിയായി കാണപ്പെടുന്ന ഇന്ത്യൻ ദേശീയത മറ്റു ചിലപ്പോൾ പൂത്തുലഞ്ഞു നിൽക്കുന്ന കാൻസർ വളർച്ചയാണെന്ന നിരീക്ഷണം ചരിത്ര ഘട്ടങ്ങളെ മാത്രമല്ല അധികാര രാഷ്ട്രീയത്തിലെ നിഗൂഢതകൾക്ക് നേരെയും വിരൽ ചൂണ്ടുന്നുണ്ട്. “അലക്സാണ്ടർ തൊട്ടുള്ളവരുടെ ആക്രമണങ്ങളിൽ ഓരോന്നിലും ഭാരതീയർ വിജയിച്ചത് ദേശീയ അഹന്തയെ ഒരു രോഗം പോലെ പെരുക്കിയിട്ടാണ്.” എന്ന് പറയുമ്പോൾ ദേശീയതയെ ദേശീയാഹന്തയായി പരിവർത്തിപ്പിച്ചും രോഗം പോലെ പെരുക്കിയും നേട്ടംകൊയ്ത രാഷ്ട്രീയ സംഭവങ്ങൾ വായനക്കാരുടെ മുന്നിൽ തെളിഞ്ഞുവരും. ദേശീയത എന്നത് ജനകീയമായ ഒരു ‘വസ്തു’വാണ്. അതു ഉപയോഗിച്ച് വമ്പൻ ആക്രമണങ്ങളെ തടുത്തത് പോലെ ഏറ്റവും വിലകുറഞ്ഞ ഉപ്പ് എന്ന “ജനകീയ വസ്തു” കൊണ്ടുള്ള ഒരാക്രമണത്തിന് സ്വാതന്ത്ര്യ സമരത്തെ പുതിയൊരു വ്യാപ്തിയിലേക്ക് നയിക്കാനാവും എന്നതായിരുന്നു കാസിംഭായി മുൻജിംഭായി എന്ന കഴുത്തറുപ്പനായ
ഉപ്പുകച്ചവടക്കാരനുണ്ടായിരുന്ന സ്വകാര്യദർശനം!
“മനസ്സും ശരീരവും ഉപ്പു കച്ചവടത്തിനായി അർപ്പണം ചെയ്ത കഴുത്തെറുപ്പൻ” എന്ന കാസിംഭായിയെ
കുറിച്ചുള്ള പരാമർശം ശരീരവും മനസ്സും ഉപ്പുസത്യാഗ്രഹത്തിനായി/ സ്വാതന്ത്ര്യ സമരത്തിനായി അർപ്പണം ചെയ്ത മഹാത്മാവ് – എന്നതിന്റെ പാരഡിയായി മാറുന്നു. കാസിംഭായി മുൻജിംഭായിയുടെ വാക്ക് കേട്ട് കൂലിക്കാരെക്കൊണ്ട് ഏതാനും ചാക്ക് ഉപ്പ് കൊണ്ടുപോയി വളരെക്കാലം സത്യാഗ്രഹം ചെയ്തുപഠിച്ച ശേഷമാണ് ഗാന്ധിജി ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ വിജയകരമായി അത് പ്രയോഗിച്ചത് എന്ന ഫലിതം ക്രൂരമെങ്കിലും വായനക്കാരെ ചിരിപ്പിക്കുകയും ‘സത്യാന്വേഷണ പരീക്ഷണങ്ങളു’ടെ നേർക്കുള്ള ആക്ഷേപഹാസ്യ രൂപത്തിലുള്ള ‘ഭീകരാക്രമണ’മായി മാറുകയും ചെയ്യുന്നു.

