യുവന ജെ.

Published: 10 november 2026 സംസ്കാരപഠനം

സാമൂഹികമാധ്യമങ്ങളിലെ ഭാഷ

പ്രബന്ധ സംഗ്രഹം

വൈവിധ്യമാർന്ന ഭാഷാവ്യവഹാരങ്ങളുടെ ലോകമാണ് സാമൂഹികമാധ്യമങ്ങൾ.നഗരവൽക്കരണം ജനജീവിതത്തിനുമേൽ വരുത്തിയതിനേക്കാൾ വലിയ മാറ്റമാണ് സാമൂഹികമാധ്യമങ്ങളിലൂടെ സംഭവിക്കുന്നത്. ഈയിടത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ  ഭാഷയ്ക്കും നിരവധി സംഭാവനകൾ നൽകുന്നുണ്ട്.അവയിൽ പലതും താൽക്കാലികമായി നിലനിൽക്കുന്നവയാണെങ്കിൽ മറ്റു ചിലവ ദീർഘകാലം നിൽക്കുന്നു. സാമൂഹിക മാധ്യമങ്ങളുടെ വ്യാപനത്തോടുകൂടി അനൗപചാരിക ഭാഷ,ചുരുക്കെഴുത്തുകൾ, ഇംഗ്ലീഷ്-മലയാളം ഭാഷകളുടെ മിശ്രണം എന്നിവയും വ്യാപകമായി. ഇത് ഭാഷയിൽ പുതിയ പ്രയോഗങ്ങളും ശൈലികളും രൂപപ്പെടാനും ഭാഷയുടെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടാകാനും കാരണമാകുന്നുണ്ട്.പരമ്പരാഗത ആശയവിനിമയരീതികളിൽ നിന്ന് വ്യത്യസ്തമായി ഭാഷാപ്രയോഗത്തിലും അർഥത്തിലും പുതുമ സൃഷ്ടിക്കുന്നു.സാമൂഹികമാധ്യമങ്ങളിലെ ഭാഷാപ്രയോഗങ്ങളുടെ സാമൂഹിക-സാംസ്കാരിക-മാനസിക തലങ്ങളെ വിശകലനം ചെയ്യാൻ ശ്രമിക്കുന്നു.

താക്കോൽവാക്കുകൾ

സാമൂഹികമാധ്യമങ്ങൾ, ജെൻസി, പുതിയ പ്രയോഗങ്ങൾ, അർത്ഥപരിണാമം, സൂക്ഷ്മാർത്ഥ പ്രയോഗങ്ങൾ, അനൗപചാരിക ഭാഷ, ഇമോജികളും സ്റ്റിക്കറുകളും

ആമുഖം

“അവൾ red flag ആണ്”

“you slayed the performance”

“skinny jeans are cheugy now”

“haha 🐬🐬”

ഇതൊക്കെ കേട്ടാൽ മില്ലേനിയൽസ് ഞെട്ടിയെന്നിരിക്കും.

IFYKYK,Delulu,Sus എന്നിവയുടെ അർത്ഥം നിഘണ്ടുവിൽ തെരഞ്ഞാൽ ലഭിക്കാനിടയില്ല. കാരണം ഇവയെല്ലാം സാമൂഹികമാധ്യമങ്ങളിൽ ജെൻസികൾ ഉപയോഗിക്കുന്ന പ്രയോഗങ്ങളാണ്.

“ഈ പുതിയ പ്രയോഗങ്ങൾ ഭാഷയെ നശിപ്പിക്കുകയല്ലേ?”

“ഇത് ഭാഷയുടെ ശുദ്ധതയെ ബാധിക്കുന്നില്ലേ?”- ഇങ്ങനെ മില്ലേനിയൽസിന് ഈ പുത്തൻ ഭാഷരീതിയെക്കുറിച്ച് ആശങ്കകൾ നിരവധിയാണ്.യഥാർത്ഥത്തിൽ ഈ ഭാഷാരീതി ആശങ്കാജനകമാണോ എന്ന് ചിന്തിക്കാം..

ഭാഷ ഒരു സമൂഹത്തിന്റെ സാംസ്കാരിക പ്രതിഫലനമാണ്.അതിനാൽതന്നെ സമൂഹത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ ഭാഷയിലും പ്രകടമാകാറുണ്ട്.ഓരോ കാലഘട്ടത്തിലും സമൂഹത്തിന്റെ ആവശ്യാനുസരണം ഭാഷയിൽ രൂപപരമായും അർഥപരമായുമെല്ലാം മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്.മാറ്റങ്ങളുടെ പുതിയ ഘട്ടമാണ്,ഇന്ന് നാം കടന്നുപോകുന്ന ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും മറ്റും വ്യാപനത്തോടെ ഉണ്ടായ ഭാഷാപരിണാമം സൂചിപ്പിക്കുന്നത്.

