ജൂലി ഡി എം

Published: 10 march 2025 ട്രോൾ വിമർശനം

സാഹിത്യത്തിലെ ഉടുമ്പു ജീവിതങ്ങള്‍

പ്രത്യേകിച്ച് എഴുതാന്‍ വിഷയമൊന്നുമില്ലാതിരിക്കുക.ക്ലീഷെകള്‍ മാത്രം കഥയുടെ മൂലധനമായി കൈവശമുണ്ടാവുക. പുതുതായി ഒന്നും സൃഷ്ടിക്കാനാവാതെ വരിക. അപ്പോഴും നിലനില്‍പ്പിനായി മാത്രം എഴുതേണ്ടി വരിക. വലിയ പ്രതിസന്ധിയാണ്! നിലവിലെ സ്ഥിതിവിശേഷം ഇതാണെന്നിരിക്കെ, കഥയെ
ഉല്‍കൃഷ്ടമാക്കാന്‍ വേണ്ടി വിഖ്യാതരായ എഴുത്തുകാരെയും അവരുടെ കഥകളെയും കൊണ്ട് സ്വന്തം കഥ
നിറയ്ക്കുന്നവരുടെ എണ്ണം മലയാളത്തില്‍ കൂടി വരികയാണ്. കാല്‍പനിക പൈങ്കിളി എഴുത്തിനോട് ഫ്രാന്‍സ് കാഫ്കയെ ചേര്‍ത്തുവച്ച് ഒരു മെറ്റമോര്‍ഫോസിസ് നടത്താന്‍ പറ്റുമോ എന്ന പരീക്ഷണമാണ് വി ആര്‍ സുധീഷിന്റെ ‘ഉടുമ്പ് ജീവിതം’ എന്ന ഗ്രന്ഥാലോകത്തില്‍ (ജനുവരി 2025) വന്ന കഥ.ഇത്രയും വായിച്ച്
കഥ കൊണ്ട്
ഒരുപയോഗവുമില്ലെന്നാരും കരുതരുത്!കാഫ്കയുടെ പത്തോളം കഥകളുടെ പേരുകള്‍ , ഏതാനും കഥാപാത്രങ്ങളുടെ പേരുകള്‍ , മെറ്റമോര്‍ഫോസിസില്‍ നിന്നുള്ള ഇംഗ്ലീഷ് വാക്യങ്ങള്‍ എന്നിവ കൊണ്ട്
വിജ്ഞാനപ്രദമാണ് കഥ.ഗ്രന്ഥാലോകത്തില്‍ വന്ന കഥ വായിച്ചാല്‍ വിദ്യാരംഗത്തില്‍
വന്നതാണെന്നേ തോന്നൂ !