ഉപ്പുസത്യാഗ്രഹത്തെക്കുറിച്ചുള്ള കഥയിലെ ഈ സന്ദർഭം അഴിമതിക്കെതിരെ ചരിത്ര സമരം നടത്തിയ വി.കെ.എന്നിന്റെ പിതാമഹനിലെ സർ ചാത്തുവിന്റെ അരികത്തിക്കൽ സമരത്തെ
ഓർമ്മിപ്പിക്കുന്നതാണ്. ചാത്തുവിന്റെ അരികത്തിക്കൽ ഗാന്ധിയുടെ ഉപ്പുസത്യാഗ്രഹത്തിന്റെ പാരഡിയാകുമ്പോൾ വി. പി.
ശിവകുമാറിന്റെ കഥയിൽ ഉപ്പുസത്യാഗ്രഹം എന്ന ചരിത്ര സംഭവത്തെ സത്താമീമാംസയുമായി ബന്ധിപ്പിച്ച് ആക്ഷേപഹാസ്യമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ആക്ഷേപഹാസ്യവും പാരഡിയും
കൂടിച്ചേർന്ന് കഥയെ ഗംഭീര ഫലിതമാക്കി മാറ്റുന്നു.

കഥാകൃത്ത് ഉപയോഗിക്കുന്ന ആഖ്യാന തന്ത്രങ്ങൾ പല കഥകളിൽ ആവർത്തിച്ചു വരുന്നു എന്നത് ആവർത്തനവിരസത ഉണ്ടാക്കും. . ചിന്താവിഷ്ടനായ രാമൻ നായർ, പരദേശീമോക്ഷ യാത്ര, പി‌പീലികാ ന്യായം, കാകോലുകീയം, മാരണം തുടങ്ങിയ കഥകളെല്ലാം തന്നെ പാരഡികളാണ്. പഞ്ചതന്ത്രം, കഥാസരിത് സാഗരം തുടങ്ങിയ കൃതികളിലെ പുരാതന കഥാകഥന ശൈലിയുടെ അനുകരണം പല കഥകളിലായി ആവർത്തിച്ചു വരുന്നത് പ്രത്യക്ഷത്തിൽ തന്നെ മടുപ്പുണ്ടാക്കും. പി‌പീലികാ ന്യായം, ഉഷ്ട്രകണ്ടകഭോജന ന്യായം, കാകോലുകീയം, ഘുണാക്ഷര ന്യായം തുടങ്ങി പേരിൽ പോലുമുള്ള
സാമ്യങ്ങൾ മടുപ്പിക്കുന്നതുമാണ്. സാഹിത്യത്തെ തന്നെ സാഹിത്യത്തിന് വിഷയമാക്കുന്ന (metafiction) ആഖ്യാനരീതിയും പല കഥകളിലായി ആവർത്തിച്ചുവരുന്നുണ്ട്. ഇത്തരം ആവർത്തനങ്ങൾ വി.പി.ശിവകുമാർ എന്ന കഥാകൃത്ത് അദ്ദേഹത്തെ തന്നെ അനുകരിക്കുകയാണെന്ന തോന്നലാണ് ഉണ്ടാക്കുക. പല ആക്ഷേപഹാസ്യ കഥകളിലും ഹാസ്യമില്ലെന്ന ദാരിദ്ര്യവും ആ കഥകൾക്കുണ്ട്. ആദേശസന്ധി എന്ന കഥയിൽ രണ്ടുപേർ ശരിക്കും വിരസമായ ജീവിതത്തെ പരസ്പരം വെച്ചുമാറി അതിജീവിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. മലയാളത്തിലെ ആദേശസന്ധിയെ പാരഡിയാക്കുന്നുണ്ട് കഥയിൽ . രണ്ട് വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പോയി പകരം മറ്റൊന്നു വരുന്നതാണല്ലോ ആദേശസന്ധി. ഇൻകം ടാക്സ് സൂപ്രണ്ട് ആയിരുന്ന പി.വി ചാക്കോ, ശിവമയം പ്രസ്സിലെ പഞ്ചാപകേശയ്യാരായി മാറുന്നതും അയ്യർ, സൂപ്രണ്ട് ചാക്കോയായി മാറുന്നതുമാണ് കഥ. കുഞ്ഞക്കാമ്മയുടെ
ഭർത്താവായിരുന്ന പി. വി.ചാക്കോ പോയിട്ട് പകരം പഞ്ചാപകേശയ്യർ ‘ആദേശി’ക്കുക മാത്രമാണ് ചെയ്തിരുന്നതെങ്കിൽ സന്ധി ശരിയാണ്!