സാമൂഹികമാധ്യമങ്ങൾ ആശയവിനിമയത്തിനും വിനോദത്തിനും മാത്രമുള്ള വേദിയല്ല.മറിച്ച് അവിടെ ഭാഷയുടെ പുനർനിർമാണവും നവീകരണവും സജീവമായി നടന്നുകൊണ്ടിരിക്കുന്നു.വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നവർ ഒരു വേദിയിൽ കൂടിച്ചേരുമ്പോൾ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന ഭാഷാപ്രയോഗങ്ങൾ അവിടെ രൂപപ്പെടുന്നു.ഇന്ന് ആഗോളതലത്തിൽ ഇംഗ്ലീഷ് ഭാഷയുടെ സ്വാധീനം ഏറിയതുകൊണ്ടുതന്നെ സാമൂഹികമാധ്യമങ്ങളിൽ രൂപപ്പെടുന്ന ഭാഷാപ്രയോഗങ്ങളിൽ ആ ഭാഷയുടെ സ്വാധീനം പ്രകടമാണ്.

സാമൂഹികമാധ്യമങ്ങളിൽ എല്ലാ പ്രായക്കാരും സജീവമാണെങ്കിലും ഇന്ന് ആ ഇടം ഭരിക്കുന്നത് ജെൻസി എന്ന് വിളിക്കപ്പെടുന്ന പുതുതലമുറയിൽകൂടിയാണ്.പുത്തൻ ഭാഷാപ്രയോഗങ്ങളുടെ ഉപയോക്താക്കളും പ്രചാരകരും അവരാണ്.ഈ പ്രയോഗങ്ങളുടെ സവിശേഷതകളും അതിൽ സംഭവിക്കുന്ന ഭാഷാപരമായ മാറ്റങ്ങളും വിശകലനം ചെയ്യുക എന്നതാണ് ഈ പ്രബന്ധംലക്ഷ്യംവെക്കുന്നത്..

അനൗപചാരിക ഭാഷ

ഇൻറർനെറ്റ് ലോകത്തിൻറെ പ്രത്യേകത നാം നിരന്തരം എഴുതുന്നു എന്നതാണ്. എന്നാൽ അവയെല്ലാം അനൗപചാരികമാണ്. ഈ ഭാഷാരീതി ലളിതവും വേഗതയേറിയതും സംഭാഷണാത്മകവുമാണ്. സാമൂഹിക മാധ്യമങ്ങളിലെ എഴുത്തിൽ എഡിറ്ററുടെ കരസ്പർശം ഉണ്ടാകുന്നില്ല. അങ്ങനെ എഡിറ്റ് ചെയ്ത ഔപചാരിക എഴുത്ത് ഇവിടെ വിരളമാണ്. ഔപചാരിക എഴുത്ത് മുൻകൂട്ടി ആലോചിച്ചതും തിരുത്തപ്പെട്ടതും ആയിരിക്കും. എന്നാൽ സാമൂഹികമാധ്യമങ്ങളിലേത് സ്വാഭാവികമായി ഉണ്ടാകുന്നതാണ്.

സാങ്കേതിക പദങ്ങളുടെ ചുരുക്കെഴുത്തുകൾക്ക് (html,url) സമാനമായി സാമൂഹികപദങ്ങളുടെ ചുരുക്കെഴുത്തുകൾ വ്യാപിച്ചിരിക്കുന്നു. BTW (by the way),OMG (oh my God),LOL(laughing out loud),PoV(point of view),Sus(Suspicious)എന്നിവ ഉദാഹരണങ്ങൾ. എഴുത്തിൽ ചിഹ്നങ്ങളുടെ ഉപയോഗം, ഒന്നിൽ കൂടുതൽ ഭാഷകൾ, വ്യവസ്ഥാപിത വ്യാകരണ നിയമങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയവയെല്ലാം ഇന്ന് സാധാരണയായിരിക്കുന്നു. വ്യക്തതയ്ക്കും സൗകര്യത്തിനും വേണ്ടി സ്പെല്ലിംഗ്, വ്യാകരണം എന്നിവ പലപ്പോഴും അയവുള്ളതാകുന്നു.

വാമൊഴി, സാഹിത്യം, ഔപചാരിക വിദ്യാഭ്യാസം എന്നിവയിലൂടെ നൂറ്റാണ്ടുകളായി ഭാഷ സാവധാനത്തിലാണ് വികസിച്ചത്. സാമൂഹിക മാധ്യമങ്ങളുടെ ആവിർഭാവം അത്ഭുതപൂർവ്വമായ രീതിയിൽ ഭാഷാപരിണാമത്തെ ത്വരിതപ്പെടുത്തി. ചുരുക്കെഴുത്തുകൾ, മീമുകൾ എന്നിവ ആശയവിനിമയത്തിൽ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു.