വി ആര്‍ സുധീഷിന്റെ ഉടുമ്പ് ജീവിതം

ഫ്രാന്‍സ് കാഫ്കയുടെ ആരാധകനായ നിരാമയന്‍, സതിയെ വിവാഹം കഴിക്കുന്നതോടെയാണ് ആമയനായി മാറുന്നത്.കുട്ടിക്കാലം മുതലേ കാഫ്ക ആവേശിച്ച നിരാമയന് എല്ലാ ദുഃഖനിവാരണത്തിനും മാര്‍ഗ്ഗം കാഫ്കയു ടെ കഥകളും കഥാപാത്രങ്ങളും മാത്രമായിരുന്നുവത്രേ. ‘മെറ്റമോര്‍ഫോസി’ല്‍ നിന്ന് ‘ദുര്‍ഗ്ഗ’ത്തിലേക്കും ‘വിചാരണ’യിലേക്കും എത്തിയ അയാള്‍ തന്റേതായ രീതിയില്‍ ആ കഥകള്‍ വിവര്‍ത്തനം ചെയ്യുകയും ചെയ്തുപോന്നു. സ്ത്രീകളെ നോക്കാത്ത, ഒട്ടും കാല്പനികനല്ലാത്ത നിരാമയന്‍ അച്ഛനമ്മമാര്‍ വിവാഹമാലോചിച്ചപ്പോള്‍ തന്നെ സമ്മതമറിയിച്ചു! അയാളുടെ മുറിയിലെ മേശപ്പുറത്ത് Castle, Trial, America, A little woman എന്നിങ്ങനെ കാഫ്കയുടെ കൃതികള്‍ അടുക്കി വച്ചിട്ടുണ്ടായിരുന്നു. വിവാഹ രാത്രിയില്‍ കയ്യില്‍ പാല്‍ ഗ്ലാസുമായി വന്ന നവവധു മേശപ്പുറത്തിരുന്ന പുസ്തകമൊന്നും ശ്രദ്ധിക്കാതെ Castle ന്റെ
പുറത്താണ് പാല്‍ ഗ്ലാസ് വെച്ചത്. അത് കണ്ട് വരന്റെ നെഞ്ച് പിടഞ്ഞുവെന്നാണ് കഥാകൃത്ത് പറയുന്നത്.കാഫ്കയെ
എം എ ഇക്കണോമിക്‌സ്‌കാരിയായ സതി നോക്കിയത് പോലുമില്ല. നിരാമയന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദം കാഫ്ക ആയിരുന്നുവെങ്കില്‍ ,ആയാളെ ബാധിച്ച ദാരുണമായ ആമയമായി മാറുകയായിരുന്നു സതി.സതിയെ സ്‌നേഹിച്ച് സ്‌നേഹിച്ച് കാഫ്കയുടെ കഥകള്‍ പറഞ്ഞു കൊടുക്കാനുള്ള ഗുരുവിന്റെ ഉപദേശം അനുസരിച്ച് നിരാമയന്‍ സതിക്ക് ക്ലാസെടുക്കുന്നു. ”ചത്തുപോയവരുടെ കഥകള്‍ തന്നെ വായിച്ചിരുന്നാല്‍ ജീവിച്ചിരിക്കുന്നവരുടെ കഥകള്‍ ആരാ വായിക്കുക? ‘ എന്ന സതിയുടെ ചോദ്യത്തില്‍ ഉത്തരംമുട്ടി സതിയുമായുള്ള പൊറുതി തന്നെ ഉപേക്ഷിച്ച് സ്വന്തം മുറിവിട്ട് പുറകിലെ കാര്‍ ഷെഡ്ഡിലേക്ക് അയാള്‍ താമസം മാറ്റുന്നു.