ഇവിടെ ചാക്കോ അയ്യരാവുകയും ശിവമയം പ്രസ്സിന്റെ ഉടമയായി മാറുകയും കൂടി ചെയ്യുന്നു.ഉഭയ സമ്മതത്തോടുകൂടിയ പരസ്പര പരിണാമം! കഥയിലെ പരിണാമം മലയാള വ്യാകരണത്തിലെ ആദേശ സന്ധിയിലെന്നല്ല ഒരു സന്ധിയിലുമില്ല.
പിന്നെന്തിന് കഥക്ക് ആദേശസന്ധിയെന്ന് പേര് കൊടുത്തുവെന്ന് ആരായാലും ചോദിച്ചു പോവും.

സ്ത്രീവിരുദ്ധത – വി പി ശിവകുമാർ കഥകളിൽ

വി.പി. ശിവകുമാറിന്റെ കഥകളിൽ പൊതുവെ സ്ത്രീകൾ മുഖ്യ കഥാപാത്രങ്ങളായി വരുന്ന കഥകൾ കുറവാണ്. സ്ത്രീകൾ കഥാപാത്രങ്ങളായി വരുന്ന അപൂർവ്വം കഥകളിൽ തന്നെ അവർ കാരിക്കേച്ചർ സൃഷ്ടികളും കഥ, സ്ത്രീവിരുദ്ധതയുടെ അതിപ്രസരമുള്ളതുമാണ്. സ്ത്രീകൾ മുഖ്യ
കഥാപാത്രങ്ങളായി വരുന്ന രണ്ട് കഥകളാണ് പിപീലികാന്യായവും ഗാന്ധർവവും. ഈ രണ്ട് കഥകളിലെയും സ്ത്രീ കഥാപാത്രങ്ങൾ കാരിക്കേച്ചർ സൃഷ്ടികളാണ്. മോശമോ മണ്ടത്തരമോ ആയ കാര്യങ്ങളെ ചിരി ഉണർത്തും വിധം ആക്ഷേപഹാസ്യമാക്കി മാറ്റുകയാണ് കാരിക്കേച്ചർ ചെയ്യുന്നത്. അതിശയോക്തി മുഖമുദ്രയായ കാരിക്കേച്ചറുകൾ കഥാപാത്രങ്ങളെ പരിഹാസ്യരാക്കി മാറ്റുകയും അതുവഴി വായനക്കാരെ ചിരിപ്പിക്കുകയും ചെയ്യും. പിപീലികാ ന്യായം, ഗാന്ധർവ്വം എന്നീ കഥകളിലെ സ്ത്രീകഥാപാത്രങ്ങൾ അതിശയോക്തി കൊണ്ട് വക്രീകരിക്കപ്പെട്ട കാരിക്കേച്ചറുകളാണ്.