ഭാഷാമിശ്രണം

ആധുനിക ലോകത്തിലെ മനുഷ്യരുടെ ആശയവിനിമയ രീതികളിൽ സാമൂഹികമാധ്യമങ്ങളുടെ സ്വാധീനം കാണാം. പ്രത്യേകിച്ച് യുവതലമുറയുടെ ഭാഷാപ്രയോഗങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ ഇടങ്ങളിൽ ആളുകൾ വേഗത്തിൽ ആശയങ്ങൾ പങ്കുവെക്കുന്നതിനാൽ ചുരുങ്ങിയതും ലളിതവുമായ ഭാഷാപ്രയോഗങ്ങൾ വ്യാപകമാകുന്നു. തൽഫലമായി ഭാഷകൾ തമ്മിലുള്ള അതിരുകൾ ഇല്ലാതാകുന്നു. മലയാളവും ഇംഗ്ലീഷും ചേർന്നുണ്ടാകുന്ന പ്രയോഗങ്ങളും മംഗ്ലീഷ് എന്നറിയപ്പെടുന്ന മലയാളം ഇംഗ്ലീഷിൽ എഴുതുന്ന പ്രവണതയും ഇന്ന് സാധാരണയാണ്.

തന്ത വൈബ്, തള്ള വൈബ്, മോട്ടർ ആക്കുക തുടങ്ങിയ പദങ്ങളെല്ലാം ഭാഷാമിശ്രണത്തിന് ഉദാഹരണങ്ങളാണ്. വൈബ് തുടങ്ങിയ വാക്കുകൾക്ക് തത്തുല്യമായ മലയാളപദങ്ങൾ കണ്ടെത്താൻ കഴിയാത്തത് കൊണ്ടുതന്നെ അവ അതേപടി ഉപയോഗിക്കുന്നു. ഈ പ്രയോഗങ്ങളെ പറയാനും എഴുതാനുമുള്ള അനായാസം ഇവയുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നു. ട്രോളി മുതലായ വാക്കുകളിൽ വ്യാകരണ വ്യവസ്ഥയ്ക്ക് സ്ഥാനമില്ല.

സാമൂഹികമാധ്യമങ്ങളിൽ നിരന്തരം കാണുന്ന പ്രയോഗങ്ങളാണ് share, follow, post, reel, status തുടങ്ങിയ പദങ്ങൾ. ഇവയെല്ലാം ഇന്ന് ഭാഷയുടെ തന്നെ ഭാഗമായിരിക്കുന്നു. LOL,ASAP തുടങ്ങിയ ചുരുക്കെഴുത്ത് രൂപങ്ങളും ആശയവിനിമയത്തിനായി മലയാളികൾ സ്വീകരിച്ചു. ഇത്തരം പ്രയോഗങ്ങൾ ഡിജിറ്റൽ സംസ്കാരത്തിൻറെ സവിശേഷതകളാണ്.

പുതിയ തലമുറ ഉണ്ടാക്കിയെടുത്ത ഇത്തരം സങ്കര വാക്കുകളുടെ ലക്ഷ്യം വ്യാകരണമോ ഭാഷാശുദ്ധിയോ അല്ല, തങ്ങളുടെ ഗ്രൂപ്പുകളിൽ ആശയം അറിയിക്കുക എന്ന് മാത്രമാണ്. പലപ്പോഴും ഈ വാക്കുകൾ ദീർഘകാലം നിലനിൽക്കുന്നില്ല എന്നതും ഇവയുടെ സവിശേഷതയാണ്. ട്രെൻഡ് അവസാനിക്കുമ്പോൾ ഇവയുടെ ഉപയോഗവും കുറയുന്നു.

അർത്ഥപരിണാമം

ഭാഷ നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്നു എന്നത് അതിൻറെ സവിശേഷതകളിൽ ഒന്നാണ്. പൊതുവേ ഭാഷയിൽ സംഭവിക്കുന്ന മാറ്റം മന്ദഗതിയിലാണെങ്കിലും എല്ലായ്പ്പോഴും ഒരേ വേഗത്തിലുള്ളതായിരിക്കണം എന്നില്ല. സാഹചര്യവ്യത്യാസം ഭാഷാപരിണാമത്തിന്റെ വേഗത കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാം. ഡിജിറ്റൽ ലോകത്തിലെ ഭാഷാപരിണാമം വളരെ വേഗത്തിലാണ് സംഭവിക്കുന്നത്.

സാമൂഹികമാധ്യമങ്ങളിൽ പ്രചാരത്തിലുള്ള ഒരു പദമാണ് Goat. ഇത് greatest of all time എന്നതിന്റെ ചുരുക്കരൂപമാണെങ്കിലും, goat എന്ന പദം മാത്രമാണ് പ്രചാരത്തിലായത്. ഇത് ആ പദത്തിൻറെ ‘ആട്’ എന്ന അർത്ഥത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നാണ്. Cap എന്ന വാക്കിൻറെ അർത്ഥം ‘തൊപ്പി’ എന്നാണ്. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ ഈ പദത്തിന് തൊപ്പി എന്നതിൽ നിന്നും വ്യത്യസ്തമായി ‘അസത്യം’ എന്നാണ് അർത്ഥം.