അങ്ങനെ രാപ്പകല്‍ കാഫ്കയെ വായിച്ച് ഷെഡ്ഡില്‍ കിടന്നുറങ്ങിയ ഒരു പട്ടാപ്പകലാണ് നിരാമയനെ ഉടുമ്പ് കടിക്കുന്നതും അയാള്‍ഉടുമ്പായി രൂപാന്തരം പ്രാപിക്കുന്നതും വീടിനടുത്തുള്ള മണ്‍ഭിത്തിയില്‍ ഗുഹാന്തര പ്രവേശം ചെയ്യുന്നതും. തിരികെ വരാന്‍ കരഞ്ഞു പറയുന്ന സതിയോട് കാഫ്കയെ സമ്പൂര്‍ണ്ണമായി വായിച്ചു മനസ്സിലാക്കാനാണ് ഉടുമ്പ് നിരാമന്‍ ആവശ്യപ്പെടുന്നത്. 27 ദിവസമെടുത്ത് കാഫ്കയെ സമഗ്രതയില്‍ വായിച്ച ആത്മവിശ്വാസത്തില്‍ ഗുഹാമുഖത്തെത്തിയ സതിയെ ഉടുമ്പ് ഇന്റര്‍വ്യൂ ചെയ്യുന്നു. കാഫ്കയുടെ കൃതികളില്‍ നിന്ന് നീ എന്താണ് മനസ്സിലാക്കിയത് എന്ന ചോദ്യത്തിന് ”എന്ത് പറഞ്ഞാലാണ് അയാള്‍ക്ക് തൃപ്തിയാവുക ”എന്നാലോചിച്ച സതി, ”മനുഷ്യര്‍ക്ക് രൂപാന്തരണം ആവശ്യമാണ്” എന്നാണ് മറുപടി പറയുന്നത്.
തെല്ല് നേരത്തെ നിശബ്ദതയ്ക്കുശേഷം ഉടുമ്പായി മാറിയ നിരാമയന്‍ പഴയ മനുഷ്യരൂപത്തില്‍ തിരിച്ചുവരുന്നു.
സതിയെ ആശ്ലേഷിക്കാന്‍ കൈകള്‍ നീട്ടിയ നിരാമയന്റെ മുന്നില്‍ നിന്ന് സതി പൂമ്പാറ്റയായി പറന്നകലുന്നു.
കാഫ്കയെ സതി മനസ്സിലാക്കാത്തത് കൊണ്ട് മാത്രം സ്ത്രീവിരുദ്ധനായി മാറിയ നിരാമയന്‍ ”സ്ത്രീയേ…. എനിക്ക് നിന്നെ ഇഷ്ടമാണെ”ന്ന് വിളിച്ചു പറയുമ്പോഴും പൂമ്പാറ്റ മടങ്ങി വരുന്നില്ല.തിരിച്ച് ഷെഡ്ഡില്‍
ചെല്ലുമ്പോള്‍ കട്ടിലില്‍ കിടന്ന പഴയ ഉടുമ്പ്
നിരാമയനെ കണ്ട് ഇഴഞ്ഞ് പോകുന്നു.സതി പോയ സ്ഥിതിക്ക് ഇനി താനവിടെ നിന്നാല്‍ നിരാമയന്റെ ആജ്ഞയാല്‍ കാഫ്കയെ വായിക്കുകയും ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയും ചെയ്യേണ്ടി വന്നാലോന്ന് പേടിച്ചാവും ഉടുമ്പ്
പിന്‍വാങ്ങിയത് !

ദുരന്ത കഥയെടുത്ത്
പൈങ്കിളിയാക്കുമ്പോഴുണ്ടാകുന്ന ദുരന്തം

രൂപാന്തരണം സംഭവിച്ചിട്ടും എല്ലാ മാനുഷിക ഭാവങ്ങളോടും വൈകാരികതകളോടും കൂടി കഴിയേണ്ടി വരുന്ന, അന്യവല്‍ക്കരണം സംഭവിച്ച മനുഷ്യന്റെ ദുരന്തമാണ് കാഫ്ക
മെറ്റമോര്‍ഫോസിസില്‍ അവതരിപ്പിച്ചത്.1915 ല്‍
പ്രസിദ്ധീകരിച്ചതു മുതല്‍ ഇന്നേവരെ വ്യാഖ്യാനിച്ചു തീര്‍ന്നിട്ടില്ലാത്ത ഒരു കൃതി കൂടിയാണത്. അസ്തിത്വത്തിന്റെ ദാര്‍ശനിക പരിസരത്തു നിന്നുകൊണ്ട് അന്യവല്‍ക്കരണം സംഭവിച്ച മനുഷ്യന്റെ ദുരന്തം ആവിഷ്‌കരിച്ച ഒരു കഥാകാരന്റെ കൃതികളെ ഉദ്ധരിച്ച് പൈങ്കിളി സാഹിത്യം ഉണ്ടാക്കാന്‍ കാണിച്ച ധൈര്യം സമ്മതിക്കണം ! കാഫ്കയുടെ
മെറ്റമോര്‍ഫോസിസിനെ ഉദ്ധരിച്ചാണ് കഥ എഴുതിയിരിക്കുന്നതെങ്കിലും അമേരിക്കന്‍ കോമിക് സീരീസായ സ്‌പൈഡര്‍മാനിലെ പീറ്റര്‍ പാര്‍ക്കറിന് സംഭവിച്ചതുപോലെയുള്ള ഒരു രൂപാന്തരണമാണ് ഉടുമ്പ് ജീവിതത്തിലെ നിരാമയന് സംഭവിക്കുന്നത്. പീറ്റര്‍ പാര്‍ക്കറിനെ ചിലന്തികടിച്ച് സ്‌പൈഡര്‍മാന്‍ ആയതുപോലെ ഉടുമ്പ് കടിച്ച് നിരാമയന്‍ ഉടുമ്പായി മാറുകയാണ്.കോമിക് സീരീസുകള്‍ എഴുതുന്നവര്‍ക്കുള്ള ഭാവനയോ പ്രതിഭയോ പോലുമില്ലാതെ കാഫ്കയെ പകര്‍ത്താന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന
ദുരന്തമാണിത്.