സ്ത്രീകളുടെ സ്വർണാഭരണ ഭ്രമത്തെ പരിഹസിക്കുന്ന കഥയാണ് പിപീലികാ ന്യായം. ഉറുമ്പുകൾ സാവധാനമെങ്കിലും തുടർച്ചയായി പരിശ്രമിച്ച് ലക്ഷ്യം നേടുന്നതിനെ കാണിക്കാനാണ് സംസ്കൃതത്തിൽ ഈ ന്യായം ഉപയോഗിക്കുന്നത്. വി.പി ശിവകുമാറിന്റെ കഥയിൽ ഉറുമ്പ് ഭക്ഷണം ശേഖരിക്കുന്നതുപോലെ ഗോമതി സ്വർണ്ണം ശേഖരിക്കുന്നു . “ മാനുഷികമായ അഭ്യുന്നതിയുടെ അടിസ്ഥാനം ജന്മവാസനയാണല്ലോ. പ്രതിഭയുടെ ഉന്നതമായ അവസ്ഥയിൽ മാത്രമേ ജീവചരിത്രകാരന്മാർ അതേപ്പറ്റി പരാമർശിക്കാറുള്ളൂ. ഗോമതി ഇതിനൊരു ഉദാഹരണമാണ് ” എന്ന വാക്യങ്ങളിൽ കഥ തുടങ്ങുന്നു. ഉറുമ്പ് ഭക്ഷണം ശേഖരിക്കുന്നത് പോലെ സ്വർണ്ണം ശേഖരിച്ച സ്ത്രീക്ക് ഒരു ജീവചരിത്രകാരൻ ഉണ്ട്! ജീവചരിത്രത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. കുട്ടിക്കാലം
മുതൽക്കേ തുടങ്ങിയ ഭ്രമമാണ് ഗോമതിക്ക് സ്വർണ്ണത്തോട്. ചെറുപ്പത്തിൽ വീട്ടുകാർ വാങ്ങിക്കൊടുക്കുകയായിരുന്നു. വിവാഹശേഷം ഭർത്താവിന്റെ പോക്കറ്റിൽ നിന്ന് അയാളുടെ അറിവോടെയും അല്ലാതെയും എടുത്ത പണം കൊണ്ട് സ്വർണ്ണം വാങ്ങി ശേഖരിച്ചു. പിന്നീട്
ഗോമതിക്ക് സർക്കാർ പണി കിട്ടിയപ്പോൾ ഓരോ മാസവും ശമ്പളത്തിൽ നിന്ന് മിച്ചം പിടിച്ചും ഏൺഡ് ലീവ് സറണ്ടർ ചെയ്തും സ്വർണ്ണശേഖരം വർദ്ധിപ്പിച്ചു. സ്വർണ്ണത്തിന് വില കൂടുന്നതിനനുസരിച്ച് ഗോമതിയുടെ
സാമ്പാദ്യ ശീലം കൂടി. അവളുടെ സമ്പാദ്യരീതി അന്യാദൃശ്യമായിരുന്നു എന്ന് എല്ലാവരും മനസ്സിലാക്കിയത് അവൾക്ക് ഒരു വയറുവേദന വന്നപ്പോളായിരുന്നു! അടിയന്തര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് സ്വർണാഭരണങ്ങളായിരുന്നു.
മറ്റുള്ളവരുടെ സ്വർണ്ണം ‘ഫാഷൻ നോക്കട്ടെ ’ എന്ന് പറഞ്ഞുവാങ്ങിയത് വിഴുങ്ങിയതായിരിക്കാം എന്നാണ് ജീവചരിത്രക്കാരൻ അനുമാനിക്കുന്നത്. പിന്നെപ്പിന്നെ കാണുന്ന മനുഷ്യരുടെയൊക്കെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചെടുക്കാൻ തുടങ്ങിയതോടെ ഭർത്താവ് പരിചയക്കാരോട് ഗോമതിയെ സൂക്ഷിച്ചോളാൻ മുന്നറിയിപ്പ് കൊടുത്തു. പക്ഷേ, ജീവചരിത്രകാരന് കണ്ടെത്താനാകാത്ത ചില വസ്തുതകൾ അവശേഷിക്കുന്നുണ്ടെന്ന് കഥാകൃത്ത് സാക്ഷ്യപ്പെടുത്തുന്നു. യാഥാർഥ്യം ഇതത്രേ! “പുരുഷ മേധാവിത്വത്തിൻ
കീഴിൽ സ്ത്രീത്വം ഞെരിഞ്ഞമർന്നുകൊണ്ടിരിക്കുന്ന ഈ നാട്ടിൽ ഒരു സാധാരണ സ്ത്രീക്ക് ലഘു സമ്പാദ്യ പദ്ധതി വഴി എന്തൊക്കെ നേടാനാകും എന്നതിന്റെ മഹനീയവും ഉദാരവുമായ ഒരു മാതൃകയാണ് അവളുടെ ജീവിതം” – ഇങ്ങനെയാണ്
കഥ അവസാനിക്കുന്നത്.