‘ചായ’ എന്ന അർത്ഥമുള്ള tea എന്ന പദത്തിന് സാമൂഹികമാധ്യമങ്ങളിൽ ‘രഹസ്യവിവരങ്ങൾ’ എന്നാണ് അർത്ഥം.spill the tea എന്നതിന് ചായ ഒഴിക്കുക എന്നല്ല അർത്ഥം മറിച്ച് രഹസ്യങ്ങൾ പങ്കുവയ്ക്കുക എന്നാണ്. Ate എന്നതിന്റെ യഥാർത്ഥ അർത്ഥം ‘കഴിച്ചു’ എന്നാണെങ്കിൽ സാമൂഹിക മാധ്യമങ്ങളിലേക്ക് വരുമ്പോൾ അതിന് ‘ഒരു കാര്യം ഏറ്റവും ഭംഗിയായി ചെയ്തു’ എന്നാണ് അർത്ഥം.

ഇതുപോലെതന്നെ സാമൂഹിക മാധ്യമങ്ങളിൽ അർത്ഥപരിണാമം സംഭവിച്ച വാക്കുകളാണ് status,story തുടങ്ങിയവയും. ഇവയുടെ അർത്ഥം യഥാക്രമം ‘ജീവിത നിലവാരം’, ‘കഥ’ എന്നാണെങ്കിൽ സാമൂഹികമാധ്യമങ്ങളിൽ ഇവയ്ക്ക് തികച്ചും വ്യത്യസ്തമായ അർത്ഥങ്ങളാണ് ഉള്ളത്. ഇങ്ങനെ അർത്ഥപരിണാമം സംഭവിക്കുന്നത് ഭാഷ ഓരോ സന്ദർഭത്തിനോടും/മാധ്യമത്തിനോടും ഇണങ്ങുന്നു എന്നതിന്റെ ഉത്തമോദാഹരണങ്ങളാണ്.

ഇമോജികൾ,സ്റ്റിക്കറുകൾ

ഡിജിറ്റൽ കാലഘട്ടത്തിലെ ആശയവിനിമയരീതിയിലെ പ്രധാന ഘടകമാണ് ഇമോജികളും സ്റ്റിക്കറുകളും. വികാരങ്ങളെയും ഭാവങ്ങളെയും എളുപ്പത്തിൽ പ്രകടിപ്പിക്കാൻ ഇവ സഹായിക്കുന്നു. വേഗതയുടെ കാലഘട്ടത്തിൽ ആശയവിനിമയം വേഗത്തിലാക്കുന്നവയാണ് അവ.

സന്തോഷം, ദുഃഖം, കോപം തുടങ്ങിയ വികാരങ്ങളെല്ലാം ചിഹ്നത്തിലൂടെ വെളിപ്പെടുത്താൻ ഇമോജികളിലൂടെ കഴിയുന്നു. ഒരു മുഴുവൻ വാചകത്തിന്റെ അർത്ഥം ഇമോജികൾ പ്രധാനം ചെയ്യുന്നുണ്ട്.👍(Thumbs-up)-ശരി എന്ന വാക്കിന് പകരം ഉപയോഗിക്കുന്നു. പലപ്പോഴും ഒരു വാക്കുകൊണ്ട് പ്രകടിപ്പിക്കാൻ കഴിയാത്ത വികാരഭരിതമായ അവസ്ഥയെ 🥹(eyes filled with tears)-എന്ന ഇമോജി പ്രകടമാക്കുന്നു. ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതെ ആശയം ഉൾക്കൊള്ളാൻ ഇമോജികളിലൂടെ സാധ്യമാകുന്നുണ്ട്.

ഡിജിറ്റൽ ആശയവിനിമയത്തിൽ ഇമോജികൾ വളരെ പ്രസക്തങ്ങളാണ്.ഇവയെ ടെക്സ്റ്റിന് പുറത്തുള്ള ഒന്നായല്ല,ആശ്ചര്യം,ചോദ്യം തുടങ്ങിയവ കുറിക്കാൻ ഉപയോഗിക്കുന്ന ചിഹ്നങ്ങൾ പോലെയോ,അക്ഷരം പോലെയോ ആവശ്യം വേണ്ട ഒന്നായാണ്,ടെക്സ്റ്റിങ്ങിന്റെ തന്നെ ഭാഗമായാണ് ഉപയോക്താക്കൾ പരിഗണിക്കുന്നത്.വികാരങ്ങളുടെ കൃത്യമായ പ്രകടനം ഇമോജികളിലൂടെ സാധ്യമാകുന്നു. മെസ്സേജുകളിലൂടെ സംസാരിക്കുമ്പോൾ വക്താവ് ഉദ്ദേശിക്കുന്ന യഥാർത്ഥ അർത്ഥം മറ്റുള്ളവർക്ക് ലഭിക്കണമെന്നില്ല. തമാശയ്ക്ക് പറയുന്ന ഒരു കാര്യം ചിലപ്പോൾ ഗൗരവമായി എടുത്തേക്കാം. അവിടെ ഒരു ചിരിക്കുന്ന ഇമോജി (😂) കൂടി ഉപയോഗിച്ചാൽ അർത്ഥം വ്യക്തമാകും. വാക്കുകൾ കൊണ്ട് നൽകാൻ കഴിയാത്ത ഭാവം ഇമോജികൾ,സ്റ്റിക്കർ എന്നിവ കൊണ്ട് നൽകാൻ കഴിയുന്നു.ആശയവിനിമയത്തിൽ ദൃശ്യപ്രതിനിധാനങ്ങളുടെ ഉപയോഗം വളർന്നിരിക്കുന്നു എന്ന് ഇത് തെളിയിക്കുന്നു.