ചത്തു പോയവരുടെ കഥകള്‍ തന്നെ വായിച്ചിരുന്നാല്‍ ജീവിച്ചിരിക്കുന്നവരുടെ കഥകള്‍ ആരു വായിക്കുമെന്ന സതിയുടെ ചോദ്യം സത്യത്തില്‍ കഥാകൃത്തിന്റെ തന്നെ ചോദ്യമാണ്. മരിച്ചുപോയ മനുഷ്യരുടെ മികച്ച കൃതികള്‍ തന്നെ വായിച്ചിരുന്നാല്‍ തങ്ങള്‍ എഴുതുന്ന പൈങ്കിളി സാഹിത്യം ആരുവായിക്കുമെന്ന ആശങ്കയില്‍ നിന്നാണ് ആ ചോദ്യം ഉണ്ടാകുന്നത് തന്നെ.
അങ്ങനെയെങ്കില്‍ ആ മികച്ച കൃതികളും കഥാപാത്രങ്ങളുമൊക്കെ അടര്‍ത്തിയെടുത്ത് സ്വന്തം പൈങ്കിളിയെ ക്ലാസ്സിക് ആക്കി മാറ്റാമെന്ന ചിന്തയില്‍ നിന്നാണ് ഇത്തരം കഥകള്‍ ഉണ്ടാവുന്നത്. ”ചത്ത് പോയവരുടെ കഥകള്‍” വച്ച് പുതിയ കഥകള്‍ ഉണ്ടാക്കുകയാണ് ജീവിച്ചിരിക്കുന്ന പല കഥാകൃത്തുക്കളുടെയും ജോലി എന്നാണ് ഉടുമ്പ് ജീവിതം വായിച്ചാല്‍ വായനക്കാര്‍ക്ക് മനസ്സിലാവുന്നത്. ജീവിച്ചിരിക്കുന്ന, സ്വന്തമായി മൂലധനമില്ലാത്ത എഴുത്തുകാര്‍ ഇത്തരത്തില്‍ എളുപ്പവഴിയില്‍ ക്രിയ ചെയ്യാതിരിക്കുന്നതാണ് നല്ലത്. വായനക്കാര്‍, ”ചത്തുപോയ മനുഷ്യരുടെ” മായം ചേര്‍ക്കാത്ത കഥകള്‍ വായിച്ച് സംതൃപ്തിയടഞ്ഞു കൊള്ളും.തന്റെ കഥകളെ പ്രതി ഇമ്മാതിരി കഥാദുരന്തങ്ങള്‍ ഉണ്ടാകുമെന്നറിഞ്ഞിരുന്നെങ്കില്‍ കാഫ്ക
കഥയും നോവലുമൊന്നും എഴുതില്ലായിരുന്നു !

ജൂലി ഡി എം

അദ്ധ്യാപിക

5 3 votes
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x