നമ്മുടെ എഴുത്തുകാരുടെ പ്രശ്നമിതാണ്. വലിയ ലോക കാര്യങ്ങൾ കാണാനുള്ള കാഴ്ചയും ദീർഘദർശനശേഷിയും ഉണ്ടാകും. പക്ഷേ, ചുറ്റിനുമുള്ള ജീവിതം കാണാനോ അതിനെ വിശകലനം ചെയ്യാനോ തെല്ലും കഴിവുണ്ടാവില്ല. വി. പി. ശിവകുമാറിന്റെ കഥകളുടെ
മുഖവുരയിൽ പരാമർശിക്കപ്പെടുന്ന ഏക സ്ത്രീ അദ്ദേഹത്തിന്റെ അമ്മയാണ്.കൗമാരത്തിൽ പോലും ഒരു പ്രണയവുമില്ലായിരുന്നുവെന്നും അതുകൊണ്ടാണ് തന്റെ കഥകൾ കയ്പൻ കഥകളായി പോയതെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. സ്ത്രീകളുമായി സൗഹൃദം പോലും ഉണ്ടായിരുന്നിരിക്കില്ല. അങ്ങനെയൊരാൾ സ്ത്രീ ജീവിതത്തെ ഉപരിപ്ലവമായി നോക്കിക്കാണുന്നതിന്റെ വികൃതമായ കാഴ്ചയാണ് അദ്ദേഹത്തിന്റെ കഥകളിലുള്ളത്.

സ്വർണ്ണത്തോടും ആടയാഭരണങ്ങളോടും ഭ്രമമുള്ളവരായി, സാമൂഹിക ബന്ധമില്ലാതെ കുടുംബ കാര്യങ്ങളുമായി മാത്രം കഴിയുവാൻ സ്ത്രീകളെ പരിശീലിപ്പിക്കുന്ന ഒരു സിസ്റ്റത്തിനകത്തുനിന്നുകൊണ്ടാണ് ശിവകുമാർ ഇമ്മാതിരി അളിഞ്ഞ കഥകളെഴുതിയത്. പണത്തിനൊപ്പം മൂല്യമുള്ളതും പണത്തിന് പകരമായി വിനിമയം ചെയ്യപ്പെടുന്നതുമായ സ്വർണ്ണം എന്ന ലോഹത്തിന്റെ യഥാർഥ ഗുണഭോക്താവാര് എന്ന ചോദ്യം കഥ ഉയർത്തുന്നില്ല. അങ്ങനെ ഒരു ചോദ്യം ഉയർത്തണമെങ്കിൽ കഥാകൃത്തിന് അതിനെക്കുറിച്ച് വല്ല ധാരണയും വേണം. ലോകത്തിലെ ഏറ്റവും കൂടുതൽ സ്വർണ്ണം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിൽ അത് കൂടുതലും ഉപയോഗിക്കപ്പെടുന്നത് സ്വർണാഭരണം ഉണ്ടാക്കാനാണെങ്കിലും അതിനെ പണമാക്കി