സൂക്ഷ്മപ്രയോഗങ്ങൾ

കാലം മാറുന്നതിനനുസരിച്ച് ബന്ധങ്ങൾക്ക് പുതിയ നിർവചനങ്ങൾ രൂപപ്പെടുന്നു. സാങ്കേതികവിദ്യയുടെ വളർച്ച,സാമൂഹികമാധ്യമങ്ങളുടെ വ്യാപനം,ആഗോളവൽക്കരണം, വ്യക്തിസ്വാതന്ത്ര്യത്തെകുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ എന്നിവ പ്രണയബന്ധങ്ങളുടെ സ്വഭാവത്തെ സ്വാധീനിക്കുനുണ്ട്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയുമാണ് ഇന്ന് പലപ്പോഴും ബന്ധങ്ങൾ രൂപപ്പെടുന്നതും വികസിക്കുന്നതുമെല്ലാം.

 സുഹൃത്ത് എന്ന അർത്ഥത്തിൽ ഹോമി,ബെസ്റ്റി, bf, bff തുടങ്ങിയ പല പ്രയോഗങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചാരത്തിലുണ്ട്.  എന്നാൽ ഈ പ്രയോഗങ്ങൾക്ക് അടിസ്ഥാനപരമായി ചില വ്യത്യാസങ്ങൾ ഉണ്ട്. സുഹൃത്തുക്കൾ എല്ലാവരെയും ഹോമിയെന്നും ബെസ്റ്റി എന്നും വിളിക്കുകയില്ല. വ്യക്തികൾ തമ്മിലുള്ള അടുപ്പത്തെ ആധാരമാക്കിയാണ് ഇവ ഉപയോഗിക്കപ്പെടുന്നത്.

 ഇന്ന് പ്രണയം എന്ന ഒരു വികാരത്തിൽ തന്നെ പല അവസ്ഥാഭേദങ്ങൾ ഉണ്ട്. സിറ്റുവേഷൻഷിപ്പ്, ബെഞ്ചിംഗ്, പോക്കറ്റിങ് തുടങ്ങിയ പ്രയോഗങ്ങളെല്ലാം ആധുനിക കാലത്തിലെ പ്രണയത്തിലെ വ്യത്യസ്ത തലങ്ങളാണ്. ഇത് കേവലം ട്രെൻഡുകൾ മാത്രമല്ല, മറിച്ച് ഒരു തലമുറയുടെ ചിന്തകളെയും വികാരങ്ങളെയും നർമ്മബോധത്തെയും പ്രതിഫലിപ്പിക്കുന്നവയാണ്. ഓർബിറ്റിംഗ്, ബ്രഡ്ക്രമ്പിങ് തുടങ്ങിയ പദങ്ങളിലൂടെ ഒരു തലമുറയുടെ മാനസികവ്യാപാരം വെളിവാക്കപ്പെടുന്നു. സ്ഥിരമായ ബന്ധങ്ങൾ നൽകുന്ന സമ്മർദ്ദങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ അവർ ശ്രമിക്കുന്നു. യുവതലമുറ ബന്ധങ്ങളെ കൂടുതൽ പ്രായോഗികമായും യാഥാർത്ഥ്യബോധത്തോടെയും സമീപിക്കുന്നു എന്നതിന്റെ തെളിവാണിത്. ആധുനികകാലത്തിലെ ബന്ധങ്ങളുടെ സങ്കീർണതകളെ വെളിപ്പെടുത്താൻ ഈ വാക്കുകൾ സഹായിക്കുന്നു. ‘സിറ്റുവേഷൻഷിപ്പ്’ എന്ന അവസ്ഥ അവർക്ക് ഉത്തരവാദിത്വത്തോടുള്ള ഭയം, വ്യക്തിസ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നുള്ള ആശങ്ക എന്നിവയെയാണ് സൂചിപ്പിക്കുന്നത്. ‘ഗോസ്റ്റിംഗ്’ ആകട്ടെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള മനോഭാവവും വികാരങ്ങളെ തുറന്നു പറയാനുള്ള വിമുഖതയുമാണ് പ്രകടിപ്പിക്കുന്നത്. ഇവയെല്ലാം യുവതലമുറയുടെ മാനസികവ്യാപാരങ്ങളുടെ ഉദാഹരണങ്ങളാണ്.

