കെ.കെ. ശിവദാസ്

Published: 10 JUne 2026 വിവര്‍ത്തനകവിത

അവൾ പോയ ദിനവും
ആത്മകഥയും

-നാം ദിയോ ഥാസ്സൽ

വിവ: കെ.കെ.ശിവദാസ്

അവൾ പോയ ദിനം

അവൾ പോയ ദിനം
ഞാനെന്റെ മുഖത്ത് കറുപ്പു തേച്ചു.
പ്രചണ്ഡമായ ഉന്മത്തപവനന്റെ മുഖത്ത് ഊക്കോടെ ഞാനടിച്ചു.
ജീവിതത്തിന്റെ ചെറു ശകലങ്ങൾ പെറുക്കിയെടുത്ത് പൊട്ടിയ കണ്ണാടിയ്ക്കു മുന്നിൽ നഗ്നനായി ഞാൻ നിന്നു.
എന്നോട് പ്രതികാരം ചെയ്യാൻ ഞാനെന്നെയനുവദിച്ചു.
‘പേടിപ്പെടുത്തുന്ന പന്തെന്ന്’ പുച്ഛത്തോടെ ഞാൻ സൂര്യനെപ്പറഞ്ഞു.
സ്വപ്നങ്ങൾക്കു ചായം പൂശിയ എല്ലാ കലോപജീവികൾക്കും മേൽ ഞാൻ ശാപവചനങ്ങൾ ചൊരിഞ്ഞു.
കിഴക്കുനിന്നു ഞാൻ പടിഞ്ഞാറേക്കു നടന്നു
വഴിയിൽ കണ്ട കല്ലുകളെടുത്ത് അവ എനിയ്ക്കു നേരെയെറിഞ്ഞു.
ഈ വെള്ളം എത്ര കോലാഹലത്തോടെയാണ് പൊട്ടിച്ചിരിച്ചൊഴുകുന്നത്
പർവ്വതങ്ങളിലൂടെയും മലയിടുക്കുകളിലൂടെയുമൊഴുകി
ഏതു സമുദ്രത്തെ സന്ധിക്കാനാണ് അതാഗ്രഹിക്കുന്നത് ?
അല്ലെങ്കിൽ സമുദ്രനിരപ്പിലെ മണ്ണിൽ നിദ്രയടയുമോ?
ഞാൻ എനിയ്ക്കെങ്കിലും സ്വന്തമായിരുന്നുവോ?
അവളുടെ ശവശരീരം ചുംബിക്കാൻ പോലും എനിക്കു കഴിഞ്ഞില്ല
പിന്നെ തളരുംവരെ കരഞ്ഞു
അവൾ പോയ ദിനം
ഞാനെന്റെ മുഖത്ത് കറുപ്പുതേച്ചു

ആത്മകഥ

ജലോപരിതലത്തിൽ ഇളകിയാടുന്നതായി നിങ്ങൾ കാണുന്ന മുഖം എന്റേതാണ്.
ഉയർന്നുപൊങ്ങിയ തിരമാലയ്ക്കു മുകളിലെ നുരയുന്ന കിരീടം സ്ഥലകാലങ്ങൾക്കിടയ്ക്ക് സന്തുലിതമായ അന്തസ്സിനെത്തൊടാൻ പോകുന്നു.
നരകവേദനയുടെ കൊത്തളങ്ങൾ തകരാനും വീഴാനും തുടങ്ങിയിട്ടുണ്ട്.
ഈ വേദനയുടെ തീരത്ത് ഞാൻ തളരുകയും അസന്തുഷ്ടനാകുകയും ചെയ്തിട്ടുണ്ട്;
പലവിധമായ മുറിവുകളുള്ള പ്രതിമയിൽ ഉളികൊണ്ട് കൊത്തുന്നു.
കാറ്റിൽ അനായാസം പാറിപ്പോകുന്ന അസ്തിത്വത്തിന്റെ മേലങ്കി;
അതിന്റെ ഉഗ്രമായ ക്രോധം സൃഷ്ടിച്ച് ഇരുളും വെളിച്ചവും തമ്മിലെ കടുത്ത പോരാട്ടം
നിരാകാരമായ മാനം; ഗൃഹാതുരം; നഷ്ടപ്പെടുന്ന മോഹങ്ങൾ
ആന്തരികാവബോധത്തിന്റെ പൂക്കൾ വിടരാൻ തുടങ്ങുന്നു, ഗന്ധമില്ലാതെ ;
പാമ്പിനെപ്പോൽ , ഞാനും പടം പൊഴിക്കുന്നു;
ഈ ഉറഞ്ഞ ജലത്തിന്റെ സ്പർശം വികാരത്തിന്റെ എല്ലാ ചരടുകളും മുറിക്കുന്നു.
ജലോപരിതലമിപ്പോൾ ശാന്തമാക്കരുത്;
അല്ലാത്തപക്ഷം എന്റെ ഓർമകൾക്ക് മുഖം നഷ്ടപ്പെടും.

Dr. K. K. SIVADAS

Prof. Department of Malayalam University of Kerala, Karyavattom Campus.

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x