മാറ്റുന്നതും അതിന്റെ മുഖ്യ ഗുണഭോക്താവും പുരുഷനാണെന്ന കാര്യം പകൽപോലെ വ്യക്തമാണ്. ഏത് വിധേനയും സ്വർണ്ണം സമ്പാദിക്കുന്ന ഗോമതിക്ക് അതിലൂടെ കിട്ടുന്നത് ഭ്രാന്തിയെന്നും കള്ളിയെന്നുമുള്ള പേരുകളും വയറുവേദനയുമാണ്. പണം കൊടുത്ത് വാങ്ങിയും പിടിച്ചുപറിച്ചും സ്വർണ്ണം സമ്പാദിക്കുന്നതായല്ലാതെ കഥയിൽ ഒരിടത്തും ഗോമതി സ്വർണ്ണം വിറ്റു പണമുണ്ടാക്കുന്നതായോ സ്വർണ്ണം പണയം വയ്ക്കുന്നതായോ പരാമർശമില്ല. സമ്പാദ്യം മാത്രമേയുള്ളൂ. അത് എങ്ങനെ ഉപയോഗിക്കണമെന്നോ അതിന്റെ മൂല്യം എന്തെന്നോ ഗോമതിക്കറിയില്ല. അത് ‘ഗോമതിമാർ’ അറിയാതിരിക്കേണ്ടത് യഥാർത്ഥ ഗുണഭോക്താക്കളുടെ ആവശ്യമാണ്. ഇത്തരം ഗോമതിമാരെ നമുക്ക് വി. പി.ശിവകുമാറിനെ പോലുള്ള കഥാകൃത്തുക്കളുടെ കഥകളിൽ മാത്രമേ കാണാൻ കഴിയൂ. ഇനി കഥാകൃത്ത് എന്ത് ഉദ്ദേശത്തിലാണ് കഥ എഴുതിയത് എന്ന കാര്യം ആ കഥയുടെ അവസാന ഭാഗത്ത് വ്യക്തമാകുന്നുണ്ട്. പുരുഷമേധാവിത്വത്തിൻ കീഴിൽ സ്ത്രീത്വം
ഞെരിഞ്ഞമർന്നുകൊണ്ടിരിക്കുന്നുവെന്ന് സ്ത്രീപക്ഷവാദികൾ പറയുമ്പോഴും നിങ്ങൾ ഞെരിഞ്ഞമരുന്നത് സ്വർണ്ണം പോലുള്ള മഞ്ഞ ലോഹങ്ങളിലും ആഡംബരത്തിലുമാണെന്ന പരിഹാസമാണ് കഥാകൃത്ത് ഉയർത്തുന്നത്. സ്ത്രീകൾ സ്വർണ്ണത്തിലും ബാഹ്യമോടികളിലും മുങ്ങി ജീവിക്കേണ്ടത് ആരുടെ ആവശ്യമാണെന്ന കാര്യം ചിന്താശേഷിയുള്ള സ്ത്രീകൾക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ ഇത്തരം സ്ത്രീവിരുദ്ധ കഥകൾ തുറന്നുകാട്ടപ്പെടുകയും അപഹസിക്കപ്പെടുകയും ചെയ്യും.