ഈ പ്രയോഗങ്ങളുടെ നിരുക്തിയിലും യുവതലമുറയുടെ സൂക്ഷ്മസ്വഭാവം ദർശിക്കാം. ഗോസ്റ്റിംഗ് എന്ന പ്രയോഗം ബന്ധങ്ങളിൽ നിന്ന് അപ്രത്യക്ഷമാകുന്ന അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഭൂതത്തെ പോലെ അപ്രത്യക്ഷമാകുന്ന അവസ്ഥയ്ക്കാണ് ഗോസ്റ്റിംഗ് എന്ന് നാമകരണം ചെയ്തിരിക്കുന്നത്. ഓർബിറ്റിങ് എന്നത് ബന്ധങ്ങളിൽ നിന്നും നേരിട്ടുള്ള ആശയവിനിമയം അവസാനിപ്പിച്ചതിനുശേഷവും ഡിജിറ്റൽ സാന്നിധ്യം നിലനിർത്തുന്നവയാണ്. ഓർബിറ്റ് എന്നത് ഒരു ഗ്രഹമോ ഉപഗ്രഹമോ മറ്റൊരു വസ്തുവിനെ ചുറ്റുന്ന പഥത്തെയാണ് സൂചിപ്പിക്കുന്നത്. ഒരു ഓർബിറ്റിനെ പോലെ നേരിട്ടുള്ള ബന്ധം അവസാനിപ്പിച്ചിട്ടും അയാളുടെ സ്റ്റോറികൾ പോസ്റ്റുകൾ എന്നിവയ്ക്ക് നിരന്തരം ശ്രദ്ധ നൽകുന്ന (ചുറ്റിതിരിയുന്ന)രീതിയാണിത്.

 ഒരു വസ്തുവിനെ പോക്കറ്റിൽ സൂക്ഷിക്കുന്നത് മറ്റുള്ളവരിൽ നിന്നും മറച്ചുവയ്ക്കുന്നതിനാണ്. സാമൂഹിക മാധ്യമങ്ങളിൽ തന്റെ പങ്കാളിയെ എല്ലാവരിൽ നിന്നും ഒളിച്ചുവയ്ക്കുന്ന രീതിയാണ് പോക്കറ്റിങ്. കായികരംഗത്ത്, കളിയിൽ പങ്കെടുക്കാൻ കാത്തിരിക്കുന്ന കളിക്കാരെ ബെഞ്ചിൽ ഇരുത്തുന്നത് പോലെ പ്രണയബന്ധങ്ങളിൽ ഒരാളെ പൂർണമായി ഉപേക്ഷിക്കാതെയും ബന്ധത്തിലേക്ക് പൂർണമായി പ്രവേശിപ്പിക്കാതെയും ഒരു ബെഞ്ചിൽ ഇരുത്തുന്ന രീതിയാണ് ബെഞ്ചിങ്. ഇവയെല്ലാം സാമൂഹിക മാധ്യമങ്ങളിൽ ഉപയോഗിക്കുന്ന പദങ്ങൾ നിരർത്ഥകമല്ല മറിച്ച് അവയ്ക്കൊരു സൂക്ഷ്മതലമുണ്ട് എന്ന് വ്യക്തമാക്കുന്നു.

സമീപനങ്ങളിലെ വ്യത്യാസം

സാമൂഹിക മാധ്യമങ്ങളിലെ അവിഭാജ്യ ഘടകങ്ങളായ ചുരുക്കെഴുത്തുകൾ,സ്റ്റിക്കറുകൾ,ഇമോജികൾ,ക്രിഞ്ച് മുതലായ പദങ്ങൾ എന്നിവയെ വ്യത്യസ്ത രീതിയിലാണ് വിവിധ തലമുറക്കാർ സ്വീകരിക്കുന്നത്. ജെൻസി(1997-2012നും ഇടയ്ക്ക് ജനിച്ചവർ)എന്ന് വിളിക്കപ്പെടുന്ന യുവതലമുറ സാമൂഹികമാധ്യമങ്ങളിൽ നിരന്തരം ഇടപഴകുന്നവരായതിനാൽ ആ ഇടത്തിലെ ഭാഷാപ്രയോഗങ്ങളോട് അവർ ചിരപരിചിതരാണ്. സാങ്കേതികവിദ്യയോടൊപ്പം വളർന്നുവന്ന ഇവർക്ക് സാമൂഹികമാധ്യമങ്ങൾ അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ അവിടെ പ്രത്യക്ഷപ്പെടുന്ന സാംസ്കാരികവും ഭാഷാപരവുമായ മാറ്റങ്ങൾ ഇവരെ സ്വാധീനിക്കുന്നുണ്ട്.Delulu, Rizz, Aura തുടങ്ങിയ പദങ്ങളെല്ലാം അവരുടെ ആശയവിനിമയത്തിന്റെ ഭാഗമായി. വികാരങ്ങൾ പ്രകടിപ്പിക്കാൻ അവർ ദീർഘമായ വാക്യങ്ങൾ ഉപയോഗിക്കുന്നില്ല. അതൊരു ഇമോജി കൊണ്ടോ, സ്റ്റിക്കർ കൊണ്ടോ അവർക്ക് സാധ്യമാകുന്നു. അവരുടെ ലക്ഷ്യം ചുരുങ്ങിയ സമയത്തിൽ ആശയങ്ങൾ അതിവേഗം കൈമാറണം എന്നത് മാത്രമാണ്.

