വിജെ തോമസ്

Published: 10 september 2026 കവിത

വാക്കുകളുടെ വീട്

വീണു പോകാനിടയുള്ള വീടുകളാണ്  വാക്കുകൾ.

നെഞ്ചോടുചേർത്താലും വിട്ടുപോകാനുള്ള

കൂടുകൾ ,

പറിച്ചുനട്ടാലും ഒറ്റയ്ക്കാവുന്ന

വയൽപച്ചയാണ്   ഭൂമിയിൽ മനസ് .

 

പുസ്തകങ്ങളുടെ

കളപ്പുരകളിലല്ലെങ്കിലും

സത്യത്തിൻറെ ഉഴവുചാലുകളിലാണ്

അവയുടെ വേരുകൾ.

 

എപ്പോഴുംപ്രണയമാവശ്യമുള്ള ചെടിയാണ്  വീട്

അതിനെ

ഉമ്മകളാൽ അണിയിച്ചൊരുക്കുവാൻ 

പക്ഷികൾക്കറിയാം

ഭൂമിയിൽ ഒന്നിച്ചിരിക്കുവാൻ 

വാനിൽ പറക്കുവാൻ .

 

ശ്രദ്ധിക്കു കണ്ണുകൾ കൊണ്ടുപോലും

മുറിവേൽക്കുന്ന ചില ചില്ലുശിൽപ്പങ്ങൾ

ആരുടെയുള്ളിലുമുണ്ടാകും.

വാക്കുകളുടെയിതളനങ്ങിയാൽ പോലും 

മിഴിനിറയുന്ന ചില താമരകൾ.

 

നനവൂറിയ  കണ്ണുകളാൽ

പ്രാവുകൾ വിശുദ്ധിയല്ലാതെന്നും നിറവേറ്റുന്നില്ല

മറന്നുവെന്നു വേഴാമ്പൽ പറയാറില്ല

മാറ്റൊരാളുടെ വാക്കുകളിൽ  കാത്തിരിക്കുന്ന

മഴയുമുണ്ടാകാം .

 

മറന്നു കളഞ്ഞവീടുകളുണ്ടാകാം 

ചിലവേള ഉടയാടയ്ക്കു തീപിടിച്ച്

നിന്നു കത്തുന്ന നിലവിളികളുണ്ടാകാം.

 

എത്ര ആഴത്തിൽ മുറിവേറ്റെന്ന്

ആരെയാണിത്രനേരവും ഓർത്തോർത്തു

വാർന്നൊഴുകിയതെന്നും പറയാറില്ല 

ഭാഷ വേണ്ടന്നുവെച്ച മൃതദേഹങ്ങൾ .

 

വിട്ടിറങ്ങിയ വാക്കിലോ

കൊട്ടിയടച്ച വീട്ടിലോ

ഉമ്മകൾ

ഭിക്ഷ

യാചിക്കാറില്ല

ഉറക്കം സ്വപ്നംകാണാറുമില്ല.

Vjthomas.

944 644 8713 globalvjt@gmail.com

0 0 votes
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x