പണ്ടുകാലത്ത് കലുങ്കിലും കടത്തിണ്ണകളിലും ഇന്ന് സോഷ്യൽ മീഡിയയിലും നിരന്നിരുന്ന് സ്ത്രീകളെ കുറിച്ച് അശ്ലീലകഥകൾ ഉണ്ടാക്കുന്നവരുടെ കൂട്ടത്തിലേക്ക് മലയാള കഥാസാഹിത്യത്തിലെ പ്രമുഖനും വ്യത്യസ്തനുമായ ഒരു കഥാകൃത്ത് തരംതാഴ്ന്ന കാഴ്ചയാണ് ഗാന്ധർവ്വം എന്ന കഥയിലുള്ളത്. റേപ്പ് ജോക്കാണ് കഥയെന്ന് ഒറ്റവാക്യത്തിൽ പറയാം. വടികുത്തി നടക്കുന്ന, പല്ലില്ലാത്ത മോണ കാട്ടിച്ചിരിക്കുന്ന ഒരു പടുവൃദ്ധയാണ് റേപ്പ് ജോക്കിന് ഇരയാകുന്നത് എന്നതാണ് ഏറ്റവും ഭയങ്കരമായി അനുഭവപ്പെടുന്നത്. “അയലത്തെ അശോകമിത്രൻ അവന്റെ ക്ലാസിൽ പഠിക്കുന്ന അംബുജത്തെ ബലാത്സംഗം ചെയ്തെന്ന് കേട്ട് അടുത്ത വീട്ടിലെ പത്തമ്പത് കൊച്ചുമക്കളുള്ള ഒരു അമ്മൂമ്മയ്ക്ക് തന്നെയും ആരെങ്കിലും ബലാത്സംഗം ചെയ്തെങ്കിൽ എന്ന് ഒരാഗ്രഹം തോന്നി. ” ഇങ്ങനെയാണ് ഗാന്ധർവം എന്ന വി.പി. ശിവകുമാറിന്റെ കഥ തുടങ്ങുന്നത്. ആരെങ്കിലും ഒരുത്തൻ തന്നെ അടുത്തുള്ള പൊന്തക്കാട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ എത്തിച്ചേരുമെന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട് അമ്മുമ്മ വടിയും കുത്തി നാൽക്കവലയിലെത്തി നിലയുറപ്പിച്ചുവത്രെ! മനുഷ്യരാരും
ഗൗനിക്കാതിരുന്നത് കൊണ്ട് അമ്മൂമ്മ അതുവഴി പതിവായി പോകുന്ന ഗന്ധർവനെ പ്രതീക്ഷിച്ചു
നിലയുറപ്പിച്ചുവെന്നും ഒടുവിൽ എത്തിച്ചേർന്നത് ചുടലപ്പിശാച് ആയിരുന്നുവെന്നുമാണ് കഥാകൃത്ത് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. അമ്മൂമ്മയുടെ ആഗ്രഹം ചുടലപ്പിശാച് കുന്തമുന കൊണ്ട് തീർത്തു കൊടുത്തു എന്ന് പറയുന്ന ശിവകുമാർ “പാവം അമ്മൂമ്മയ്ക്ക് പറ്റിയ ഒരു പറ്റ്. ”എന്നുപറഞ്ഞാണ് കഥ അവസാനിപ്പിക്കുന്നത്. കഥാകൃത്തിന് സ്ത്രീകളെക്കുറിച്ച് ഒരു ധാരണയുമില്ലെന്ന് മാത്രമല്ല രതി എന്തെന്നോ ബലാത്സംഗം എന്തെന്നോ പോലും അറിയില്ലെന്നാണ് കഥ തെളിയിക്കുന്നത്.
സ്ത്രീവിരുദ്ധതയുടെയും അശ്ലീലത്തിന്റെയും ആഭാസക്കാഴ്ചകളാണ് കഥയിലുടനീളം
കാണാൻ കഴിയുന്നത്.
അധ്യാപകൻ കൂടിയായ വി. പി.ശിവകുമാർ ഇങ്ങനെ ഒരു കഥ എഴുതി എന്നത് തികച്ചും അമ്പരപ്പിക്കുന്നതാണ്. “പാവം അമ്മൂമ്മയ്ക്ക് പറ്റിയ ഒരു പറ്റ്” എന്ന് അവസാനിക്കുന്ന ഗാന്ധർവം എന്ന കഥ ഇനി മുതൽ വി.പി. ശിവകുമാറിന് പറ്റിയ പറ്റ് എന്ന പേരിൽ അറിയപ്പെടും!