മില്ലേനിയൽസ്(1981-1996നും ഇടയ്ക്ക് ജനിച്ചവർ)എന്ന് വിളിക്കപ്പെടുന്ന വിഭാഗക്കാർ യുവതലമുറയുടെ ഇത്തരം ഭാഷാപ്രയോഗങ്ങളെ കുറിച്ച് ബോധവാന്മാരാണെങ്കിലും അവയുടെ  അർത്ഥതലങ്ങളിലും ഉപയോഗസാധ്യതകളിലും അവർ ജെൻസികളെപ്പോലെ നിപുണരല്ല. യുവാക്കളെ അനുകരിച്ച് ഒരു വിഭാഗം ആളുകൾ Pookie, slay തുടങ്ങിയ വാക്കുകൾ സ്വായത്തമാക്കാൻ ശ്രമിക്കുന്നുണ്ട്. ജെൻസികൾ ഉപയോഗിക്കുന്ന അതേ അർത്ഥത്തിൽ ആയിരിക്കുകയില്ല മില്ലേനിയൽസ് അവയെ മനസ്സിലാക്കുക. തന്ത വൈബ്, തള്ള വൈബ് തുടങ്ങിയ പദങ്ങൾ കേൾക്കുമ്പോൾ തങ്ങളെ പരിഹസിക്കുകയാണോ എന്നവർ ശങ്കിക്കുന്നു.

ജനറേഷൻ എക്സ് എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന പഴയ തലമുറക്കാർ ഗോസ്റ്റിംഗ്,ഹോമി തുടങ്ങിയ പ്രയോഗങ്ങളെ കുറിച്ച് ബോധവാന്മാരല്ല. ഭംഗിയുള്ളതിനെ പൂക്കി എന്നും സമ്മതം എന്ന അർത്ഥത്തിൽ ബെറ്റെന്നും ആഡംബരം എന്നതിന് ബൗജി എന്നും പോസിറ്റീവ് എന്ന അർത്ഥത്തിൽ ഗ്ലോ ആപ്പ് നല്ലതിനെ ഗൂച്ചി എന്നും പറയുന്നത് കേട്ടാൽ ഇവർക്ക് മനസ്സിലാകണം എന്നില്ല. കാമുകനും/കാമുകിക്കും, സുഹൃത്തിനും ഇടയിൽ രൂപംകൊണ്ട ബെസ്റ്റിയെ കുറിച്ച് ഇവർക്ക് ധാരണയില്ല.

സാമൂഹിക മാധ്യമങ്ങളിലെ ഇത്തരം പ്രയോഗങ്ങളെ എല്ലാവരും ഒരേ രീതിയിലല്ല സ്വീകരിക്കുന്നത്. ഒരു തലമുറയിൽ ജനിച്ചവർക്കിടയിൽ പോലും ഈ പ്രയോഗങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ പ്രകടമാണ്. വ്യക്തികളുടെ സാമൂഹിക-സാംസ്കാരിക പശ്ചാത്തലം, സാമൂഹിക മാധ്യമങ്ങളുമായുള്ള സമ്പർക്കം എന്നിവയുടെ പശ്ചാത്തലത്തിലാണ് ഈ പ്രയോഗങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട് ഉണ്ടാകുന്നത്.

തെറിവാക്കുകൾ

സാമൂഹികമോ സാംസ്കാരികമോ ആയ കാരണങ്ങളാൽ ഉപയോഗിക്കാൻ പാടില്ലാത്തതോ ഒഴിവാക്കപ്പെടുന്നതോ ആയ പ്രയോഗങ്ങളെയാണ് വിലക്കു ഭാഷ (taboo) എന്നു പറയുന്നത്. ലൈംഗികത,ശരീരാവയവങ്ങൾ, ജാതി തുടങ്ങിയവയുമായി ബന്ധപ്പെട്ട വാക്കുകളാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. ഇവയെ പരോക്ഷമായാണ് സാധാരണഗതിയിൽ ഉപയോഗിച്ചു വരുന്നത്. സാമൂഹികമാധ്യമങ്ങളുടെ വ്യാപനത്തോടെ ഈ രീതിക്ക് മാറ്റം വന്നു. പൊതുസമൂഹത്തിൽ വിലക്കപ്പെട്ടിട്ടുള്ള പല പദങ്ങളും കൂടുതൽ സ്വതന്ത്ര്യമായും വ്യാപകമായും സാമൂഹികമാധ്യമങ്ങളിൽ ഉപയോഗിക്കപ്പെടുന്നു. ഇന്ന് സുഹൃത്തുക്കൾക്കിടയിൽ അടുപ്പം നിർണയിക്കുന്നത് പോലും തെറിവാക്കുകളുടെ ഉപയോഗമാണ്.

വ്യക്തികളെ വിമർശിക്കാനും പരിഹസിക്കാനും കോപം പ്രകടിപ്പിക്കാനും ട്രോളുകൾ സൃഷ്ടിക്കാനും എല്ലാം ഇന്ന് വ്യാപകമായി ഇത്തരം വാക്കുകളാണ് ഉപയോഗിക്കുന്നത്. സാമൂഹികമാധ്യമങ്ങളിൽ ട്രെൻഡ് ആയി വരുന്ന ഡയലോഗുകൾ പോലും തെറികൾ ആകുമ്പോൾ എല്ലാവരും അതിനെ അനുകരിക്കുന്നു.തങ്ങളുടെ ഇഷ്ട ഇൻഫ്ലുവൻസർമാർ പോലും ഇവ ഉപയോഗിക്കുമ്പോൾ അത് ഉപയോക്താക്കൾക്ക് കൂടുതൽ സ്വീകാര്യമാകുകയും അതിനെ ഉൾക്കൊള്ളുകയും മഹത്വവൽക്കരിക്കുകയും ചെയ്യുന്നു. അങ്ങനെ ഒരുകാലത്തിൽ മാറ്റിനിർത്തപ്പെട്ട തെറിവാക്കുകൾ ഇന്ന് സാമാന്യവൽക്കരിക്കപ്പെട്ടിരിക്കുന്നു.ഇവ സമൂഹത്തെ പ്രതികൂലമായി ബാധിക്കാനിടയുള്ളതിനാൽ ഉപയോക്താക്കളുടെ കരുതൽ പ്രധാനമാണ്.

     

               വ്യക്തികളുടെ സ്വതന്ത്രമായ ആശയപ്രകാശനത്തിന്റെ ഇടങ്ങൾ എന്ന നിലയിൽ സാമൂഹികമാധ്യമങ്ങൾ മനുഷ്യസംസ്കാരത്തിന്റെ വളർച്ചയിൽ ഏറ്റവും വലിയ ചുവടാണ്.ആശയവിനിമയത്തിന്റെ പ്രധാന കേന്ദ്രമായി സാമൂഹിക മാധ്യമങ്ങൾ മാറിയപ്പോൾ അവിടെ രൂപം കൊള്ളുന്ന പുതിയ ഭാഷാപ്രയോഗങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമായി.സാമൂഹികമാധ്യമങ്ങളിലെ ഈ പുത്തൻ ഭാഷാരീതി ഭാഷാപരിണാമത്തിലെ പുതിയ ഘട്ടത്തെയാണ് സൂചിപ്പിക്കുന്നത് എന്നു പറയാം.ഭാഷയുടെ രൂപം,അർത്ഥം എന്നിവയിലെല്ലാം ഉണ്ടായ മാറ്റങ്ങൾ ഭാഷയുടെ നവീകരണശേഷിയെയാണ് പ്രദർശിപ്പിക്കുന്നത്.ഇതിനെ ഭാഷയുടെ മരണമായി കണ്ട് ശങ്കിക്കാതെ ഭാഷയിൽ സംഭവിക്കുന്ന സ്വാഭാവിക പ്രക്രിയ എന്ന നിലയിലോ പരീക്ഷണം എന്ന നിലയിലോ സമീപിക്കേണ്ട ഒന്നാണ് ഈ മാറ്റങ്ങൾ എന്ന് പറയാം.ഒരു തലമുറയുടെ ആശയവിനിമയരീതി എന്നതിനപ്പുറം അവരുടെ സാമൂഹിക സാംസ്കാരിക മാനസികാവസ്ഥകളെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

 

ഗ്രന്ഥസൂചി

1)കൃഷ്ണകുമാർ എം.കെ,വൈ 2കെ മുതൽ ജെൻസി വരെ,മാതൃഭൂമി ബുക്സ്, കോഴിക്കോട്,2026

2)ഡോ.ദിവാകരൻ ആർ.വി.എം,ഭാഷയുടെ ജനാധിപത്യം,സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജസ്,തിരുവനന്തപുരം,2024

3)Crystal David,txtng the gr8 db8, Oxford Univrsity press, oxford,2009

4)McCulloch Gretchen,Because internet understanding how language is changing ,penguin random house,UK,2019

5)ഇന്റർനെറ്റ് ഉറവിടം

യുവന ജെ.

0 0 votes
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x