സ്ത്രീകളെക്കുറിച്ച് വളരെ കുറച്ചു മാത്രം എഴുതിയ ഒരു കഥാകൃത്തിന്റെ സ്ത്രീകൾ കഥാപാത്രങ്ങളായി വരുന്ന അപൂർവ്വം കഥകൾ ഇത്രയേറെ സ്ത്രീവിരുദ്ധമായി പോയത് എന്തുകൊണ്ടായിരിക്കും? വി. പി. ശിവകുമാറിന്റെ കഥകളിൽ ഏറ്റവും കൂടുതൽ കാണാൻ കഴിയുന്നത് പഞ്ചതന്ത്രം തുടങ്ങിയ പുരാതന കഥാഖ്യാനങ്ങളുടെ ശൈലിയാണ്.പഞ്ചതന്ത്രത്തിലെ മിക്ക കഥകളിലും സ്ത്രീകളെല്ലാം വഞ്ചകികളും കുടില ബുദ്ധിയുള്ളവരും പരപുരുഷഗമനം നടത്തുന്നവരും ആയിരിക്കും. സ്മൃതികളെയും മറ്റും അടിസ്ഥാന പ്രമാണമായി സ്വീകരിച്ച പ്രസ്തുത കഥകളുടെ കഥാകാരൻ പേജ് കണക്കിനാണ് സ്ത്രീവിരുദ്ധത എഴുതി വെച്ചിരിക്കുന്നതെന്ന് കാണാം. പാരഡിയാക്കാനാണെങ്കിലും അത്തരം കഥാഖ്യാനശൈലി ആഖ്യാനതന്ത്രമായി സ്വീകരിച്ച വി.പി. ശിവകുമാർ സ്ത്രീവിരുദ്ധത എഴുതിയില്ലെങ്കിലേ
അദ്‌ഭുതമുള്ളൂ. പഞ്ചതന്ത്രം കഥകളിൽ സ്ത്രീകളെ വസ്തുവൽക്കരിച്ചു കൊണ്ടുള്ള അവതരണമാണ് കാണുന്നത്.അത്തരം അവതരണം തന്നെയാണ് വി.പി. ശിവകുമാറിന്റെ കഥകളിലും കാണുന്നത്.
പിപീലിക ന്യായം എന്ന കഥയിലെ ഗോമതി വിഴുങ്ങിയത് മൂന്നു പവന്റെ ഇളക്കത്താലി നെക്ക്ലെസ് ആയിരുന്നു! ഗോമതിയുടെ
വയർ സ്വർണ്ണം സൂക്ഷിക്കാനുള്ള ഒരു ലോക്കറാണ്!! പല്ലില്ലാത്ത, വടിയും കുത്തി നടക്കുന്ന പടുവൃദ്ധ തന്നെ ആരെങ്കിലും പൊന്തക്കാട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തെങ്കിൽ എന്ന് കൊതിച്ചു നടക്കുന്നതായി കഥാകൃത്തിന് അവതരിപ്പിക്കാൻ കഴിയുന്നത്, സ്ത്രീകളെ വസ്തുക്കളായി കാണുന്നതുകൊണ്ടാണ്. ആധുനികകാലത്തും സ്ത്രീകളെക്കുറിച്ച് ഇമ്മാതിരി അശ്ലീല സ്ത്രീവിരുദ്ധ കഥകൾ എഴുതാൻ കഥാകൃത്തുക്കൾക്ക് കഴിയുന്നത് സ്ത്രീപക്ഷത്തു നിന്നുള്ള വിമർശനം ഇല്ലാതാകുന്നതുകൊണ്ടാണ്. പരലോകത്തിരുന്നെങ്കിലും വി.പി.
ശിവകുമാർ ഇങ്ങനെ ഒരു വിമർശനം വായിക്കുകയും തനിക്ക് പറ്റിയ പറ്റ് ഓർത്ത് ലജ്ജിക്കുകയും ചെയ്യുമാറാകട്ടെ!

ജൂലി ഡി എം

അദ്ധ്യാപിക

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x